നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ കൂടുതൽ ചർച്ചയും ഭേദഗതിയും ആവശ്യം

0

കേന്ദ്ര സർക്കാർ ലോകസഭയിൽ പാസാക്കിയ നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യത്തെ മെഡിക്കൽ മേഖലയിൽ ഒരു പാട് ആശങ്കകൾക്ക് വഴി വെച്ചിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറികടക്കാൻ രൂപീകരിച്ച ഈ പുതിയ സംവിധാനം പക്ഷെ പുതിയ പല വെല്ലുവിളികളും ഉയർത്തുന്നുണ്ടെന്നാണ് പരിഷത്ത് കരുതുന്നത്.
1) എൻ.എം.സി സമിതിയുടെ ഘടന ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന് ചേരുന്നതല്ല. സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം തീരേ കുറച്ച് കൊണ്ട് ബഹുഭൂരിപക്ഷം പ്രതിനിധികളും കേന്ദ്ര സർക്കാർ നോമിനികളാകുന്നത് സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. എൻ.എം.സിയെ കൂടുതൽ ജനാധിപത്യ സ്വഭാവമുള്ളതാക്കാൻ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടത് വളരെ പ്രധാനമാണ്.
2) പുതിയ ബിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയേ കൂടുതൽ സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കും. പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമ്പോൾ വേണ്ട കർശനമായ വ്യവസ്ഥകളിൽ ബിൽ വെള്ളം ചേർക്കുന്നു. ഇപ്പോഴുള്ള വ്യവസ്ഥകളിലെ പഴുതുകളടച്ച് അഴിമതിക്കുള്ള സാധ്യതകൾ ഒഴിവാക്കുന്നതിന് പകരം പുതിയ മെഡിക്കൽ കോളേജുകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കുകയാണ് ബില്ലിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. ഇതു കൂടാതെ സ്വാശ്രയ മേഖലയിലുള്ള സ്ഥാപനങ്ങളിലെ എൻ.എം.സി ക്കുള്ള ഫീസ് നിയന്ത്രണാധികാരം 50% സീറ്റുകളിൽ മാത്രമായി ചുരുക്കിയിട്ടുണ്ട്. ബാക്കി സീറ്റുകളുടെ കാര്യത്തിൽ ബിൽ തികഞ്ഞ മൗനം പാലിക്കുന്നതായാണ് കാണുന്നത്. ഇതൊക്കെ സ്വകാര്യ കച്ചവട താൽപര്യങ്ങൾക്ക് വളം വെച്ച് കൊടുക്കുന്നതാണെന്ന് പരിഷത്ത് കരുതുന്നു.
3) ആധുനിക ചികിത്സ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ പട്ടികയിൽ പരമാവധി മൂന്നിലൊന്ന് വരെ കമ്മ്യൂണിറ്റി ഹെൽത്ത് ഡോക്ടർമാരെ ഉൾപ്പെടുത്താമെന്ന വ്യവസ്ഥ റദ്ദാക്കപ്പെട്ട ബ്രിഡ്ജ് കോഴ്സുകൾ പിൻവാതിലിലൂടെ നടപ്പാക്കാനുള്ള പദ്ധതിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിറ്റി ഹെൽത്ത് ഡോക്ടർ എന്ന പേരിൽ മുറി വൈദ്യന്മാരെ തിരുകി കയറ്റുന്നത് രാജ്യത്തിന്റെ ആരോഗ്യ മേഖലയെ, പ്രത്യേകിച്ച് ഗ്രാമീണ ഇടങ്ങളെ ദൂരവ്യാപകമായി ബാധിക്കുന്നതാണ്. ആരോഗ്യ വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും കൂടുതൽ സർക്കാർ നിക്ഷേപം കൊണ്ടുവന്ന് ആധുനിക ഡോക്ടർമാരുടെ അനുപാതം കൂട്ടുകയാണ് സർക്കാർ ഇതിൽ ചെയ്യേണ്ടത്.
4) മെഡിക്കൽ പ്ലൂറലിസം കരിക്കുലത്തിൽ ഉൾപ്പെടുത്താൻ വേണ്ടി രൂപീകരിക്കുന്ന സംവിധാനത്തിന്റെ ഘടന ആശങ്കാജനകമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രാതിനിധ്യം മൂന്നില്ലൊന്നായി കുറയുമ്പോൾ മെഡിക്കൽ കരിക്കുലത്തിൽ പ്ലൂറലിസത്തിന്റെ പേരിൽ അശാസ്ത്രീയത കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനുള്ള മുൻകരുതലുകൾ ഇതിൽ ഉൾപ്പെടുത്തണം.
5) എം.ബി.ബി.എസിന് ശേഷം ലൈസൻസിങ്ങ് പരീക്ഷ എന്ന നിലക്ക് എക്സിറ്റ് പരീക്ഷ ആരംഭിക്കുന്ന വ്യവസ്ഥയിലും കാര്യമായ വ്യക്തത കുറവുണ്ട്. കർശനമായ പ്രാക്ടിക്കൽ തിയറി പരീക്ഷകൾക്ക് ശേഷം മെഡിക്കൽ ബിരുദം നേടുന്നവർക്ക് പിന്നീട് അത്ര തന്നെ ആഴമില്ലാത്ത പരീക്ഷ വഴി വൈദ്യസേവനത്തിനുള്ള ലൈസൻസിങ്ങ് നൽകുന്നത് മെഡിക്കൽ വിദ്യാർഥികളിൽ വ്യപകമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഈ കാര്യത്തിലെ അവ്യക്തത നീക്കേണ്ടതും സർക്കാറിന്റെ കടമയാണ്.
ഇങ്ങനെ ഒട്ടനവധി ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത മെഡിക്കൽ വിദ്യാഭ്യാസത്തിന്റേയും പൊതുജനാരോഗ്യത്തിന്റേയും ഭാവി നിർണയിക്കുന്ന ഈ ബിൽ കൂടുതൽ ചർച്ചക്ക് വിധേയമാക്കണമെന്നും അവയിലെ പോരായ്മകൾ നീക്കി മെച്ചപ്പെട്ട അഴിമതി രഹിതവും ജനപക്ഷവുമായ ഭേദഗതികളോടെ മാത്രമേ ഈ ബിൽ നിയമമാക്കാവൂ എന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *