തിരുവനന്തപുരം ജില്ലയിൽ പരിസ്ഥിതി ജനസഭകൾ പൂർത്തിയായി

0
തിരുവനന്തപുരം മേഖല

തിരുവനന്തപുരം: ജില്ലയിലെ പതിമൂന്ന് മേഖലകളിലും ജനസഭകൾ പൂർത്തിയായി. പാരിസ്ഥിതിക നൈതികതയില്ലാത്ത വികസന സമീപനവും വികസന പ്രയോഗവും ഇനി തുടരാനാവില്ലെന്നും നവകേരള
നിർമ്മിതി പരിസ്ഥിതി സുസ്ഥിരതയുടെ അടിസ്ഥാനത്തിലാവണമെന്നും അവർത്തിച്ച് പറയാനാണ് ജനസഭകളിലൂടെ പരിഷത്ത് ശ്രമിച്ചത്. പഞ്ചായത്തുകളിലെ സവിശേഷ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ പ്രാദേശിക പഠനസംഘങ്ങൾ തയ്യാറാക്കിയ പ്രാഥമിക പഠനറിപ്പോർട്ടുകളാണ് ജനസഭകളെ കേരള സമൂഹത്തിൽ അടയാളപ്പെടുത്തുന്നത്. പതിമൂന്ന് മേഖലകളും ജനസഭയുടെ ഭാഗമായി വ്യത്യസ്ത പ്രശ്നങ്ങളെ ആധാരമാക്കി, രേഖകൾ പരിശോധിക്കൽ, ഫീൽഡ് സർവ്വേ, നേരിട്ടുള്ള വിവര ശേഖരണം, എഫ്.ജി.ഡി തുടങ്ങിയ പ്രക്രിയകളിലൂടെ പഠന റിപ്പോട്ടുകൾ തയ്യാറാക്കിയിരുന്നു. ലഭ്യമായ വിദഗ്ധരെ ബന്ധിപ്പിക്കാനും മേഖലകൾ ശ്രമിച്ചിട്ടുണ്ട്. പഠനത്തിന് ദിശാബോധം നൽകുന്നതിനും പഠനത്തിന്റെ രീതിശാസ്ത്രം ബോധ്യപ്പെടുത്തുന്നതിനും പഠനവിഷയം ക്യത്യമാക്കുന്നതിനും നവംബര്‍ മൂന്നിന് ഏകദിന ശില്പശാല സംഘടിപ്പിച്ചിരുന്നു. ശില്പശാലയിൽ ഡോ. അജയകുമാർ വർമ്മ, ഡോ. കെ വി തോമസ്, എൻ ജഗജീവൻ, ഡോ. നന്ദകുമാർ, ഡോ. അനൂപ് കൃഷ്ണൻ, ഡോ. റഫീക്ക് തുടങ്ങിയ വിദഗ്ധരുടെ പാനലിന് മുന്നിൽ മേഖലകൾ പഠനത്തിനായി തെരഞ്ഞെടുത്ത വിഷയം അവതരിപ്പിക്കുകയും പാനലിന്റെ നിർദ്ദേശ പ്രകാരം മേഖലകൾ പഠനവിഷയം കൃത്യമാക്കുകയും ഓരോ വിഷയത്തിനും സ്വീകരിക്കേണ്ട പഠന സമീപനo സ്വാംശീകരിക്കുകയും ചെയ്തു. പഠനങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നതിനും തുടർന്ന് നടത്തേണ്ട പ്രവർത്തങ്ങൾ രൂപപ്പെടുത്തുന്നതിനും ശില്പശാല നിർണ്ണായക സ്വാധീനം ചെലുത്തി. നവംബര്‍ 17 ന് വർക്കല, നെടുമങ്ങാട് മേഖലകളിലെ ജനസഭകളോടെ ജില്ലയിൽ പരിസ്ഥിതി ജനസഭകൾ ആരംഭിച്ചു.

