കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃക പരിമിതികൾ പരിഹരിച്ച് കൂടുതൽ ശക്തമാക്കണം

0

കോവിഡ് പ്രതിരോധരംഗത്ത് കേരളം സൃഷ്ടിച്ച മാതൃക പരിമിതികൾ പരിഹരിച്ച് കൂടുതൽ ശക്തമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപന നിയന്ത്രണം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് നടക്കുന്ന പ്രവർത്തനങ്ങൾ ദേശീയ അന്തർദേശീയ വേദികളിൽ പ്രകീർത്തിക്കപ്പെടുന്നുണ്ട്. പ്രശ്നങ്ങൾ അപ്പപ്പോള്‍ മനസിലാക്കുന്നതിനും തിരുത്തുന്നതിനും അവ പരിശോധിച്ച് തുടർപ്രവർത്തങ്ങൾ ചിട്ടപ്പെടുത്തുന്നതിനും നമുക്ക് ആവുന്നുമുണ്ട്. എന്നിരിക്കിലും കോവിഡ് മരണങ്ങളെ സംബന്ധിച്ച് ചിലർ ഉന്നയിക്കുന്ന വിമർശനങ്ങൾ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുക, സംസ്ഥാനത്ത് ഇതിനകം ഉണ്ടായ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി സീറോ സര്‍വയിലന്‍സ് മാർഗ്ഗങ്ങളിലൂടെ കണ്ടെത്തുക, കോവിഡ് രോഗത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സ്വതന്ത്ര ഗവേഷണം അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നീ മൂന്നുകാര്യങ്ങളിൽ ഈ ഘട്ടത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു.
കോവിഡ് മരണങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങൾ പരിഹരിക്കാൻ കോവിഡ് ആകാൻ സാധ്യതയുള്ള എല്ലാ മരണങ്ങളും സമയബന്ധിതമായി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാൻ ശ്രമിക്കേണ്ടതാണ്. സംസ്ഥാന ശരാശരിയേക്കാൾ വളരെക്കുറച്ചു മരണങ്ങൾ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളോട് വിശദീകരണം ചോദിക്കുകയും ക്ലറിക്കൽ പിഴവുകൾ കാരണം കോവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നത് ഒഴിവാക്കുകയും വേണം. ആലപ്പുഴ എൻ.ഐ.വി യൂണിറ്റിൽ സ്ഥിരീകരണം വേണമെന്നതിന് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തിയൊന്നുമില്ല. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനു ശേഷം മരണം സംഭവിക്കുന്ന കേസുകളിൽ ചികിത്സിക്കുന്ന വിദഗ്ദ്ധരുടെ അഭിപ്രായമായിരിക്കണം അന്തിമം. വേണ്ടിവന്നാൽ, മറ്റു പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന മാതൃകയിൽ, സ്ഥിരീകരിച്ചത്, സംശയിക്കപ്പെടുന്നത് എന്നിങ്ങനെ രണ്ടു പട്ടികകളായി പ്രസിദ്ധീകരിക്കുന്നത് പരിഗണികേണ്ടതാണ്.
ജില്ലകൾക്ക് താഴെയുള്ള തലമാവുമ്പോഴേക്ക് ഇപ്പോഴത്തെ രീതിയിൽ കോവിഡ് ടെസ്റ്റുകളുടെ ഡാറ്റ കൃത്യമല്ലാതാവുന്നു എന്നതിനാൽ എവിടെയാണ് രോഗവ്യാപനം നടക്കുന്നത് എന്നറിയാൻ കഴിയാത്ത പ്രശ്നമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഒഴികെ രോഗികളാവുന്നവരുടെ ജോലി, രോഗവ്യാപനം നടക്കുന്നയിടം തുടങ്ങിയവയെപ്പറ്റിയും കാര്യമായ വിവരങ്ങൾ ലഭ്യമല്ല. കേരളത്തിന്റെ ഏതൊക്കെ പ്രദേശങ്ങളിൽ ഏതുതരം ആളുകളിൽ എത്രത്തോളം രോഗബാധയുണ്ടായി എന്നറിയാതെ പ്രതിരോധ പ്രവർത്തങ്ങൾ ചിട്ടപ്പെടുത്താൻ കഴിയില്ല. ഇത്തരം ഒരു ഡാറ്റ ഇല്ലാതെ നടക്കുന്ന പ്രവർത്തനങ്ങൾ സ്വാഭാവികമായും അശാസ്ത്രീയമാകും. ലോകത്തിലെ മികച്ച ആരോഗ്യ വ്യവസ്ഥിതി നിലനിൽക്കുന്ന പ്രദേശങ്ങളെല്ലാം തന്നെ ഇതിനകം ഉണ്ടായ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി, സീറോ- സർവ്വയിലൻസ് മാർഗ്ഗങ്ങളിലൂടെ കണ്ടെത്തിക്കഴിഞ്ഞു. ഇക്കാര്യം കേരളത്തിലും അടിയന്തിരമായി നടത്തണം.
കേരളത്തിൽ കോവിഡ് ഗവേഷണങ്ങൾ വേണ്ടത്ര നടക്കുന്നില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഗവേഷണം അനുവദിക്കുന്നതിൽ സ്വതന്ത്ര തീരുമാനങ്ങളെടുക്കാൻ ചുമതലപ്പെട്ട എത്തിക്സ് കമ്മിറ്റികൾ പോലും കോവിഡുമായി ബന്ധപ്പെട്ട ഗവേഷണനിർദേശങ്ങൾ കോവിഡ് സെല്ലിന്റെ അനുമതിക്ക് വിടുന്നു എന്നാണ് മനസിലാക്കുന്നത്. ഇത്തരത്തിൽ അയയ്ക്കപ്പെടുന്ന നിർദേശങ്ങൾക്ക് മിക്കപ്പോഴും അനുമതി ലഭിക്കാതിരിക്കുകയോ, വൈകി മാത്രം അനുമതി ലഭിക്കുകയോ ചെയ്യുന്നു. കോവിഡുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ അക്കാദമിക സമൂഹത്തിലും പൊതുസമൂഹത്തിലും എത്തിക്കുന്നതിനായി എല്ലാത്തരം ഗവേഷണങ്ങളും സ്വതന്ത്രമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
ഇക്കാര്യങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ നടപടികളിലേക്ക് നീങ്ങണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ഏ പി മുരളീധരൻ ജനറൽ സെക്രട്ടറി കെ രാധൻ എന്നിവർ പ്രസ്താവനയിൽ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *