ജനോത്സവത്തിന് കണ്ണൂരിൽ തിരിതെളിഞ്ഞു
ജനോത്സവം കണ്ണൂർ ജില്ലയിലെ കൂടാളിയിൽ ഗായകനും ഫോക്ക് ലോർ അക്കാദമി വൈസ് ചെയർമാനുമായ എരഞ്ഞോളി മൂസ്സകൊടിയേറ്റം നടത്തുന്നു
കണ്ണൂർ : നമ്മൾ ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ മത നിരപേക്ഷ ജനാധിപത്യ റിപ്പബിക്കായി എന്ന് തുടങ്ങുന്ന ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പേജ് കലണ്ടർ രൂപത്തിൽ ഉയർത്തി പിടിച്ച് ബഹുവർണ്ണ പതാക ഉയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏകോപിപ്പിക്കുന്ന ജനോത്സവം കണ്ണൂർ ജില്ലയിൽ 14 കേന്ദ്രങ്ങളിൽ അരങ്ങേറി. മതേതരത്വം, ശാസ്ത്രബോധം, മാനവികത എന്നിവ ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടിയാണ് ജനോത്സവം സംഘടിപ്പിക്കുന്നത്. ജാതിമത വ്യത്യാസമില്ലാതെ ജനങ്ങളുടെ ഒരുമയുടെ ഈ ഉത്സവം ജനുവരി 26 ന് ആരംഭിച്ച് ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനത്തില്‍ സമാപിക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.
കൂടാളിയില്‍ ഫോക്ക് ലോർ അക്കാദമി വൈസ് ചെയർമാൻ എരഞ്ഞോളി മൂസ്സയും, മുഴക്കുന്നത്ത് സിനിമ സംവിധായകൻ അരുൺ ഗോപിയും മയ്യിലിൽ ഡോ പ്രശാന്ത് കൃഷ്ണനും മാതമംഗലത്ത് പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരനും കണ്ണാടിപറമ്പിൽ കെ.ബാലകൃഷ്ണനും കൂത്തുപറമ്പിൽ അഡ്വ.കെ വിനോദും പാനൂരിൽ പ്രൊഫ.കെ.ബാലനും ശ്രീകണ്ഠാപുരത്ത് അഡ്വ. രത്നകുമാരിയും തളിപറമ്പിൽ എസ്.ശ്രീജിത്തും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ഓ.എം ശങ്കരൻ, വി.വി ശ്രീനിവാസൻ, ഒ.സി ബേബി ലത, ടി.കെ മുരളി, കെ രാജേഷ് പയ്യന്നൂർ, എം ദിവാകരൻ, കെ.വിനോദ് കുമാർ, കെ.കെ രവി അഡ്വ വി.പി തങ്കച്ചൻ പി.പി ബാബു അഡ്വ എം പ്രഭാകരൻ, സി. ചന്ദ്രൻ, മനോജ് മാതമംഗലം തുടങ്ങിയവർ പ്രസംഗിച്ചു