നവകേരള സൃ്ഷടിക്കായുള്ള വിദഗ്ധരുടെ കൂടിയിരുപ്പ്
നവകേരള സൃഷ് ടിക്കായുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും രൂപപ്പെടു ത്തിയെടുക്കുന്നതിനുള്ള വിദഗ്ധരുടെ ശില്പശാല സെപ്റ്റംബര്‍ 2ന് തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ നടന്നു.
കേരളത്തിന്റെ ഭൂവിനിയോഗവും വികസന സങ്കല്‍പ്പവും തമ്മിലുള്ള വൈരുദ്ധ്യമാണ് അതി തീവ്രമഴയെ പ്രകൃതിദുരന്തമാക്കി മാറ്റാന്‍ പ്രധാന കാരണമായത് എന്ന് ശില്പശാലയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രാപ്പെട്ടു. കേരളം ഒരു പരിസ്ഥിതിലോല പ്രദേശമാണ്. കേരളത്തിലെ ഏതെങ്കിലും ഹോട്ട് സ്‌പോട്ടു മാത്രമല്ല കേരളം മൊത്തത്തില്‍ പരിസ്ഥിതിലോല പ്രദേശമാണ് എന്ന വസ്തുത അംഗീകരിക്കപ്പെടാത്തതാണ് പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. കേരളത്തിന്റെ പരിസ്ഥിതിലോലതയ്ക്കനുസരിച്ചുള്ള പരിസ്ഥിതി സൗഹൃദ നയങ്ങളാണ് നാം പിന്തുടരേണ്ടത്. ഈ അര്‍ത്ഥത്തില്‍ പരിശോധിച്ചാല്‍ ഇപ്പോഴുണ്ടായ പ്രളയവും ഭൂവിനിയോഗവും തമ്മിലും നമ്മുടെ വികസന പദ്ധതികളും കേരളത്തില്‍ അനുഭവപ്പെട്ടു തുടങ്ങിയ കാലാവസ്ഥാമാറ്റവും തമ്മിലും നേരിട്ട് ബന്ധമുണ്ട് എന്ന് മനസ്സിലാക്കാം. അതുകൊണ്ട് നമ്മുടെ പ്രകൃതിയോടും കാലാവസ്ഥയോടും പൊരുത്തപ്പെടുന്ന ഒരു നവകേരളമാണ് ഇനി സൃഷ്ടിക്കപ്പെടേണ്ടത്.
വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ പിന്നിട്ട വികസനപാതയുടെ പോരായ്മകളും ഭാവിയിലേയ്ക്കുള്ള നിര്‍ദ്ദേശങ്ങളും അടങ്ങുന്ന ഒരു നയരേഖ ഈ മാസം തന്നെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ഈ രേഖയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ മാസത്തില്‍ മേഖലാതല പദയാത്രകളും നവംബര്‍ മാസത്തില്‍ സംസ്ഥാനതല വാഹനജാഥയും സംഘടിപ്പിക്കും.
ഡോ.അജയ്‍കുമാര്‍വര്‍മ, ഡോ. സി.ടി.എസ് നായര്‍, ഡോ.കെ.പി.കണ്ണന്‍, ഡോ. എന്‍.സി.നാരായണന്‍, വി.എന്‍ ജിതേന്ദ്രന്‍ IAS, ഡോ. എസ്.ശ്രീകുമാര്‍, ഡോ.കെ.വി.തോമസ്, ഡോ.എം.പി.പരമേശ്വരന്‍, പ്രൊഫ. സി.പി.നാരായണന്‍, പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍, ഡോ.എന്‍.കെ. ശശീധരന്‍ പിള്ള, ഡോ.കെ.രാജേഷ്, ഡോ.കെ.വിദ്യാസാഗര്‍, ഡോ. ജോര്‍ജ് സി.തോമസ്, പി.എസ്.ഹരികുമാര്‍ (CWRDM) ഡോ.എന്‍.ഷാജി, സുമ വിഷ്ണുദാസ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യമുള്ള 37 പേര്‍ ഈ കൂടിയിരുപ്പില്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റ് ടി.ഗംഗാധരന്‍, ജന.സെക്രട്ടറി ടി.കെ മീരാഭായ്, ഡോ.കാവുമ്പായി ബാലകൃഷ്ണന്‍, ഹരിലാല്‍, എന്‍.ജഗജീവന്‍, ജോജി, എ.പി.മുരളീധരന്‍ തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.