ഗൃഹാതുരത്വം വീണ്ടെടുത്ത് സംഘമേള ടാക്കീസ്, ഷോർട്ട് ഫിലിം പ്രദർശനങ്ങൾ നടന്നു.
തുരുത്തിക്കര: ഗൃഹാതുരത്വം വീെണ്ടടുത്തു സംഘമേള ടാക്കീസ്, ഷോർട്ട് ഫിലിമുകളൂടെ പ്രദർശനം നടന്നു.ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ യുവസമിതിയുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ പ്രദർശനം തുരുത്തിക്കര ആശാരിപുറത്താണ് സംഘടിപ്പിച്ചത്. പഴയകാല സിനിമാകൊട്ടകയിൽ സിനിമാ അനുഭവങ്ങൾ വീണ്ടെടുക്കുന്ന വിധത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്.ഓലപുരയിൽ തീർത്ത കൊട്ടകയും, ടിക്കറ്റ് കൊടുക്കുന്ന സ്ഥലവും, ചൂട് കാപ്പിയും, ഇഞ്ചി മിഠായിയും, എല്ലാം ഒരു കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്ന സിനിമ അനുഭവമായി മാറി സംഘമേള ടാക്കീസ്. യുവസമിതി പ്രസിഡണ്ട് ജിതിൻ ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന ഉൽഘാടന സമ്മേളനം പ്രശസ്ത സംവിധായകൻ ശ്രീകുമാർ മാരത്തു ഉദ്ഘാടനം ചെയ്തു. സംഘമേള നാടക സംഘത്തിലെ പഴയകാല പ്രവർത്തകരായ യോഹന്നാൻ, എ പി കണ്ണൻ എന്നിവരെ യോഗത്തിൽ ആദരിച്ചു.മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിജി ബിജു, മണിയപ്പൻ, ഷോർട് ഫിലിം സംവിധായകൻ അനിൽകുമാർ സ്പാർട്ടൻ എന്നിവർ സംസാരിച്ചു. യുവസമിതി സെക്രട്ടറി ജിബിൻ ടി സ്വാഗതവും ചിന്നു വി ആർ നന്ദിയും പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത് തുരുത്തിക്കര യുണിറ്റ് ജോയിന്റ് സെക്രട്ടറി അരുൺ കെ ജി, നിതിൻ രാജു, അഞ്ജലി പി വി എന്നിവർ തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിന് നേതൃത്വം നൽകി.