ഖാദർ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായാണ് നടപ്പിലാക്കേണ്ടത്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രമേയം
സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദർ ചെയർമാനായുള്ള വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങൾ പൊതുവേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു.
ഏതൊരു വിദ്യാഭ്യാസ പദ്ധതിയെയും ആത്യന്തികമായി വിലയിരുത്തേണ്ടത് ഗുണഭോക്താവിന്റെ പക്ഷത്തുനിന്നു കൊണ്ടായിരിക്കണം. പ്രീസ്‌കൂൾ ഘട്ടം മുതൽ ഹയർസെക്കന്ററി ഘട്ടം വരെയുള്ള വിദ്യാഭ്യാസത്തെ സമഗ്രമായി നോക്കികാണാൻ റിപ്പോർട്ട് ശ്രമിക്കുന്നുണ്ട്. പ്രീസ്‌കൂൾ വിദ്യാഭ്യാസം കൂടുതൽ ചിട്ടപ്പെടുത്താൻ നിയമനിർമാണം തന്നെ വേണ്ടിവരുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
കുട്ടിയുടെ സമഗ്രവികാസം ലക്ഷ്യംവച്ച് കലാകായിക പഠനത്തിന് വ്യവസ്ഥയുണ്ടാക്കാനും ശുപാർശയുണ്ട്. അധ്യാപകരുടെ യോഗ്യത ഉയർത്താനുള്ള ശുപാർശ ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഹയർ സെക്കന്ററി വിഭാഗം വേറിട്ടു നിൽക്കുന്ന അവസ്ഥ മാറ്റി ഒരു കാമ്പസിൽ ഒരു ഭരണസംവിധാനം എന്ന നിലയിൽ ഏകീകരിക്കുന്നത് ദേശീയതലത്തിൽ മുമ്പുതന്നെ നടപ്പാക്കിയിട്ടുള്ള കാര്യമാണ്. സെൻട്രൽ സ്‌കൂളുകളിലും മിക്ക സംസ്ഥാനങ്ങളിലും 9-12 ക്ലാസുകൾ ഒരു യൂണിറ്റായി കണ്ടുകൊണ്ട് പോസ്റ്റുഗ്രാഡുവേറ്റ് അധ്യാപകരെയാണ് അവിടെ നിയമിക്കുന്നത്. കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ 8-12 ഒരു യൂണിറ്റായാലും അവിടെ പോസ്റ്റ് ഗ്രാജ്വേറ്റ് അധ്യാപകരും പ്രൈമറി തലത്തിൽ ഗ്രാജ്വേറ്റ് അധ്യാപകരും ക്ലാസ് കൈകാര്യം ചെയ്യുന്നതുകൊണ്ട് കുട്ടികൾക്ക് തീർച്ചയായും നേട്ടമുണ്ടാകും.
വിദ്യാലയ സംവിധാനങ്ങളെ ഏകീകരിച്ച് ലാബ്, ലൈബ്രറി സൗകര്യങ്ങൾ കുടുതൽ കാര്യക്ഷമമാക്കാനും ശുപാർശയുണ്ട്. ലൈബ്രേറിയന്മാരെയും ലാബ് അസിസ്റ്റന്റുമാരേയും നിയമിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സ്‌കൂൾ എജ്യുക്കേഷൻ ഓഫിസർ, അസിസ്റ്റന്റ് സ്‌കൂൾ എജുക്കേഷൻ ഓഫിസർ, പഞ്ചായത്ത് എജുക്കേഷൻ ഓഫിസർ എന്നിവരുടെ നിയമനം തുടങ്ങി പല കാര്യങ്ങളിലും വിശദാംശങ്ങൾ സൂക്ഷ്മതലത്തിൽ കൂടുതൽ ചർച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിലുടനീളം അധ്യാപകർ, രക്ഷിതാക്കൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാർ, വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ച ചെയ്ത് തയ്യാറാക്കിയ 2007ലെ കെ.സി.എഫ് നിർദേശങ്ങളിലും ഏകീകൃത സംവിധാനമെന്ന ആശയം ഉൾക്കൊള്ളിച്ചിരുന്നു. ഇവയെല്ലാം പരിഗണിച്ച് റിപ്പോർട്ട് അംഗീകരിക്കുകയും അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനാവശ്യമായ നടപടികൾക്ക് തുടക്കമിടുകയും ചെയ്തതിൽ കേരള സർക്കാരിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിനന്ദിക്കുകയും ചെയ്യുന്നു.
വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെയും അനധ്യാപകരുടെയുമൊക്കെ തൊഴിൽ സുരക്ഷയും പ്രൊമോഷൻ ആനുകൂല്യങ്ങളും സംരക്ഷിക്കണമെന്ന കാര്യത്തിൽ സംശയമില്ല. അതൊന്നും നഷ്ടപ്പെടാതെ തന്നെ ഏകീകരണം നടപ്പാക്കാൻ കഴിയും. വികേന്ദ്രീകരണം എന്നു പറയുന്നത് വിഭാഗവൽക്കരണമല്ല. എല്ലാ തലങ്ങളിലും ചുമതലകൾ ഫലപ്രദമായി നിർവഹിക്കാനുള്ള ആസൂത്രിത പരിശ്രമമാണ് പ്രധാനം. ഘടനാപരമായ പരിഷ്‌കാരം ആ അർത്ഥത്തിലാണ് വിലയിരുത്തേണ്ടത്. വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മക്കാവശ്യമായ മാറ്റം സമഗ്രമാകണമെങ്കിൽ റിപ്പോർട്ടിന്റെ അടുത്ത ഭാഗം കൂടി ലഭ്യമാകേണ്ടതുണ്ട്. പൂർണ്ണമായി സമർപ്പിക്കപ്പെടാതെ തന്നെ റിപ്പോർട്ട് നടപ്പിലാക്കുന്നുവെന്നത് പരിമിതിയായി ചൂണ്ടിക്കാണിക്കാമെങ്കിലും, സ്‌കൂളിന്റെ അക്കാദമിക അന്തരീക്ഷം മെച്ചപ്പെടുത്തുക വഴി വിദ്യാർത്ഥികൾക്ക് പ്രയോജനമുണ്ടാകുന്ന നീക്കങ്ങളെ ദുർവാഖ്യാനം ചെയ്യാനല്ല സാർത്ഥകമായ നിർദേശങ്ങൾകൊണ്ട് കൂടുതൽ ഫലപ്രദമാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്.
പ്രൈമറി, സെക്കണ്ടറി, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നിവ നിലവിലുള്ള സ്‌കൂളുകളിൽ എല്ലാ വിഭാഗങ്ങളേയും ഏകോപിപ്പിച്ച് ഒരുസ്ഥാപന മേധാവിയുടെ കീഴിൽ കൊണ്ടുവരുമ്പോൾ പ്രൈമറി വിഭാഗത്തിന് ഒരു അക്കാദമിക്ക് കോ ഓർഡിനേറ്റർ ഉണ്ടാകണമെന്നതിനു പകരം ഒരു വൈസ് പ്രിൻസിപ്പലാണ് ഉണ്ടാകേണ്ടതെന്നാണ് കേരള ശാസ്ത്രസാഹിത്യപരിഷത്ത് നിർദ്ദേശിക്കുന്നത്.
സമിതി റിപ്പോർട്ടിന്റെ അടുത്ത ഭാഗം കൂടി താമസം വിനാ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ മികവ് ലക്ഷ്യമാക്കി ക്കൊണ്ടുള്ള വിദഗ്ധസമിതി റിപ്പോർട്ടിലെ ശുപാർശകൾ ഫലപ്രാപ്തിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് കേരള സർക്കാരിനോടും അതിനാവശ്യമായ സമ്മർദ്ദം സർക്കാരിൽ ചെലുത്താൻ തയ്യാറാകണമെന്ന് പൊതുസമൂഹത്തിനോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.