തിരുവനന്തപുരം മേഖലാ പരിസ്ഥിതി ക്യാമ്പ്
തിരുവനന്തപുരം: വ്യത്യസ്തമായതും എന്നാൽ ചെലവുകുറഞ്ഞതുമായ മാലിന്യ പരിപാലന രീതിയുടെ അവതരണത്തിലൂടെ പുതുമയുള്ള ഒന്നായി മാറി തിരുവനന്തപുരം മേഖല പരിസ്ഥിതി ക്യാമ്പ്. നെയ്യാർഡാമിൽ നടന്ന ക്യാമ്പിൽ പരിസ്ഥിതി കമ്മിറ്റി കൺവീനർ പട്ടം പ്രസാദ് ആണ് സ്വയം വികസിപ്പിച്ചെടുത്ത 300 രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന മാതൃക പരിചയപ്പെടുത്തിയത്.
പ്രകൃതി നേരിടുന്ന വെല്ലുവിളികളെ വ്യത്യസ്തമായ കെട്ടിട നിർമ്മാണ ശൈലിയിലൂടെ മറികടക്കാൻ ശ്രമിക്കുന്നതിന്റെ അനുഭവ പാഠങ്ങൾ ക്യാമ്പ് അംഗങ്ങൾക്ക് പകർന്നു നൽകിക്കൊണ്ട് പ്രശസ്ത വാസ്തുശില്പി ജി. ശങ്കർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡെറാഡൂണിലെ ആർക്കിടെക്ചര്‍ വിദ്യാർഥികളായ ഓഷിമി, കീർത്തി സിങ്ങ് എന്നിവരും അദ്ദേഹത്തോടൊപ്പം ക്യാമ്പിലെത്തി.
പരിസര കമ്മിറ്റി ചെയർമാൻ കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോക്ടർ ബിജു, സമുദ്ര പരിസ്ഥിതിയുമായി ബന്ധപ്പെട്ട അവതരണം നടത്തി. പരിസ്ഥിതി രംഗത്തെ പരിഷത്തിന്റെ ഇടപെടലുകളുടെ സംക്ഷിപ്തചരിത്രം വി ഹരിലാലും തുരുത്തിക്കര മാതൃക എന്താണെന്ന് ടി പി സുധാകരനും അവതരിപ്പിച്ചു. ഈ വർഷത്തെ ലോക പരിസ്ഥിതി ദിന സന്ദേശം ആയ ‘വായു മലിനീകരണം ഇല്ലാതാക്കുക ‘ എന്ന വിഷയത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. വി കെ നന്ദൻ സംസാരിച്ചു. മേഖലയിലെ 10 വീടുകളിൽ പുതിയ വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം സ്ഥാപിച്ചുകൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിക്കാൻ ക്യാമ്പ് തീരുമാനിച്ചു. കോട്ടൂരിലെ ആന പരിശീലന കേന്ദ്ര സന്ദർശനവും കിഴക്കൻ മലയിലേക്കുള്ള ട്രക്കിങ്ങും അംഗങ്ങളെ ഊർജസ്വലരാക്കി. 30 പേർ ക്യാമ്പിൽ പങ്കെടുത്തു.