കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ “നെയ്തൽ” ക്യാംപസ് സംവാദ യാത്രക്ക് തുടക്കമായി.
ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതി നെയ് തൽ സംവാദയാത്ര പരിയാരം
മെഡിക്കൽ കോളേജിൽ സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ നേതൃത്വം നൽകുന്നു.
കണ്ണൂർ: നവകേരള നിർമ്മിതിയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ ക്യാംപസുകളിലൂടെ നടത്തുന്ന “നെയ്തൽ” സംവാദയാത്രയ്ക്ക് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ തുടക്കമായി. കേരളത്തിലെ നൂറിലധികം ക്യാംപസുകൾ ഈ സംവാദയാത്രയ്ക്ക് വേദിയാകും. വിദ്യാർത്ഥികൾ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളിലൂടെ നവകേരള നിർമ്മിതിക്കാവശ്യമായ നിർദ്ദേശങ്ങൾ സ്വരൂപിച്ചാകും സംവാദയാത്ര മുന്നോട്ട് പോകുക. പരിയാരം മെഡിക്കൽ കോളേജിൽ ടി വി രാജേഷ് എം.എൽ എ ഉദ്ഘാടനം ചെയ്ത സംവാദത്തിൽ ഡോ.കെ.പി.അരവിന്ദൻ, ഡോ.എ.കെ ജയശ്രീ എന്നിവർ കുട്ടികളോട് സംവദിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരൻ, യുവസമിതി ചെയർമാൻ ശ്രീചിത്രൻ, പ്രിൻസിപ്പൽ ഡോ. സുധാകരൻ എന്നിവരും പങ്കെടുത്തു. ഇരുന്നൂറോളം പേർ പങ്കെടുത്ത സംവാദസദസിൽ പുതിയ കേരളത്തിനായുള്ള നിരവധി ആശയങ്ങൾ നിർദ്ദേശിക്കപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യരംഗത്തെ ലിംഗ തുല്യത, ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ സാഹചര്യം, അശാസ്ത്രീയ ചികിത്സാ രീതികൾ, ചികിത്സാ ചെലവ്, പ്രതിരോധ മാർഗ്ഗങ്ങൾ, സാമൂഹ്യ ഇടപെടൽ, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ സജീവമായ ചർച്ചകള്‍ നടന്നു. ആരോഗ്യരംഗം മാനവികമാകണമെന്ന ആശയമാണ് പൊതുവായി പ്രതിഫലി ക്കപ്പെട്ടത്. പുതിയ കേരളത്തെ നെയ്തെടുക്കാൻ യുവാക്കൾക്ക് വലിയ പങ്കുവഹിക്കാനാകും എന്ന് തെളിയിക്കുന്നതായിരുന്നു “നെയ്തൽ” സംവാദങ്ങൾ.