നെടുമങ്ങാ മേഖല


വർക്കല മേഖലയിൽ ‘ചെറുന്നിയൂർ പഞ്ചായത്തിലെ നീർച്ചാലുകളുടെ ശോഷണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ‘ എന്ന വിഷയത്തിലാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്. ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ നവപ്രകാശ് ചെയർമാനും യൂണിറ്റ് സെക്രട്ടറി ശ്രീകുമാർ കൺവീനറുമായ സംഘാടക സമിതിയാണ് പഠനത്തിനും ജനസഭക്കും നേതൃത്വം നൽകിയത്. ‘കേരളത്തിന്റെ അതിജീവനം’ എന്ന പൊതു അവതരണം വി ഹരിലാലും പഠന റിപ്പോർട്ട് ശ്രീകുമാറും അവതരിപ്പിച്ചു.ജനസഭയെ തുടർന്ന് ചെറുന്നിയുർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നീർച്ചാലുകൾ തിരിച്ചുപിടിക്കാനുള്ള പ്രവർത്തങ്ങൾക്കും തുടക്കമായി.സ്വകാര്യ വ്യക്തികൾ കയ്യേറി അടച്ച നീർച്ചാലുകൾ തുറക്കാനുള്ള നടപടിയാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്.

പാലോട് മേഖല


ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ അരുവിക്കര ജലസംഭരണി നേരിടുന്ന പാരിസ്ഥിത സാമൂഹിക പ്രശ്നങ്ങളെ കുറിച്ചുള്ള പഠന റിപ്പോർട്ടാണ് അരുവിക്കര പഞ്ചായത്തിൽ നടന്ന നെടുമങ്ങാട് മേഖലാ ജനസഭയിൽ അവതരിപ്പിച്ചത്. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷാജു ഉദ്ഘാടനം ചെയ്തു. പൊതു അവതരണം എ അജയകുമാറും പഠന റിപ്പോർട്ട് ജിജോ കൃഷ്ണനും അവതരിപ്പിച്ചു. ജനസഭയുടെ തീരുമാനപ്രകാരം അരുവിക്കര ജലസംഭരണി സംരക്ഷിക്കണമെന്നാശ്യപ്പെട്ട് പ്രദേശവാസികളിൽ നിന്ന് ശേഖരിച്ച ഒപ്പുകളടങ്ങിയ നിവേദനം ഗ്രാമ പഞ്ചായത്തിനും വാട്ടർ അതോറിറ്റിക്കും മുഖ്യമന്ത്രിക്കും നൽകി. പ്രശ്നം മാധ്യമ ശ്രദ്ധയിൽ കൊണ്ടുവരാനും കഴിഞ്ഞു.തദ്ദേശ വാസികളെയാകെ അണിനിരത്തി ക്കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ ഫലമായി ജലവിഭവ വകുപ്പു മന്ത്രി ജലസംഭരണി സന്ദർശിച്ച് സംരക്ഷിക്കാനാവശ്യമായ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചു.

പെരുങ്കടവിള മേഖല


വെള്ളനാട് മേഖല ജനസഭ നവംബര്‍ 20 ന് കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരിൽ നടന്നു. 2018ലെ പ്രളയകാലത്ത് കുറ്റിച്ചലിലൂടെ ഒഴുകുന്ന കുമ്പിൾ മൂട് തോട് കരകവിഞ്ഞ് കോട്ടൂർ ജംഗ്ഷൻ വെള്ളത്തിനടിയിലായതിന്റെ കാരണങ്ങളന്വേഷിച്ചുള്ള പഠന റിപ്പോർട്ട് ജയകുമാർ അവതരിപ്പിച്ചു.വി ഹരിലാൽ ചർച്ച ക്രോഡീകരിച്ചു കൊണ്ട് പൊതു അവതരണം നടത്തി.
നവംബര്‍ 23 ന് വെഞ്ഞാറമൂട്, കഴക്കൂട്ടം, നെയ്യാറ്റിൻകര മേഖലാജന സഭകൾ നടന്നു.വെഞ്ഞാറമൂട് സ്വരാജ് ഭവനിൽ നടന്ന ജനസഭയിൽ നെല്ലനാട് പഞ്ചായത്തിലെ ജലവിഭവ വിനിയോഗത്തെ കുറിച്ചുള്ള പഠന റിപ്പോർട്ട് ആർ മുരളിയും ടി ബാലകൃഷ്ണനും ചേർന്നവതരിപ്പിച്ചു. ചർച്ച ക്രോഡീകരിച്ചു കൊണ്ട് ‘കേരളത്തിന്റെ അതിജീവനം’ എന്ന വിഷയം എൻ ജഗജീവൻ അവതരിപ്പിച്ചു.
കഴക്കൂട്ടം മേഖല ജനസഭ തിരദേശ പഞ്ചായത്തായ കഠിനംകുളത്താണ് നടന്നത്. എസ്.കെ.വി.സ്കൂളിൽ നടന്ന ജനസഭ പഞ്ചായത്ത് പ്രസിഡന്റ് ഫെലിക്സ് ഉദ്ഘാടനം ചെയ്തു. ‘തീരപ്രദേശത്തെ കുടിവെള്ളത്തിന്റെ ശുദ്ധത’ എന്ന പഠന റിപ്പോർട്ട് രാജ് മോഹൻ അവതരിപ്പിച്ചു. ഭൗമ പഠനഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. ഡോ. കെ വി തോമസ് പൊതു അവതരണം നടത്തി.

