പക്ഷാചരണത്തിലൂടെ ലഭിച്ച ഊർജവുമായി തൃശ്ശൂരിൽ ബാലവേദികൾ സജീവമാകുന്നു
തൃശ്ശൂർ: നവംബർ ഏഴ് മുതൽ 14 വരെ നടന്ന ബാലവേദി പക്ഷാചരണത്തിലൂടെ ലഭിച്ച ഊർജവുമായി ജില്ലയിലെ ബാലവേദികൾ കുതിക്കുന്നു…! വിവിധ മേഖലകളിൽ 17 പുതിയ ബാലവേദികൾ രൂപീകരിക്കുകയും, ശാസ്ത്രകലോത്സവങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
കൊടുങ്ങല്ലൂർ മേഖലയിൽ ‘ശാസ്ത്രപൂരം’ നടന്നു. ഒരാഴ്ച്ച നീണ്ട് നിന്ന പരിപാടിയിൽ വിവിധ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി. പുതിയതായി രൂപീകരിച്ച കോലഴി മേഖലയിൽ നാല് പുതിയ ബാലവേദികൾ രൂപീകരിച്ച് ശാസ്ത്രകലോത്സവം നടത്തി.
ഇരിങ്ങാലക്കുട മേഖലയിൽ അന്തരിച്ച ചന്ദ്രൻമാഷോടുള്ള ആദരസൂചകമായി നാല് സ്കൂൾതല ബാലവേദികൾ രൂപീകരിച്ചു; അഞ്ചിടങ്ങളിൽ ശാസ്ത്രകലോത്സവം സംഘടിപ്പിച്ചു.
നവംബര്‍ ഏഴിന് ബാലവേദി യൂണിറ്റുകളിൽ ബാലവേദിദിനാചരണ പരിപാടികൾ നടന്നു. (സി വി രാമൻ, മാഡം ക്യൂറി ദിനാചരണം). നവംബര്‍ ഏഴിന് ഗൂഗിൾ മീറ്റിലൂടെ ബാലവേദി പക്ഷാചരണത്തിന്റെ തുടക്ക പരിപാടിയെന്ന നിലയിൽ ബാലവേദിയുടെ മുൻ സംസ്ഥാന ചെയർമാൻ കെ മനോഹരൻ മാഷ് ‘കവിതാസല്ലാപം’ നടത്തി.
നവംബര്‍ 12 ന് ദേശീയപക്ഷി നിരീക്ഷണ ദിനാചരണം നടക്കുകയും കുട്ടികൾ പക്ഷികളെ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. കെ കെ മോഹൻദാസ് മാഷ് വിവിധ പക്ഷികളുടെ രസകരമായ വിവരങ്ങൾ വീഡിയോയിലൂടെ പരിചയപ്പെടുത്തി.
നവംബര്‍ 14 ന് ശിശുദിനാഘോഷം നടന്നു. തൊപ്പി നിർമ്മാണം, പോസ്റ്റർ, ചിത്രരചന, പ്രസംഗം,ക്വിസ്സ് എന്നിവ നടന്നു. കുട്ടികളോടൊപ്പം അരവിന്ദ് ഗുപ്ത എന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ വലിയ ആവേശം സൃഷ്ടിക്കാനായി.
നവംബര്‍ 15 ന് ബാലവേദി പക്ഷാചരണത്തിന്റെ ജില്ലാതല സമാപനത്തിൽ കെ ടി രാധാകൃഷ്ണൻ മാഷ് ‘കഥ വരമ്പിലൂടെ’ എന്ന പരിപാടി അവതരിപ്പിച്ചു. കുട്ടികളോട് കഥയും പാട്ടുമായി അദ്ദേഹം സംവദിച്ചു. നൂറിലധികം കുട്ടികൾ പങ്കെടുത്തു.
നവംബര്‍ 19 ന് ടി ഗംഗാധരൻ മാഷും എ ശ്രീധരൻ മാഷും പങ്കെടുത്ത ‘കുട്ടികൾക്കിണങ്ങുന പഞ്ചായത്ത് ‘ എന്ന ഓൺലൈൻ ചർച്ചാ ക്ലാസ്സ് നടന്നു.
