കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം മഴവെള്ള റീചാർജിങ്ങ്
തൃശ്ശൂർ: കുടിവെള്ള ക്ഷാമത്തിനും ജലാശയങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിനും ശാശ്വതപരിഹാരം മഴവെള്ളം റീചാർജ് ചെയ്യുന്നതാണെന്ന് തൃശ്ശൂർ ജില്ല പരിസര വിഷയസമിതി സംഘടിപ്പിച്ച ‘കാലാവസ്ഥാവ്യതിയാനം – മഴ – കേരളം – കുടിവെള്ളം’ എന്ന സെമിനാർ നിർദേശിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ, ജനുവരിയാകുമ്പോഴക്കും കുടിവെള്ളത്തിന് വേണ്ടി അലയേണ്ടി വരുന്നത് ജനങ്ങളുടെ കരുതലില്ലായ്മയും ഉദാസീനതയും അറിവില്ലായ്മയും കൊണ്ടാണ്.
വീടുകളുടെ മേൽക്കൂരയിൽ വീഴുന്ന മൊത്തം മഴവെള്ളം, ആ വീട്ടിൽ താമസിക്കുന്നവർക്ക് ഒരു വർഷം വിവിധ ആവശ്യങ്ങൾക്ക് വേണ്ടി വരുന്നതിനേക്കാൾ കൂടുതലാണ്! ഈ വെള്ളം മുഴുവൻ റോഡിലേക്കും തോട്ടിലേക്കും ഒഴുക്കിക്കളയുകയാണ്.
മണ്ണിൽ വീഴുന്ന മഴവെള്ളം മുഴുവൻ ജലാശയങ്ങളിലേക്ക് തിരിച്ചെത്തുമെന്നത് ചിലരുടെ തെറ്റായ ധാരണയാണ്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷത കാരണം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്ത്തുവെള്ളത്തിന്റെ ഭൂരിഭാഗവും കടലിൽ എത്തിച്ചേരും.
ശുദ്ധജലവും ഉപ്പുവെള്ളവും തമ്മിൽ സാന്ദ്രതാവ്യത്യാസമുണ്ട്. അതിനാൽ ഭൂഗർഭ ജലനിരപ്പ് താഴുന്നതോടെ ഉപ്പുവെള്ളം കിണറുകളിലേയ്ക്ക് ഇരച്ചുകയറാൻ തുടങ്ങും. ഇതിന് പരിഹാരം മഴവെള്ളം പരമാവധി കിണറുകളിൽ എത്തിക്കുക എന്നതാണ്.
മഴക്കുഴികളേക്കാൾ ജലസംഭരണത്തിന് ഫലപ്രദം കിണറുകളിൽ മഴവെള്ളം റീചാർജ് ചെയ്യുന്നതാണ്. മഴക്കുഴികൾ തുറന്നിടുന്നത് അപകടകരവും ബാഷ്പീകരണം വഴി ജലനഷ്ടത്തിന് കാരണമാകുന്നതുമാണ്. മഴക്കുഴികളിൽ ചകിരി മലർത്തിയിട്ട് നിറയ്ക്കുന്നത് (പുതയിടൽ ) ഇതിനൊരു പരിഹാരമാണ്.
യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ യഥേഷ്ടം വ്യാപകമായി കുഴൽകിണർ നിർമ്മാണത്തിന് അനുമതി നൽകുന്നത് ഭൂമിയിൽ ജലനിരപ്പ് താഴാൻ കാരണമാകും.
പ്രകൃതിയിലുള്ള മനുഷ്യന്റെ അനാവശ്യ ഇടപെടലാണ് ആഗോള താപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും കുടിവെള്ള ക്ഷാമത്തിനും വഴിവെക്കുന്നത്. പരിസ്ഥിതി സംരക്ഷണം സ്ക്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്നും സെമിനാറിൽ ആവശ്യമുയർന്നു. കേരളത്തിന് ലഭിക്കുന്ന മഴയുടെ അഞ്ചിലൊന്ന് പോലും ലഭിക്കാത്ത രാജസ്ഥാനിൽ രാജേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ ഒരു പുഴയെ പുനരുജ്ജീവിപ്പിച്ച സംഭവം നദികൾ ഇല്ലാതായികൊണ്ടിരിക്കുന്ന കേരളത്തിന് പാoമാകേണ്ടതുണ്ടെന്ന് സെമിനാർ ഓർമിപ്പിച്ചു.
ഫോറസ്ട്രി കോളേജ് ഡീൻ ഡോ.കെ.വിദ്യാസാഗർ മോഡറേറ്ററായിരുന്നു. ഭൗമശാസ്ത്രജ്ഞനായ ഡോ.വി.കെ.ബ്രിജേഷ്, കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ.എം.ജി.മനോജ് എന്നിവർ വിഷvയാവതരണം നടത്തി. കെ.കെ.അനീഷ് കുമാർ, വി.ഡി.നിയാഷ്, പി.ടി.അജയകുമാർ, വി.ഡി.മനോജ്, പരിസര വിഷയസമിതി ജില്ലാ wകൺവീനർ ടി.വി.വിശ്വംഭരൻ, പരിഷത്ത് സംസ്ഥാന സെക്രട്ടറി വി.മനോജ് കുമാvർ, ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ എന്നിവർ സംസാരിച്ചു. എം.എം.വാസുദേവൻ ജലസമാധി എന്ന കവിത ആലപിച്ചു.