ദേശീയ വിദ്യാഭ്യാസ കരട് നയം വര്‍ഗീയവത്ക്കരണത്തിന് വഴിയൊരുക്കും
മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് കച്ചവടവൽക്കരണത്തിനും വർഗീയവൽക്കരണത്തിനും വഴിയൊരുക്കുന്നതാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയമെന്ന് മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ചർച്ചയിൽ വിലയിരുത്തി. കാലിക്കറ്റ് സര്‍വകലാശാല കോളേജ് ഡെവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. ബിഎസ് ഹരികുമാര്‍ വിഷയാവതരണം നടത്തി.
യു ജി സി തുടങ്ങി നിലവിലുള്ള സകല സംവിധാനങ്ങളേയും അടിമുടി പൊളിച്ചെഴുതുന്ന ഈ നയം സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ പോലും കവർന്നെടുത്ത് അധികാരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പുതിയ സംവിധാനങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതാണ്. ഇന്ത്യയുടെ വൈവിധ്യങ്ങളേയും സവിശേഷതകളേയും ഈ വിദ്യാഭ്യാസ നയം ഉൾക്കൊള്ളുന്നില്ല.
വിദ്യാഭ്യാസ രംഗത്തെ സർക്കാർ ചെലവ് കുറയുന്നു, അധ്യാപക ഒഴിവുകൾ നികത്തപ്പെടുന്നില്ല, ഗവേഷണ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് ലഭിക്കുന്നില്ല തുടങ്ങിയ നിലവിലെ പരിമിതികളെ മറികടക്കാൻ നിർദ്ദേശങ്ങളൊന്നും തന്നെയില്ല. വലിയ വിദ്യാഭ്യാസ സ്വപ്നങ്ങൾ പറയുമ്പോഴും ആവശ്യത്തിനുള്ള വിഭവങ്ങൾ എങ്ങനെ ലഭിക്കുമെന്നതിനെ കുറിച്ച് ഇത് നിശബ്ദത പാലിക്കുന്നു.
ജി.ഡി.പിയുടെ 0.1 ശതമാനം മാത്രമാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് വലിയ തോതിലുള്ള സ്വകാര്യവൽക്കരണത്തിന്റെ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. പുറമെ പുരോഗമനപരമെന്നു തോന്നിക്കുന്ന ഒട്ടനവധി പദാവലികളുപയോഗിക്കുന്നുണ്ടെങ്കിലും അവയുടെ വിശദാംശങ്ങളിലെ അവ്യക്ത പൊതുമേഖലയിൽ നിന്നു സർക്കാർ പിൻവലിയുന്ന ഈ കാലഘട്ടത്തിൽ സംശയമുണ്ടാക്കുന്നവയാണ്.
വിദ്യാഭ്യാസ വിഷയസമിതി ജില്ലാ കണ്‍വീനര്‍ ജിജി വര്‍ഗീസ് അധ്യക്ഷനായിരുന്നു. ഡോ.ബ്രിജേഷ് വി.കെ, പ്രദീപ്കുമാര്‍ കെ.ജി, എം.എസ്.മോഹനന്‍, വി.ആര്‍.പ്രമോദ്, ജഗദീഷ് കെ.ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സുനില്‍ സി.എന്‍ സ്വാഗതവും വി.വി.മണികണ്ഠന്‍ നന്ദിയും പറഞ്ഞു.