തൃക്കരിപ്പൂര്‍ പഞ്ചായത്ത്‌തല ബാലോത്സവം സംഘടിപ്പിച്ചു
balolsavam
തൃക്കരിപ്പൂർ: ശാസ്ത്രസാഹിത്യപരിഷത്ത് തൃക്കരിപ്പൂർ പഞ്ചായത്തു സമിതിയുടെ നേതൃത്വത്തിൽ മൈത്താണി ഗവ:എൽ.പി.സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ജലം ബാലോത്സവം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായി. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനത്തൊട്ടാകെ ആയിരം പഞ്ചായത്തുകളിലാണ് ജലം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണം, നിർമ്മാണം, നിരീക്ഷണം , സർഗ്ഗാത്മക സാഹിത്യം , കളികൾ, പാട്ടുകൾ എന്നിവ ഉൾക്കൊള്ളുന്ന വ്യത്യസ്ത മൂലകളൊരുക്കിക്കൊണ്ട് ബാലോത്സവം സംഘടിപ്പിച്ചു വരുന്നത്. തൃക്കരിപ്പൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ്റി അമ്പതിൽ പരം കുട്ടികൾ ബാലോത്സവത്തിൽ പങ്കാളികളായി. സാംസ്കാരിക പ്രവർത്തകർ മൈത്താണി ജി.എൽ.പി.സ്കൂൾ പി ടി എ ,മദർ പിടി എ അംഗങ്ങൾ, പരിഷത്ത് പ്രവർത്തകർ ഒത്തുചേർന്ന മികച്ച സംഘാടനം ക്യാമ്പിന് ഉത്സവഛായ പകർന്നു. പഞ്ചായത്ത് തല ബാലോത്സവം ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ബാല വേദി മുൻ ചെയർമാൻ പ്രദീപ് കൊടക്കാട് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബൈജു എസ്. അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് മെമ്പർമാരായ കെ.വി.രാധ, കെ.വി. കാർത്യായനി, മൈത്താണി ജി.എൽ.പി.എസ്. ഹെഡ്മിസ്ട്രസ് സൗദാമിനി . കെ.വി. പരിഷത്ത് തൃക്കരിപ്പൂർ മേഖലാ കമ്മിറ്റി പ്രസിഡണ്ട് ദേവരാജൻ മാസ്റ്റർ ,സി. വിജയൻ , പരിഷത്ത് ബാലവേദി ജില്ലാ കൺവീനർ പി. പി.രാജൻ മാസ്റ്റർ ,മേഖലാ കൺവീനർ സുകുമാരൻ ഈയക്കാട് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ രതീഷ് ഈയ്യക്കാട് സ്വാഗതവും സാമ്പത്തിക കമ്മിറ്റി ചെയർമാൻ വി.വി.സുരേശൻ നന്ദിയും രേഖപ്പെടുത്തി. ബാലോത്സവത്തിന് അമ്പു പണ്ടാരത്തിൽ, പി.പി.രാജൻ, പ്രദീപ് കൊടക്കാട്, ഒ.പി.ചന്ദ്രൻ , അനിൽകുമാർ ഇടയിലക്കാട് , ഡോക്ടർ വിജേഷ്, ഒ.വി. സുരേഷ്, അധ്യാപികമാരായ ഷീജ, സരിത, പ്രമീളാ മധു , നന്ദന , ഭാസ്കരൻ കൊയോങ്കര, ആനന്ദ് പേക്കടം,രാജൻ ഈയ്യക്കാട് ,രതീഷ് ഈയ്യക്കാട് ,ദിനൂപ് ഇയ്യക്കാട് ,രവീന്ദ്രൻ . ടി എന്നിവർ നേതൃത്വം നൽകി.