കല- സംസ്കാരം ഉപസമിതിയുടെ ഓൺലൈൻ പുസ്തകപരിചയവും സംവാദങ്ങളും ശ്രദ്ധേയമാകുന്നു
തൃശൂർ: കല- സംസ്കാരം ജില്ലാ ഉപസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓൺലൈൻ പുസ്തക പരിചയവും സംവാദങ്ങളും ശ്രദ്ധേയമാകുന്നു. തൃശ്ശൂർ ജില്ലാ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് (KSSP Thrissur ) എല്ലാ ഞായറാഴ്ചകളിലും രാത്രി 7.30 ന് പരിപാടി സംഘടിപ്പിക്കുന്നത്. പുസ്തക പരിചയവും സംവാദവും വിഷയ വൈവിധ്യം, കാലിക പ്രസക്തി എന്നിവയാൽ സാംസ്കാരിക മണ്ഡലത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.
പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ രചിച്ച ‘നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം ‘ എന്ന പുസ്തകം ജില്ലാ കമ്മിറ്റി അംഗം ഒ എ സതീശ് പരിചയപ്പെടുത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സതീശിന്റെ അവതരണം ശ്രദ്ധേയമായി.
ക്രിസ്റ്റഫർ കോഡ് വെൽ രചിച്ച ‘ഭൗതികത്തിലെ പ്രതിസന്ധി ‘ എന്ന വിഖ്യാതഗ്രന്ഥം പ്രൊഫ. വി വി ജയകുമാർ ഡിസംബർ 12ന് അവതരിപ്പിച്ചു. സാഹിത്യ – സിനിമാ നിരൂപകനും ശാസ്ത്രസാഹിത്യകാരനും പാലക്കാട് ഗവ. വിക്റ്റോറിയ കോളേജിലെ ഭൗതിക ശാസ്ത്ര വിഭാഗം മുൻ മേധാവിയുമായ പ്രൊഫ വി വിജയകുമാറിന്റെ പുസ്തക പരിചയം മികച്ച നിലവാരം പുലർത്തി. ഡോ. കെ ഗോപിനാഥൻ ലളിതഭാഷയിൽ അർത്ഥഗരിമ ചേർന്നു പോകാതെ രചിച്ച പ്രസ്തുത വിവർത്തന ഗ്രന്ഥത്തിന്റെ മേന്മയും സാമൂഹിക പ്രസക്തിയും പ്രൊഫ. വിജയകുമാർ തന്റെ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
‘അറിവ് എന്ന മൂലധനം ‘ എന്ന വിഷയത്തെ അധികരിച്ച്, ഡിസംബർ 13ന് യുറീക്കയുടെ ദീർഘകാലത്തെ എഡിറ്ററും ശാസ്ത്രപ്രചാരകനും 150 ഓളം ശാസ്ത്രഗ്രന്ഥങ്ങളുടെ കർത്താവും അധ്യാപകനും പ്രഭാഷകനുമായ പ്രൊഫ. എസ് ശിവദാസ് പ്രഭാഷണം നടത്തി.
വർഗീയ ഫാസിസത്തിന്റെയും ഭരണഘടനാമൂല്യ ധ്വംസനത്തിന്റെയും പശ്ചാത്തലത്തിലാണ് ‘കെ ജി ശങ്കരപ്പിള്ളയുടെ കവിത ‘ എന്ന പുസ്തകം ഡിസംബർ 20ന് മതിലകം മേഖലാ കമ്മിറ്റി അംഗമായ സജിത അവതരിപ്പിച്ചത്.
ഡിസംബർ 19 ന് മുൻ സംസ്ഥാന പ്രസിണ്ടും ജനറൽ സെക്രട്ടറിയുമായ കെ ടി രാധാകൃഷ്ണൻ 1987 ലെ അഖിലേന്ത്യാ ബാലോത്സവത്തിന്റെ ഓർമ്മകൾ പങ്കുവെച്ചു. തൃശൂർ ശ്രീകേരളവർമ്മ കോളേജിൽ വെച്ച് 33 വർഷം മുമ്പ് പരിഷത്ത് സംസ്ഥാന കമ്മിറ്റി നടത്തിയതാണ് അഖിലേന്ത്യ ബാലോത്സവം. ‘ദേശീയോദ്ഗ്രഥനത്തിനും സത്യാനേഷണത്തിനും എത്തിയ കൂട്ടുകാർ’ എന്നതായിരുന്നു പരിപാടിയുടെ പേര്. സംവാദത്തിന്റെ സംഘാടനത്തിൽ ബാലവേദി ജില്ലാ ഉപസമിതിയും സഹകരിച്ചു. മൺമറഞ്ഞുപോയ ഒരു കൂട്ടം പരിഷത് പ്രവർ ത്തകരെക്കുറിച്ചുള്ള അനുസ്മരണം കൂടിയായി കെ ടി ആറിന്റെ ഓർമകളുടെ അവതരണം.
ജില്ലാകമ്മിറ്റി അംഗം ഈ ഡി ഡേവീസ് കൺവീനറും പ്രൊഫ. എം ഹരിദാസ് ചെയർമാനുമായ ഉപസമിതിയാണ് സംവാദങ്ങളുടെ സംഘാടനത്തിന് നേതൃത്വം നൽകുന്നത്.