ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന സുദർശന ടീച്ചർ .
ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജയ്സോമനാഥൻ വി.കെ സുദർശനഭായി ടീച്ചറെ അനുസ്മരിക്കുന്നു.
സുദർശന ടീച്ചർ നമ്മെ വിട്ടുപോയെന്ന ത് വിശ്വസിക്കാനാവുന്നില്ല, മരണം എപ്പോൾ ആരെ തേടി എത്തും എന്നത് പയാനാവില്ലല്ലോ അല്ലേ…..?
ടീച്ചറും , രാധാകൃഷ്ണൻ മാഷുമായി പതിറ്റാണ്ടുകൾ ആയുള്ള ബന്ധമാണ്.
കൽപ്പകഞ്ചേരി GVHSS ൽ ആയിരുന്നു രണ്ടു പേരും കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സജീവ പ്രവർത്തകർ .
പത്തനംതിട്ടയിലാണെന്ന് തോന്നുന്നു , പതിറ്റാണ്ടുകൾക്ക് മുമ്പാണ് .
പരിഷത്ത് സംസ്ഥാന സമ്മേളനം കഴിഞ്ഞ് പുലർച്ചെ 2.30 നാന് ടീച്ചറും ഞാനും പുത്തനത്താണിയിൽ ബസിറങ്ങുന്നത്. ഞാൻ പൊയ്ക്കോളാം എന്ന് പറഞ്ഞെങ്കിലും ഞാനും കടുങ്ങാത്ത് കുണ്ട് സ്കൂളിനടുത്തുള്ള വാടക വീട് വരെ ടീച്ചർക്ക് ഒപ്പം പോയി , മക്കൾ ഉറങ്ങാതെ (ആ സമയത്തും) അമ്മയെപ്പോൾ വരും എന്ന് പറഞ്ഞ് അഛനോട് ശാഠ്യം പിടിക്കുന്നത് കേട്ടാണ് ഞങ്ങൾ അവിടെ ചെല്ലുന്നത് . മാഷ് ” അമ്മ ഇപ്പോ വരും ” എന്ന് പറഞ്ഞ് മക്കളെ സമാധാനിപ്പിക്കുന്നുണ്ട് …. .
ടീച്ചർ എന്നെ നോക്കി ചിരിച്ചു .
ഞാനതേ വാഹനത്തിൽ എൻ്റ ഗ്രാമത്തിലേക്ക് പോയി .
പരിഷത്ത് പ്രവർത്തകരുടെ വീടുകളുമായി ഉറ്റ ബന്ധം പുലർത്തിയിരുന്നു. എപ്പോഴും സ്നേഹോഷ്മളമായ പെരുമാറ്റം .
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്നു,
ടീച്ചർ ജില്ലാ .സെക്രട്ടറിയും എം എസ് മോഹനൻ മാഷ് പ്രസിഡൻ്റും ആയിരുന്ന കാലത്താണ് മലപ്പുറം ജില്ലയിൽ പരിഷത്തിന് സ്വന്തമായി കെട്ടിടം ഉണ്ടാക്കുന്നത് 3 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിഷത്ത് ഭവൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴും
ടീച്ചർ ഏറെ സന്തോഷിച്ചു.
സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയി പ്രവർത്തിച്ചിട്ടുണ്ട്.
സാക്ഷരതാ പ്രവർത്തനങ്ങളിലും , ജനകീയാസൂത്രണത്തിലുമൊക്കെ വളരെ സജീവമായിരുന്നു
റിട്ടയർ ആയപ്പോൾ ആലപ്പുഴയിലേക്ക് പോയെങ്കിലും ഇടക്ക് ബന്ധപ്പെടുമായിരുന്നു. പരിഷത്തിൻ്റെ ജില്ലാ ഗ്രൂപ്പിൽ ഉള്ളതിനാൽ പ്രത്യേകമായി നടക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കും .
മലപ്പുറം ജില്ലയുമായി ഇവിടുത്തെ പരിഷത്ത് സംഘടനയുമായും പ്രവർത്തകരുമായും അവർക്കുള്ള ഹൃദയബന്ധം അത്ര വലുതായിരുന്നു .
2020 മുതൽ മാരാരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ആയി പ്രവർത്തിച്ചു വരികയായിരുന്നു.
1994 ആയപ്പോഴേക്കും ഞാൻ ഭാരത് ജ്ഞാന വിജ്ഞാന സമിതി പ്രവർത്തനങ്ങൾക്കായി ഡൽഹിയിൽ എത്തിയിരുന്നു.1995 ൽ ജയ് പൂരിൽ നടന്ന ഒരു അഖിലേന്ത്യാ സമ്മേളനത്തിൽ സുദർശന ടീച്ചർ ,
കെ രമടീച്ചർ എന്നിവർക്കൊപ്പം പങ്കെടുത്തത് ഓർക്കുന്നു.
ഉത്തർ പ്രദേശിൽ നിന്നുള്ള കരുണാ ജി യും ഉണ്ടായിരുന്നു . സമ്മേളനം കഴിഞ്ഞ് ഞങ്ങൾ ജയ്പൂർ ചുറ്റിക്കണ്ടു .
സമത്വസുന്ദരമായ പുതിയൊരു ലോകം സ്വപ്നം കണ്ട് അത് യാഥാർത്ഥ്യമാക്കാൻ ജീവിതകാലം മുഴുവൻ വിശ്രമമില്ലാതെ പ്രവർത്തിച്ച ടീച്ചറെ സ്നേഹാദരപൂർവ്വം ഓർക്കുന്നു , കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു .
ടീച്ചറുടെ പ്രവർത്തനം മാതൃകയാണ് , അസംഖ്യം പുതിയ കരങ്ങൾ ഈ പന്തം ഏറ്റുവാങ്ങി മുന്നേറും, തീർച്ച.