ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിൽ നിന്ന് ഹിന്ദുത്വത്തെ നിഷ്കാസനം ചെയ്തു – സുനില്‍ പി. ഇളയിടം
ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിന്ന് ഹിന്ദുത്വ ശക്തികളെ നിഷ്കാസനം ചെയ്യുകയും ആ സ്ഥാനത്ത് സാധാരണ മനുഷ്യരുടെ മൂർത്തമായ ദൈനംദിനാവശ്യങ്ങൾ അടങ്ങുന്ന പ്രക്ഷോഭ സമരങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തതാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ മഹാത്മാഗാന്ധി നിർവ്വഹിച്ച പങ്ക് എന്ന് ഡോ.സുനിൽ പി.ഇളയിടം അഭിപ്രായപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോൾ ഭഗവത് ഗീതയിൽ നിന്ന് ആവേശം ഉൾക്കൊണ്ട ബ്രാഹ്മണർ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. എന്നാൽ ഉപ്പിന് നികുതി ഏർപ്പെടുത്തിയതിനെ എതിർക്കുകയും ചമ്പാരനിലെ കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ പ്രക്ഷോഭം നടത്തുകയും ചെയ്യുക വഴി മതമല്ല, മനുഷ്യജീവിതമാണ് സമരത്തിന്റെ മുഖ്യകേന്ദ്രമായി വരേണ്ടത് എന്ന് വ്യക്തമാക്കുകയാണ് ഗാന്ധിജി ചെയ്തത്. ഇങ്ങനെയാണ് രാജ്യം പരമ്പരാഗത മതവാദികളുടേതല്ല, കർഷകരുടേയും തോട്ടിപ്പണിക്കാരുടേതുമാണ് എന്ന ഉത്തരത്തിൽ ഇന്ത്യ എത്തിയത്. നാൽപ്പത് പട്ടാളക്കാർ കൊല്ലപ്പെട്ടപ്പോൾ രാജ്യം ദുഃഖിക്കുകയും മൂന്നര ലക്ഷം കർഷകർ ആത്മഹത്യ ചെയ്തത് ആരുമറിയാതിരിക്കുകയും ചെയ്തത് രാജ്യം ആരുടേതാണ് എന്ന് അറിയാത്തത് കൊണ്ട് കൂടിയാണ്.
യഥാർത്ഥത്തിൽ ദേശീയ പ്രസ്ഥാനത്തെ മതേതരമാക്കിയതിന്റെ പ്രതികാരമാണ് ഗാന്ധി വധത്തിൽ കലാശിച്ചതെന്ന് സുനിൽ പി.ഇളയിടം ചൂണ്ടിക്കാട്ടി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ വാർഷിക സമ്മേളനത്തിന്റെ അനുബന്ധമായി സംഘടിപ്പിച്ച ആരുടെ ഇന്ത്യ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജോജി കൂട്ടുമ്മേൽ ആമുഖ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ രമേഷ് വെട്ടിമറ്റം പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കൺവീനർ സുരേഷ് കുമാർ സ്വാഗതവും ആർ.സനൽകുമാർ നന്ദിയും പറഞ്ഞു.