നവംബര്‍ 21 ന് തൃശൂർ ജില്ലാ ബാലവേദി ഉപസമിതി എന്ന പേരിൽ ഫേസ്ബുക്ക് പേജ് ആരംഭിച്ചു.
നവംബര്‍ 29 ന് ബാലവേദി ഫേസ്ബുക്കിലൂടെ ബാലവേദിയുടേയും വിദ്യാഭ്യാസ ഉപസമിതിയുടെയും നേതൃത്വത്തിൽ വിജ്ഞാനോത്സവത്തിന്റെ പരിശീലന പ്രവർത്തനം നടന്നു. ജില്ലാ ഐടി സമിതിയുടെ സഹകരണത്തോടു കൂടി നടത്തിയ പരിപാടിയിൽ ശാസ്ത്രപരീക്ഷണ പ്രവർത്തനങ്ങൾ നടന്നു.
നവംബര്‍ 19 ന് ജില്ലാ പരിഷത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ആദ്യ അഖിലേന്ത്യാ ബാലോത്സവത്തിന്റെ ഓർമ്മകൾ കെ ടി രാധാകൃഷ്ണൻ മാഷ് പങ്കുവെച്ചു. ‘ദേശീയോദ്ഗ്രഥനത്തിനും സത്യാന്വേഷണത്തിനും എത്തിയ കൂട്ടുകാർ’ എന്നതായിരുന്നു പരിപാടിയുടെ പേര്. സംഘാടനത്തിൽ കല- സംസ്കാരം ജില്ലാ ഉപസമിതി സഹകരിച്ചു.
ഡിസംബർ 21 ന് ഗൂഗിൾ മീറ്റിലൂടെ ഗ്രഹസംഗമത്തെ കുറിച്ചും, ആകാശത്തെയും നക്ഷത്രങ്ങളെയും കുറിച്ചും കെ കെ മോഹൻ ദാസ് മാഷ് ക്ലാസ്സ് എടുത്തു. അമ്പതോളം കുട്ടികളാണ് പങ്കെടുത്തത്.
ഡിസംബര്‍ 26 ന് ദേശീയ ഗണിതശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ച് ചർച്ചാക്ലാസ്സ് നടന്നു.(ഡിസംബര്‍ 22ന് ആണ് ശ്രീനിവാസ രാമാനുജത്തിന്റെ ജന്മദിനമെങ്കിലും അന്ന് അസൗകര്യമുള്ളതിനാൽ 26ന് ആണ് നടത്തിയത്.) ബാലവേദിയുടെ അമരക്കാരനായിരുന്ന അന്തരിച്ച ചന്ദ്രൻമാഷോടുള്ള ആദരസൂചകമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ശ്രീനിവാസ രാമാനുജത്തെ കുറിച്ചും, ചന്ദ്രൻ മാഷേ കുറിച്ചും മാഷിന്റെ കണക്കിന്റെ കിളിവാതിലിലെ ചില പ്രവർത്തനങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിച്ചു കൊണ്ടും അതീവരസകരമായി കെ കെ ഹരീഷ് കുമാർ മാഷ് കുട്ടികളുമായി സംവദിച്ചു. 60 തോളം കുട്ടികളാണ് പങ്കെടുത്തത്.
കഴിഞ്ഞ വർഷം രൂപീകരിച്ച 64 ബാലവേദികളും, ഈ വർഷം പുതിയതായി രൂപീകരിച്ച 17 ബാലവേദികളുമുൾപ്പെടെ ആകെ 81 ബാലവേദികൾ ജില്ലയിലുണ്ട്. വി വി സുബ്രഹ്മണ്യൻ ചെയർമാനും പ്രിയൻ ആലത്ത് കൺവീനറുമായ ഉപസമിതിയാണ് തൃശ്ശൂർ ജില്ലയിൽ ഊർജസ്വലമായ ബാലവേദി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.