കർഷകസമരം: യുവസമിതിയുടെ ഓൺലൈൻ സംവാദം

0
യുവസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ കർഷക സമരവും യുവതയും ‘ എന്ന വെബിനാറിൽ ഡോ. പി ഇന്ദിരാദേവി സംസാരിക്കുന്നു.

തൃശ്ശൂർ: ജില്ലായുവസമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ന് “കര്‍ഷകസമരവും ഇന്ത്യന്‍ യുവതയും” എന്ന വിഷയത്തിൽ ഓൺലൈൻ സംവാദം നടത്തി.
കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മുൻ മേധാവി ഡോ. പി ഇന്ദിരാദേവി വിഷയാവതരണം നടത്തി.
പുതിയ കാർഷിക നിയമം നിലവിൽ വന്നാൽ കൃഷിക്കാർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം നടത്താനുള്ള അനുകൂല സാഹചര്യം ഇല്ലാതാവുമെന്ന് അവർ പറഞ്ഞു. പുതിയ കാർഷിക നിയമം ഉത്പാദകരേയും ഉപഭോക്താക്കളേയും ഒരുപോലെ പ്രതികൂലമായി ബാധിക്കും. 2006 ൽ ബീഹാറിൽ APMC റദ്ദാക്കിയതിന് ശേഷം കർഷകരുടെ അവസ്ഥ കൂടുതൽ മോശമായി എന്നാണ് നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ 2019 ലെ പഠനപ്രകാരം വിലയിരുത്തിയിരിക്കുന്നത്. സ്വകാര്യ ഏജൻസികൾ തമ്മിലുള്ള കരാർ മൂലം അവരുടെ ആവശ്യപ്രകാരമുള്ള വിളകൾ ഉത്പാദിപ്പിക്കാൻ കർഷകർ നിർബന്ധിതരാകുകയും വിള വൈവിധ്യങ്ങൾ നഷ്ടപ്പെടുകയും ഇത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വ പരിശോധനയ്ക്കാവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന പ്രതിഷേധം ബീഹാറിൽ ഉണ്ടെന്ന് പഠനം സൂചിപ്പിക്കുന്നതായും ഡോ. ഇന്ദിരദേവി പറഞ്ഞു.
യുവസമിതി സംസ്ഥാന ഉപസമിതി അംഗം നിഖിൽ സുധീഷ്, ജില്ലാ കോർഡിനേറ്റർ കെ കെ അനീഷ്കുമാർ ജില്ലാ പരിസര സമിതി കൺവീനർ ടി വി വിശ്വംഭരൻ, ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ, മുൻ സംസ്ഥാന സെക്രട്ടറി പി രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നായി 48 പേർ വെബിനാറിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *