കൊവിഡ് ലോക്ക്ഡൗൺ: വീട്ടമ്മമ്മാരും ദിവസവേതനക്കാരും കടുത്ത സമ്മർദ്ദത്തില്‍
തിരുവനന്തപുരം: കൊവിഡിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ഡൌൺ, സാധാരണക്കാരുടെ സാമൂഹിക,സാമ്പത്തിക ജീവിതത്തെ തകിടം മറിച്ചുവെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയാരോഗ്യ കൂട്ടായ്മയായ കാപ്സ്യൂൾ (CAPSULE- Campaign Against Pseudo Science Using Law & Ethics) നടത്തിയ പഠനം തുറന്നു കാട്ടി. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്തു ജീവിക്കുന്ന വ്യക്തികളിലും അവരുടെ കുടുംബങ്ങളിലും ഉണ്ടാകുന്ന പ്രതിസന്ധികൾ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ക്യാപ്സ്യൂൾ പOനം നടത്തിയത്.
തിരുവനന്തപുരത്തു വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരിലാണ് പഠനം നടന്നത്. ആകെ 284 പേർ പഠനത്തിൽ പങ്കെടുത്ത് വിവരം നൽകി. മുൻകൂട്ടി തയ്യാറാക്കിയ 15 ചോദ്യങ്ങൾ ആണ് ഇവരോട് ചോദിച്ചത് .
പഠനത്തിൽ പങ്കെടുത്ത 93 % വീട്ടമ്മമാരും , വീട്ടുചെലവുകൾക്കായി ലഭിച്ചിരുന്ന വരുമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടായെന്നും , അത് ജീവിതഗുണതയെ പ്രതികൂലമായി ബാധിച്ചു എന്നും അഭിപ്രായപ്പെട്ടു. സർക്കാർ നൽകിയ സൗജന്യറേഷൻ ഉൾപ്പെടെ ഉള്ള സേവനങ്ങൾ വലിയ ആശ്വാസമായെന്നും അവർ പറഞ്ഞു.. എന്നാൽ ലോക്ഡൌൺ ഈ രീതിയിൽ മുന്നോട്ടുപോയാൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന ആശങ്ക പഠനത്തിൽ പങ്കെടുത്ത എല്ലാ വീട്ടമ്മമ്മാരും പങ്കുവെയ്ച്ചു.
ദിവസവേതനക്കാരെയാണ് ലോക്ക് ഡൌൺ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത ദിവസവേതനക്കാരായ 94% പേർക്കും വരുമാനം ഇല്ലാതാകുകയോ, ഗണ്യമായി കുറയുകയോ ചെയ്തപ്പോൾ 69 % ആൾക്കാരുടെ ജീവിതഗുണതയെ ഈ വരുമാനക്കുറവ് ബാധിച്ചു. ഇതിൽ കടംവാങ്ങി ദൈനംദിനച്ചെലവുകൾ നടത്തേണ്ടിവന്നവർ 62 % ഉണ്ട്. മറ്റുള്ളവർ ചെലവുകൾ ഗണ്യമായി കുറച്ചും, കരുതൽ ധനം ഉപയോഗിച്ചും പിടിച്ചു നിന്നു. ജോലിക്ക് പോകുവാനാകാത്തതിനാൽ 92 % പേർക്കും ലോക്ക്ഡൌൺ കാലം ബുദ്ധിമുട്ടായി തുടങ്ങി.
സർക്കാർ നൽകിയ സൗജന്യ റേഷൻ 83 % പേർക്കുംവലിയ ആശ്വാസമായപ്പോൾ, 98 % പേരും ഭാവിജീവിതം ജീവിതം കൂടുതൽ ദുസ്സഹം ആകും എന്ന ആശങ്ക പുലർത്തുന്നു.
സ്ഥിരവരുമാനം ഇല്ലാത്ത വീട്ടമ്മമാർ, ദിവസ വേതനക്കാർ, പ്രത്യേകിച്ച് നീക്കിയിരുപ്പ് പണമില്ലാത്തവർ എന്നിവർ സാമ്പത്തികമായും സാമൂഹികമായും സമ്മർദ്ദത്തിലാണെന്ന് പഠനം സൂചിപ്പിക്കുന്നു. ഇത് അവരിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അവരുടെ ആശങ്ക അകറ്റുന്നതിനും, ആശ്വാസം നൽകുന്നതിനും സർക്കാർതലത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട് എന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.