ഡോ. എം പി പരമേശ്വരന്റെ റഷ്യൻ പുസ്തകങ്ങൾ കോഴിക്കോട് സർവകലാശാലയ്ക്ക്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപം കൊടുത്തവരിലൊരാളും ജനകീയശാസ്ത്ര സാഹിത്യകാരനും ആണവശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ, തന്റെ പുസ്തകശേഖരത്തിലുള്ള അമൂല്യങ്ങളായ 200 ഓളം റഷ്യൻ ഭാഷയിലുള്ള പുസ്തകങ്ങൾ കോഴിക്കോട് സർവകലാശാലയിലെ റഷ്യൻ പഠന വകുപ്പിന് നൽകി. കോഴിക്കോട് സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. സി സി ബാബു, റഷ്യൻ പഠന വകുപ്പ് മേധാവി ഡോ. കെ കെ അബ്ദുൾ മജീദ് എന്നിവർ ഡോ. എം പിയുടെ വസതിയിലെത്തിയാണ് പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്.
1962 – 65 കാലത്ത് റഷ്യയിൽ ഗവേഷണ പഠനം നടത്തുമ്പോഴാണ് പുസ്തങ്ങൾ വാങ്ങിയതെന്ന് ഡോ. എം പി പറഞ്ഞു. ആണവശാസ്ത്രവും, റഷ്യൻ സാഹിത്യവും സംബന്ധിച്ച പുസ്തകങ്ങളാണേറെയും. ടോൾസ്റ്റോയ്, ദസ്തേയ്വ്സ്കി, ചെക്കോവ്, അലക്സി ടോൾസ്റ്റോയ്, ലെർമനോവ് എന്നിവരുടെ രചനകളും ഗിബ്സന്റ തർജമകളും പ്ലീഹാനോവിന്റെ ഫിലോസഫിയും പുസ്തകങ്ങളിലുണ്ട്. എല്ലാം റഷ്യൻ മൂലരചനകളാണ്. റഷ്യയിൽ എത്തുന്നതിന് മുമ്പ് തന്നെ അദ്ദഹം ബോംബെയിൽ BARC യിൽ ജോലി ചെയ്യുമ്പോൾ റഷ്യൻ ഭാഷ പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം തയ്യാറാക്കിയത് റഷ്യൻ ഭാഷയിലാണ്.
തന്റെ പുസ്തകസമ്പാദ്യം റഷ്യൻ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടട്ടെ എന്ന് 85-ാം പിറന്നാൾ ആഘോഷിക്കുന്ന അദ്ദേഹം പ്രത്യാശിച്ചു. പി കെ ഭവാനി, എം പി ശ്രീദേവി, എം പി വാസുദേവൻ, എം പി കൃഷ്ണൻ, കെ എൻ നിർമല, ഇ കെ ഉമാദേവി, പ്രൊഫ സി ജെ ശിവശങ്കരൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, എ പി ശങ്കരനാരായണൻ, ടി സത്യനാരായണൻ, മോഹനൻ, ടി എ ഫസീല തുടങ്ങിയ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.