ചെങ്ങോട്ടുമലയില്‍ ഖനനം അനുവദിക്കരുത് പരിഷത്ത് വിദഗ്ദ്ധ സമിതി
കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോട്ടുമല, പ്രദേശത്തെ കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യത്തിന്റെയും കേന്ദ്രവും തലമുറകളായി ജീവിച്ചുവരുന്ന ആദിവാസി വിഭാഗങ്ങളുടെ വാസസ്ഥലവും ആണെന്നിരിക്കെ ഇവ പൂര്‍ണമായി തകരാനിടയാക്കുന്ന പാറഖനനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും അനുവദിക്കരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. പത്തനംതിട്ടയിലെ ഡല്‍റ്റാ കമ്പനി പാറഖനനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ വഴിവിട്ട രീതിയില്‍ നടത്തുകയും അധികാരികള്‍ അതിനോട് സമരസപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാകമ്മിറ്റി ജനകീയ വിദഗ്ധ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം ഭൗമപഠന കേന്ദ്രത്തിലെ റിട്ടയേര്‍ഡ് ശാസ്ത്രജ്ഞന്‍ ഡോ. കെ വി തോമസ്സായിരുന്നു സംഘത്തലവന്‍. ജിയോളജി, ജൈവവൈവിധ്യം, ഹൈഡ്രോളജി, വനം തുടങ്ങിയ രംഗങ്ങളിലെ പത്ത് വിദഗ്ദ്ധർ അടങ്ങിയതായിരുന്നു സമിതി. മെയ് 30നാണ് സമിതി സ്ഥലം സന്ദര്‍ശിച്ചത്. ജനപ്രതിനിധികള്‍, നാട്ടുകാര്‍, സംഘടനാപ്രതിനിധികള്‍ ഊരുമൂപ്പന്മാര്‍ എന്നിവരോടെല്ലാമായി സമിതി ചര്‍ച്ച നടത്തിയിരുന്നു. പുഴയോ കാര്യമായ മറ്റ് തോടുകളോ ഇല്ലാത്ത ഈ പ്രദേശത്ത് ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നത് ഈ മലയുടെ സാന്നിധ്യം കൊണ്ടാണ്. ആഴത്തില്‍ മേല്‍മണ്ണുള്ള ഈ മലയില്‍ പലയിടത്തും 45 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശമാണ്.