ആറ്റിങ്ങൽ ജനസഭയിൽ എ.അജയകുമാർ സംസാരിക്കുന്നു.


നെയ്യാറ്റിൻകര മേഖലാ ജനസഭ അതിയന്നൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി റ്റി ബീന ഉദ്ഘാടനം ചെയ്തു. ‘അതിയന്നൂർ പഞ്ചായത്തിലെ പാടശേഖരത്തിന്റ നാശവും കുടിവെള്ള പ്രശ്നവും’ എന്ന പഠന റിപ്പോർട്ട് സൈജുവും പൊതു അവതരണം വി ഹരിലാലും നടത്തി. പഞ്ചായത്തംഗങ്ങളും ജനസഭയിൽ പങ്കെടുത്തു.
നവംബര്‍ 24 ന് തിരുവനന്തപുരം, പാറശാല മേഖലാ ജനസഭകൾ നടന്നു. തിരുവനന്തപുരം മേഖലാ ജനസഭ ‘കേരളത്തിന്റെ അതിജീവനം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോ. കെ വി തോമസ് ഉദ്ഘാടനം ചെയ്തു. ‘നെടുങ്കാട് വാർഡിലെ ഖരമാലിന്യ സംസ്കരണം’ എന്നറിപ്പോർട്ട് ജയചന്ദ്രൻ അവതരിപ്പിച്ചു. വാർഡിലെ 150 വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പാറശാല മേഖലാ ജനസഭ ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാർ ഉദ്ഘാടനം ചെയ്തു. ‘ചെങ്കൽ പഞ്ചായത്തിലെ ജലാശയങ്ങളുടെ നാശവും കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളും’ എന്ന പഠന റിപ്പോർട്ട് ഷിംജി അവതരിപ്പിച്ചു. ചെങ്കൽ പഞ്ചായത്തിലെ 71 കുളങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. കെ ജി ഹരികൃഷ്ണൻ പൊതു അവതരണം നടത്തി.
പാലോട്, കിളിമാനൂർ മേഖലാ ജനസഭകൾ ഡിസംബര്‍ 7 ന് നടന്നു. പെരിങ്ങമ്മല ഷാ ഓഡിറ്റോറിയത്തിൽ നടന്ന പാലോട് മേഖലാ ജനസഭ ഡോ. ചായം ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. ജനസഭയുടെ ഭാഗമായി ‘വനാവാസവ്യവസ്ഥയുടെ തകർച്ചയും കർഷകരുടെ അതിജീവനവും’ എന്ന പഠനവിഷയം നിർദ്ദേശിച്ചതും പഠനത്തിന് നേതൃത്വം കൊടുത്തതും പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. കമറുദ്ദീനായിരുന്നു. അദ്ദേഹത്തിന്റെ അകാല നിര്യാണത്തെ തുടർന്ന് ശിഷ്യരും സഹപ്രവർത്തകരും ചേർന്നാണ് പഠനം പൂർത്തിയാക്കിയത്. ഡോ. കമറുദീനുള്ള നാടിന്റെ ആദരവ് കൂടിയായി പാലോട് ജനസഭ മാറി. പഠന റിപ്പോർട്ട് ഡോ. വിജി അവതരിപ്പിച്ചു. പ്രതിനിധികൾ ഗ്രൂപ്പ് തിരിഞ്ഞ് നടത്തിയ ചർച്ച ക്രോഡീകരിച്ചു കൊണ്ട് ബി രമേശ് സംസാരിച്ചു. വനമേഖലയിൽ ഫലവൃക്ഷങ്ങൾ നടാനുള്ള പദ്ധതി തയ്യാറാക്കാൻ ജനസഭ തീരുമാനിച്ചു.

