ജയിൽ വളപ്പിൽ ‘മിയാവാക്കി’ വനവൽക്കരണത്തിന് തുടക്കമായി
തൃശ്ശൂർ: സെൻട്രൽ ജയിൽ വളപ്പിൽ ‘മിയാവാക്കി’ വനവൽക്കരണത്തിന് തുടക്കമായി. പരിഷത്തിന്റെയും ജയിലധികൃതരുടെയും സംയുക്താഭിമുഖ്യത്തിലാണ് വനവൽക്കരണം ആരംഭിച്ചത്. ജയിൽ വളപ്പിൽ ഇതിനായി പ്രത്യേകം കണ്ടെത്തിയ 20 സെൻറ് ഭൂമിയിലാണ് ‘ഗാന്ധിസ്മൃതി വനം’ ഒരുങ്ങുന്നത്.
2 സെന്റ് ഭൂമിയിൽ പോലും ഒരു സ്വാഭാവിക വനം തീർക്കാമെന്ന ജപ്പാനീസ് സസ്യശാസ്ത്രജ്ഞൻ ‘അകിര മിയാവാക്കി’യുടെ ആശയമാണ് ഇവിടെ പ്രാവൃത്തികമാക്കുന്നത്. ഒരു സെന്റ് ഭൂമിയിൽ വ്യത്യസ്ഥ ഇനങ്ങളിൽ പെട്ട 160 വൃക്ഷത്തൈകൾ നടാനാവും. പരസ്പരം മത്സരിച്ചും സ്നേഹിച്ചും ഇവ വളരും. കേരള വനഗവേഷണ കേന്ദ്രം, സോഷ്യൽ ഫോറസ്ട്രി വകുപ്പ് , എച്ച്.ഡി.എഫ്.സി. ബാങ്ക്, കൊറ്റിക്കൽ ശിവദാസ് എന്നിവരാണ് 2000 വൃക്ഷത്തൈകൾ ഈയാവശ്യത്തിന് നൽകിയത്. ജയിൽ അന്തേവാസികളും തൈകൾ തയ്യാറാക്കിയിരുന്നു. മുക്കാൽ മീറ്റർ താഴ്ചയിൽ മണ്ണെടുത്ത് പച്ചിലക്കമ്പോസ്റ്റും ജൈവവളവും നിറച്ച് നിലമൊരുക്കിയത് 50 ഓളം ജയിൽ അന്തേവാസികളാണ്. ഒരാഴ്ച അവർ ഇതിന് വേണ്ടി അധ്വാനിച്ചു.
ജില്ലയിൽ ഇത്തരത്തിൽ 100 കാടുകളെങ്കിലും ഒരുക്കാനുള്ള പരിഷത്ത് പദ്ധതിയുടെ ഭാഗമാണിത്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഇക്കഴിഞ്ഞ ദിവസം അരണാട്ടുകര ജോൺ മത്തായി സെന്റർ കാമ്പസിൽ നടത്തിയിരുന്നു.
കേരളത്തിലെ ജയിൽ വളപ്പുകളിൽ ഇത്തരം പച്ചത്തുരുത്തുകൾ ഉണ്ടാക്കണം എന്ന ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് IPS ന്റെ നിർദ്ദേശം സാക്ഷാത്കരിക്കുകയാണ് വിയ്യൂരിൽ ചെയ്തതെന്ന് ജയിൽ സൂപ്രണ്ട് എൻ എസ് നിർമലാനന്ദൻ നായർ പറഞ്ഞു.
ജില്ലാസെക്രട്ടറി ടി സത്യനാരായണൻ, പരിസര വിഷയ സമിതി ജില്ലാ അധ്യക്ഷൻ ഡോ. കെ വിദ്യാസാഗർ, ഫോറസ്ട്രി കോളേജ് പ്രൊഫസർ ഡോ. ജമാലുദീൻ, ജയിൽ ജോ. സൂപ്രണ്ട് പി ജെ സലീം, ഡെപ്യൂട്ടി സൂപ്രണ്ട് എം എം ഹാരിസ്, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ സി എസ് അനീഷ്, വി എ നവാസ് ബാബു എന്നിവർ നേതൃത്വം നൽകി.
പി അജിതൻ (എച്ച്.ഡി.എഫ്.സി. ബാങ്ക്), ഒല്ലൂക്കര മേഖലാപ്രസിഡണ്ട് എം എൻ ലീലാമ്മ, തൃശ്ശൂർ മേഖലാ പ്രസിഡണ്ട് പി വി മനോജ് കുമാർ, കൊറ്റിക്കൽ ശിവദാസ്, തൃപ്രയാർ മേഖലാ സെക്രട്ടറി വി ഡി നിയാഷ്, വി നിർമ്മല, അനിത നാരായണൻ, പ്രൊഫ. ടി എം സുദർശൻ, എം കെ മനോജ്, ശശികുമാർ പള്ളിയിൽ, പി കെ വിജയൻ, രജിത് മോഹൻ, എന്നീ പരിഷത്ത് പ്രവർത്തകരും ജയിൽ ജീവനക്കാരും അന്തേവാസികളും വനവൽക്കരണത്തിൽ പങ്കാളികളായി.