ജനോത്സവം കെടാമംഗലത്ത് വീണ്ടും
2018ൽ കെടാമംഗലത്ത് ഒന്നൊന്നര മാസം നീണ്ടുനിന്ന ആശയങ്ങളുടേയുംആഘോഷങ്ങളുടേയും പൂരമായിരുന്നു ജനോത്സവ വേള. ആവേശകരമായ പട്ടണപ്രദക്ഷിണങ്ങള്‍ അന്ന് ഉത്സവം കൊഴുപ്പിച്ചു. ബിരുദാനന്തര ബിരുദധാരികൾ വരെ അന്ധകാരയുഗ നാമജപങ്ങളുമായി കലാപോത്സുകരായി തെരുവിലിറങ്ങിയ സമകാലിക കേരളം ഒരു ഞെട്ടലോടെ കലയുടേയും ആശയങ്ങളുടേയും പ്രതിരോധത്തിനു ദാഹിക്കുന്നു. മഹാനായ അംബേദ്കറിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട, സ്ത്രീ പുരുഷ ഭേദമെന്യേ ഓരോരുത്തർക്കും സമത്വം ഉറപ്പു തരുന്ന ഇന്ത്യൻ ഭരണഘടന വർഗ്ഗീയ വാദികളുടെ കാൽക്കീഴിൽ ചവിട്ടിയരക്കപ്പെടുമ്പോൾ, ശാസ്ത്ര ബോധം അന്യമാകുമ്പോൾ,’ പാടിയതിൻ പൊരുളുകൾ പാഴാവാതിരിക്കാൻ’, ജനാധിപത്യത്തിന്റേയും ശാസ്ത്രബോധത്തിന്റേയും ഉണർത്തുപാട്ടുകാരായ ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവം കലാജാഥയുമായി ഫെബ്രുവരി 7ന് വീണ്ടും കെടാമംഗലത്തേക്ക് വരികയാണ്. കലാജാഥയുടെ വിജയത്തിന് സഹജമായ പുരോഗമന പ്രവണതയോടെ കെടാ മംഗലം ഒപ്പമുണ്ടാവുമെന്ന്, ‘മംഗലം കെടാതെ’ പ്രകാശ സ്രോതസ്സായി വിളങ്ങുന്ന കെടാമംഗലം ഗവ. എല്‍.പി സ്കൂളിൽ ചേർന്ന സംഘാടകസമിതി യോഗം വിളിച്ചോതി. കെടാമംഗലത്തെ സാമൂഹികരംഗത്തെ ചലനാത്മകമാക്കുന്ന സ്ത്രീ പുരുഷ വ്യക്തിത്വങ്ങൾ കക്ഷി രാഷ്ട്രീയ പ്രായ ഭേദമെന്യേ സ്കൂൾ ഗ്രൗണ്ടിൽ വട്ടമിട്ടിരിക്കാനുണ്ടായിരുന്നു. ഏഴിക്കര ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീ വി.എസ് ശിവരാമൻ ചെയർമാനും ശ്രീ.കെ.എന്‍.ബിനോയ് കൺവീനറുമായ ജനറൽ കമ്മിറ്റിയോടൊപ്പം വിവിധ സബ്കമ്മിറ്റികളിൽ കെടാമoഗലത്തെ പ്രധാനികളെല്ലാ വരുമുണ്ട്. ‘വനിതകളുടെ രായാത്ര’ എന്ന സ്ത്രീ സാംസ്കാരിക കൂട്ടായ്മയോടെ പരിപാടികള്‍ തുടങ്ങും. ചെലവുകൾ കണ്ടെത്തുന്നത് പരിഷത്ത് പുസ്തകങ്ങളുടെ പ്രചാരണത്തിലൂടെയാണ്. പുസ്തകങ്ങൾ വാങ്ങിയും പരിപാടികളിൽ പങ്കാളികളായും ജനോത്സവം കലാജാഥയോടൊപ്പമുണ്ടാവണമെന്ന് എല്ലാ സുമനസ്സുകളോടും അഭ്യര്‍ത്ഥിച്ചുകൊണ്ട് യോഗം സമാപിച്ചു.