നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ കൂടുതല്‍ ചര്‍ച്ചയും ഭേദഗതിയും
കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ പാസാക്കിയ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യത്തെ മെഡിക്കല്‍ മേഖലയില്‍ ഒരു പാട് ആശങ്കകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറികടക്കാന്‍ രൂപീകരിച്ച ഈ പുതിയ സംവിധാനം പക്ഷെ പുതിയ പല വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ടെന്നാണ് പരിഷത്ത് കരുതുന്നത്.
എന്‍.എം.സി സമിതിയുടെ ഘടന ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന് ചേരുന്നതല്ല. സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം തീരേ കുറച്ച് കൊണ്ട് ബഹുഭൂരിപക്ഷം പ്രതിനിധികളും കേന്ദ്ര സര്‍ക്കാര്‍ നോമിനികളാകുന്നത് സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. എന്‍.എം.സിയെ കൂടുതല്‍ ജനാധിപത്യ സ്വഭാവമുള്ളതാക്കാന്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തേണ്ടത് വളരേ പ്രധാനമാണ്.
പുതിയ ബില്‍ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കും. പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുമ്പോള്‍ വേണ്ട കര്‍ശനമായ വ്യവസ്ഥകളില്‍ ബില്‍ വെള്ളം ചേര്‍ക്കുന്നു. ഇപ്പോഴുള്ള വ്യവസ്ഥകളിലെ പഴുതുകളടച്ച് അഴിമതിക്കുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതിന് പകരം പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കുകയാണ് ബില്ലിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതു കൂടാതെ സ്വാശ്രയ മേഖലയിലുള്ള സ്ഥാപനങ്ങളിലെ എന്‍.എം.സി ക്കുള്ള ഫീസ് നിയന്ത്രണാധികാരം 50% സീറ്റുകളില്‍ മാത്രമായി ചുരുക്കിയിട്ടുണ്ട്. ബാക്കി സീറ്റുകളുടെ കാര്യത്തില്‍ ബില്‍ തികഞ്ഞ മൗനം പാലിക്കുന്നതായാണ് കാണുന്നത്. ഇതൊക്കെ സ്വകാര്യ കച്ചവട താല്‍പര്യങ്ങള്‍ക്ക് വളം വെച്ച് കൊടുക്കുന്നതാണെന്ന് പരിഷത്ത് കരുതുന്നു.
ആധുനിക ചികിത്സ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ പട്ടികയില്‍ പരമാവധി മൂന്നിലൊന്ന് വരെ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഡോക്ടര്‍മാരെ ഉള്‍പ്പെടുത്താമെന്ന വ്യവസ്ഥ, റദ്ദാക്കപ്പെട്ട ബ്രിഡ്ജ് കോഴ്‌സുകള്‍ പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള പദ്ധതിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിറ്റി ഹെല്‍ത്ത് ഡോക്ടര്‍ എന്ന പേരില്‍ മുറി വൈദ്യന്മാരെ തിരുകി കയറ്റുന്നത് രാജ്യത്തിന്റെ ആരോഗ്യ മേഖലയെ, പ്രത്യേകിച്ച് ഗ്രാമീണ ഇടങ്ങളെ ദൂരവ്യാപകമായി ബാധിക്കുന്നതാണ്. ആരോഗ്യ വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും കൂടുതല്‍ സര്‍ക്കാര്‍ നിക്ഷേപം കൊണ്ടു വന്ന് ആധുനിക ഡോക്ടര്‍മാരുടെ അനുപാതം കൂട്ടുകയാണ് സര്‍ക്കാര്‍ ഇതില്‍ ചെയ്യേണ്ടത്.
മെഡിക്കല്‍ പ്ലൂറലിസം കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി രൂപീകരിക്കുന്ന സംവിധാനത്തിന്റെ ഘടന ആശങ്കാജനകമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രാതിനിധ്യം മൂന്നില്ലൊന്നായി കുറയുമ്പോള്‍ മെഡിക്കല്‍ കരിക്കുലത്തില്‍ പ്ലൂറലിസത്തിന്റെ പേരില്‍ അശാസ്ത്രീയത കടന്നു വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനുള്ള മുന്‍കരുതലുകള്‍ ഇതില്‍ ഉള്‍പ്പെടുത്തണം.
എം.ബി.ബി.എസിന് ശേഷം ലൈസന്‍സിങ്ങ് പരീക്ഷ എന്ന നിലക്ക് എക്‌സിറ്റ് പരീക്ഷ ആരംഭിക്കുന്ന വ്യവസ്ഥയിലും കാര്യമായ വ്യക്തതക്കുറവുണ്ട്. കര്‍ശനമായ പ്രാക്ടിക്കല്‍, തിയറി പരീക്ഷകള്‍ക്ക് ശേഷം മെഡിക്കല്‍ ബിരുദം നേടുന്നവര്‍ക്ക് പിന്നീട് അത്ര തന്നെ ആഴമില്ലാത്ത പരീക്ഷ വഴി വൈദ്യസേവനത്തിനുള്ള ലൈസന്‍സിങ്ങ് നല്‍കുന്നത് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ വ്യപകമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഈ കാര്യത്തിലെ അവ്യക്തത നീക്കേണ്ടതും സര്‍ക്കാറിന്റെ കടമയാണ്.
ഇങ്ങനെ ഒട്ടനവധി ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റേയും പൊതുജനാരോഗ്യത്തിന്റേയും ഭാവി നിര്‍ണയിക്കുന്ന ഈ ബില്‍ കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കണമെന്നും അവയിലെ പോരായ്മകള്‍ നീക്കി മെച്ചപ്പെട്ട, അഴിമതി രഹിതവും ജനപക്ഷവുമായ ഭേദഗതികളോടെ മാത്രമേ ഈ ബില്‍ നിയമമാക്കാവൂ എന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.