കുട്ടികളോട് നീതി പുലർത്തുന്ന വിദ്യാഭ്യാസ ഘടന വേണം – ഡോ.സി.രാമകൃഷ്ണൻ
കോട്ടയം: കുട്ടികളോട് നീതി പുലർത്തുന്ന വിദ്യാഭ്യാസ ഘടന വേണമെന്നും അതിൽ അദ്ധ്യാപകരുടെ പ്രൊഫഷണലിസത്തിന് വലിയ പ്രാധാന്യമുണ്ടെന്നും എം.എ.ഖാദർ കമ്മറ്റി അംഗമായ ഡോ. സി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച ഖാദർ കമ്മറ്റി റിപ്പോർട്ട് ഒരു വിശകലനം എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു വിദ്യാഭ്യാസ പദ്ധതിയെയും ആത്യന്തികമായി വിലയിരുത്തേണ്ടത് ഗുണഭോക്താവിന്റെ പക്ഷത്തുനിന്നു കൊണ്ടായിരിക്കണം. പ്രീസ്‌കൂൾ ഘട്ടം മുതൽ ഹയർസെക്കന്ററി ഘട്ടം വരെയുള്ള വിദ്യാഭ്യാസത്തെ സമഗ്രമായി നോക്കി കാണുകയാണ് ഖാദർ കമ്മറ്റി റിപ്പോർട്ടിൽ ചെയ്യുന്നത്. പ്രീസ്‌കൂൾ വിദ്യാഭ്യാസം കൂടുതൽ ചിട്ടപ്പെടുത്താൻ നിയമനിർമാണം തന്നെ വേണ്ടിവരും. അധ്യാപകരുടെ യോഗ്യത ഉയർത്താനുള്ള ശുപാർശ ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഹയർ സെക്കന്ററി വിഭാഗം വേറിട്ടു നിൽക്കുന്ന അവസ്ഥമാറ്റി ഒരു കാമ്പസിൽ ഒരു ഭരണ സംവിധാനം എന്ന നിലയിൽ ഏകീകരിക്കുന്നത് ദേശീയതലത്തിൽ മുമ്പുതന്നെ നടപ്പാക്കിയിട്ടുള്ള കാര്യമാണ്. വിദ്യാലയ സംവിധാനങ്ങളെ ഏകീകരിച്ച് ലാബ്, ലൈബ്രറി സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കഴിയും. കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി സാബു മാത്യു, കെ.എസ്.ടി.എ ജില്ലാ ട്രഷറർ കെ. പ്രസാദ്, ഗവ. ടി.ടി.ഐ. പ്രിൻസിപ്പൽ ടോണി ആന്റണി, ഡോ. ബിനോയ് സ്കറിയ എന്നിവർ സംസാരിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ. എ. രാജൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ. എസ്.എം. പ്രമീള സ്വാഗതവും വിദ്യാഭ്യാസ സമിതി കൺവീനർ പി.പ്രകാശൻ നന്ദിയും പറഞ്ഞു.