കോഴിക്കോട് ജില്ലാ യുറീക്കോത്സവം
കോഴിക്കോട് : യുറീക്കയുടെ അമ്പതാം വാർഷികത്തില്‍ കേരളത്തിലെ ഒരു ലക്ഷം കുട്ടികളെയെങ്കിലും പങ്കാളികളാകുന്ന രീതിയിൽ സംഘടിപ്പിക്കപ്പെടുന്ന യുറീക്കോത്സവത്തിന്റെ ജില്ലാതല പരിപാടി ബാലുശ്ശേരി മേഖലയിലെ പൂവമ്പായി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ജില്ലയിലെ 14 മേഖലകളിൽ നിന്നുമായി 500 കുട്ടികളും 150 പ്രവർത്തകരും രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുത്തു.
നവംബര്‍ 30 ന് രാവിലെ 10 മണിക്ക് ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷനിൽ മാപ്പിള പാട്ടുപാടി യുറീക്കോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദേവേശൻ, ഇസ്മയിൽ രയരോത്ത്, മുഹമ്മദ് വളളിൽ, ഹെഡ്മിസ്ട്രസ്സ് പ്രസന്ന, യുറീക്ക പത്രാധിപർ സി എം മുരളീധരൻ, കെ ടി രാധാകൃഷ്ണൻ, പി കെ സതീശ്, കെ കെ ശിവദാസൻ എന്നിവർ കുട്ടികൾക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് യുറീക്കോത്സവത്തിന്റെ കൊടിയുയർത്തലോടെ പരിപാടി ആരംഭിച്ചു.
ആകാശം, ജീവൻ, ശാസ്ത്രം, സമൂഹം എന്നി നാല് വിഷയ ഗ്രൂപ്പുകളായാണ് പരിപാടി നടന്നത്. ആദ്യ ദിവസം വൈകുന്നേരം പൂവമ്പായി അങ്ങാടിയിൽ വർണാഭമായ റാലി നടത്തി. തുടർന്ന് കോക്കല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രീജയ് വിശ്വനാഥിന്റെ മാജിക് ഷോയും നടന്നു. അതിഥികളായെത്തിയ കുട്ടികളെ പ്രദേശത്തെ കുട്ടികളുടെ വീടുകളിൽ താമസിപ്പിച്ചു. രണ്ടാം ദിവസം വിവിധ വിഷയ ഗ്രൂപ്പുകളിലൂടെയുള്ള പ്രവർത്തനം തുടർന്നു. എല്ലാ കുട്ടികളും എല്ലാ വിഷയ ഗ്രൂപ്പുകളിലൂടെയും കടന്ന് പോകുന്ന രൂപത്തിലാണ് പ്രവര്‍ത്തനം നടന്നത്.
വൈകീട്ട് 4 മണിയോടെ സമാപന പരിപാടി ആരംഭിച്ചു. ഡോ. ബി എസ് ഹരികുമാർ, കെ ടി രാധാകൃഷ്ണൻ, കെ കെ ശിവദാസൻ, എൻ ശാന്തകുമാരി, എ സി ബൈജു എന്നിവർ സംബന്ധിച്ചു. കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്ക് വെക്കുകയും ചെയ്തു.
ഒരാഴ്ച കാലം കൊണ്ട് മികവുറ്റ രീതിയിൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളേയും ഈ ക്യാമ്പുമായി കോർത്തിണക്കുന്നതിനും പൂവമ്പായിയിൽ രൂപീകരിച്ച സ്വാഗതസംഘത്തിന് സാധിച്ചു.
അനുബന്ധ പരിപാടിയായി കോഴിക്കോട് മെഡിക്കൽ കോളേജ്, ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് എന്നീ സ്ഥാപനങ്ങളുടെ പ്രദർശനവും നടന്നു. സംഘാടന പ്രവർത്തനങ്ങൾക്ക് കെ കെ പത്മനാഭൻ, കെ ദാസാനന്ദൻ, പി കെ മുരളി, മിനി, കെ ബാലചന്ദ്രൻ, സി സത്യനാഥൻ, ഗിരിജ പാർവ്വതി, ബിനിൽ, അരുൺ, കെ കെ ശിവദാസൻ എന്നിവർ നേതൃത്വം നൽകി.