കഴക്കൂട്ടം മേഖല ജനസഭ കഠിനം കുളം പഞ്ചായത്ത് പ്രസിഡന്റ് ഫെലിക്സ് ഉദ്ഘാടനം ചെയ്യുന്നു.


കിളിമാനൂർ മേഖലാ ജനസഭ നഗരൂർ പഞ്ചായത്തിലെ കോട്ടച്ചിറ ജംഗ്ഷനിൽ എൻ.ജഗജീവൻ ഉദ്ഘാടനം ചെയ്തു. ‘നഗരൂർ പഞ്ചായത്തിലെ പാറ ഖനനം ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ‘ എന്ന പഠന റിപ്പോർട്ട് ഷാജി എൻ രാജ് അവതരിപ്പിച്ചു.
നേമം മേഖലാ ജനസഭ വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ പെരുവിക്കോണത്ത് ഡിസംബര്‍ 8 ന് ഉദ്ഘാടനം ചെയ്തു. ‘അരുവിക്കുഴി പാറയിലെ ജലസംരക്ഷണ സാധ്യത’ യെ കുറിച്ചുളള പഠനറിപ്പോർട്ട് ഷിബു പി എസ് അവതരിപ്പിച്ചു. ചർച്ച ക്രോഡീകരിച്ചു കൊണ്ട് വി ഹരിലാൽ സംസാരിച്ചു.
ഡിസംബര്‍ 14 ന് പെരുങ്കടവിള മേഖലാ ജനസഭ പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് തൃപ്പലവൂർ പ്രസാദ് ഉദ്ഘാടനം ചെയ്തു. ‘പ്രകൃതി വിഭങ്ങളുടെ അമിതചൂഷണവും പ്രത്യാഘാതങ്ങളും’ എന്ന പഠന റിപ്പോർട്ട് തൂയൂർവിക്രമനും പൊതു അവതരണം വി ഹരിലാലും നടത്തി. ജനപ്രതിനിധികളുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ടായിരുന്നു.
ആറ്റിങ്ങൽ മേഖലാ ജനസഭ ഡിസംബര്‍ 15ന് കായിക്കര ആശാൻ സ്മാരകത്തിൽ നടന്നു. ‘അഞ്ചുതെങ്ങ് പഞ്ചായത്തിലെ തീരദേശ മലിനീകരണം’ എന്ന പഠനറിപ്പോർട്ട് സിസ്റ്റർ സാലിയും ‘കേരളത്തിന്റെ അതിജീവനം’ എന്ന വിഷയം എ അജയകുമാറുംഅവതരിപ്പിച്ചു.
ജനസഭകളുടെ ഭാഗമായുണ്ടായ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പതിമൂന്ന് ഇടപെടൽ പ്രവർത്തനങ്ങളാണ് ജില്ല ആലോചിക്കുന്നത്. വിവിധ വിഷയമേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് 2020 ജനുവരിയിൽനടത്തുന്ന ജില്ലാ വികസന ശില്പശാലയിൽ പഠന റിപ്പോർട്ടുകൾ വീണ്ടും അവതരിപ്പിച്ച് പരിപാടി രൂപപ്പെടുത്തും. ശരാശരി പങ്കാളിത്തം 43ഉം മികച്ച പങ്കാളിത്തം തിരുവനന്തപുരം 152 ഉം പാലോട് 98 ഉം ആണ്. മേഖലാ പഠനസംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പഠന പ്രവർത്തനാനുഭങ്ങൾ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാവുമെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

വർക്കല മേഖല ജനസഭ വി.ഹരിലാൽസംസാരിക്കുന്നു.
നേമം മേഖല ജനസഭ വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *