കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പി.എസ്.സി പരീക്ഷ മലയാളത്തിലാകണം

0
ഭാഷാ അവകാശത്തിനായി കൊടുങ്ങല്ലൂരിൽ നടന്ന ഐക്യദാർഢ്യ സമര സദസ്സ്

കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രം നടത്താനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറെടുക്കുന്നതെന്നു മനസ്സിലാക്കുന്നു. സർക്കാർ നിയമനങ്ങൾക്കായുള്ള എഴുത്തു പരീക്ഷകളിൽ മലയാളത്തെ അവഗണിക്കുന്ന സമീപനം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്വീകരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. അങ്ങേയറ്റം പ്രതിഷേധാർഹമായ ഈ സമീപനം തിരുത്തുന്നതിനുള്ള നടപടികൾ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
ഐ.എ.എസ്. ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളിലും എഴുതാമെന്നിരിക്കേ കേരളത്തിലെ ഭരണനിർവഹണ മേഖലകളിലെ അതിന്റെ തൊട്ടുതാഴെ വരുന്ന തസ്തികകളിലേക്ക് ഇംഗ്ലീഷില്‍ തന്നെ പരീക്ഷ എഴുതണമെന്നതിന്റെ യുക്തി എന്താണെന്നു മനസ്സിലാവുന്നില്ല. ഭരണ നിർവഹണവുമായി ബന്ധപ്പെട്ട തസ്തികകളിൽ ഇംഗ്ലീഷ് പരിജ്ഞാനം അളക്കേണ്ടതുണ്ടെങ്കിൽ അതിന് അത്തരം ചോദ്യങ്ങളുൾപ്പെട്ട ഒരു ഭാഗം പരീക്ഷയിൽ ഉൾപ്പെടുത്തിയാൽ മതിയാകും.
ഭരണഭാഷ മലയാളമാക്കാനുള്ള തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ കാണിക്കുമ്പോഴും കേരള പി.എസ്.സിക്ക് അതു സ്വീകാര്യമല്ലായെന്നത് ഖേദകരമാണ്. വിദ്യാഭ്യാസത്തിലും ഭരണനിർവഹണത്തിലും മാതൃഭാഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന സമൂഹങ്ങളാണ് വിദ്യാഭ്യാസ – സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്‍നിരയില്‍ എന്നത് ശ്രദ്ധേയമാണ്. ഭരണം സുതാര്യവും ജനങ്ങൾക്കു കൂടുതൽ പ്രയോജനപ്രദവുമാകുന്നതിന് ഭരണ നിർവഹണം ജനങ്ങളുടെ ഭാഷയിലാവണമെന്നത് കേരള സർക്കാർ നിയോഗിച്ചിട്ടുള്ള എല്ലാ ഭരണപരിഷ്കാരക്കമ്മീഷനുകളും ഒരേ സ്വരത്തിൽ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശമാണ്. ബിരുദതലംവരെ മാതൃഭാഷയിൽ പഠിക്കാനും പരീക്ഷ എഴുതാനുമുള്ള അവസരം കേരളത്തിലുണ്ട്. ബിരുദം അടിസ്ഥാന യോഗ്യതയായ ഉദ്യോഗ നിയമനങ്ങൾക്കുള്ള എഴുത്തു പരീക്ഷകളിൽ ആ അവസരം നൽകാതിരിക്കുന്നത് സ്വാഭാവിക നീതിയ്ക്ക് എതിരും മനുഷ്യാവകാശ ലംഘനവുമാണ്. പൊതു വിദ്യാലയങ്ങളില്‍ പോലും ഇംഗ്ലീഷ് മാധ്യമ ഡിവിഷനുകള്‍ വര്‍ധിക്കുന്ന പ്രവണത നിലനില്‍ക്കുമ്പോള്‍ അതിനാക്കം കൂട്ടാന്‍ മാത്രമേ പി.എസ്.സി. യുടെ ഈ നിലപാട് സഹായിക്കൂ.
ആയതിനാല്‍, പ്രത്യേക ഭാഷയിലുള്ള പരിജ്ഞാനം അളക്കുന്നതിനുള്ള തൊഴികെ, കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകളടക്കം, പി.എസ്.സി. നടത്തുന്ന എല്ലാ പരീകളും മലയാളത്തിലും കേരളത്തിലെ കന്നഡ, തമിഴ് എന്നീ ചെറു വിഭാഗങ്ങളുടെ ഭാഷകളിലും എഴുതാനുള്ള സൗകര്യമൊരുക്കാൻ തയ്യാറാകണമെന്ന് കേരള പി.എസ്.സി.യോടും ഇതിനാവശ്യമായ ഇടപെടൽ നടത്തണമെന്ന് കേരള സര്‍ക്കാരിനോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *