ചാന്ദ്രദിനാഘോഷങ്ങള്‍: വയനാട്
വയനാട്: മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ ഒരു വർഷം നീണ്ടുനില്ക്കുന്ന ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ.ബാലഗോപാലൻ നിർവ്വഹിച്ചു. ‘ആ കാൽവെപ്പിന്റെ അൻപതു വർഷങ്ങൾ’ എന്ന പേരില്‍ 2019 ജൂലൈ 21 വരെയാണ് പ്രവർത്തനങ്ങൾ നടത്തുക. ജ്യോതിശ്ശാസ്ത്ര പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം നൽകുക. ചാന്ദ്രമനുഷ്യൻ ഭൂമിയിൽ, ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രം, ചന്ദ്ര വിശേഷങ്ങൾ, ചാന്ദ്ര പരിവേഷണത്തിന്റെ ചരിത്രം, ശാസ്ത്ര കല്പിത കഥാരചന,അമ്പിളിമാമനു കത്തയക്കൽ, പോസ്റ്റർ പ്രദർശനം, റോക്കറ്റ് മാതൃക നിർമാണം, ആകാശ നിരീക്ഷണം, ചന്ദ്രഗ്രഹണ നിരീക്ഷണം, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തും. ഈ വർഷത്തെ വിജ്ഞാനോത്സവത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. വിജ്ഞാനോത്സവത്തിനു മുന്നോടിയായ അധ്യാപക പരിശീലനം ബി.ആർ.സി. ബത്തേരി, മാനന്തവാടി, എസ്.കെ.എം.ജെ. കല്പറ്റ എന്നീ കേന്ദ്രങ്ങളിൽ നടന്നു. ‘ആ കാൽവെപ്പിന്റെ അൻപതു വർഷങ്ങൾ’ എന്ന വിഷയത്തിൽ എം.എം.ടോമി, ജോൺ മാത്യു, സാബു ജോസ് എന്നിവർ ക്ലാസ്സ് എടുത്തു. ബി.ആർ.സി. കോർഡിനേറ്റർമാരായ സത്യൻ മാസ്റ്റർ, എ.കെ.ഷിബു എന്നിവർ മുഖ്യ അതിഥികളായിരുന്നു. ടി.പി സന്തോഷ്, കെ.കെ.സുരേഷ്, കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.