പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. കമറുദ്ദീന്‍ അന്തരിച്ചു
തിരുവനന്തപുരം: പെരിങ്ങമലയുടെ അതിജീവന സമരങ്ങളിൽ അറിവിന്റെ ആയുധമേന്തി മുന്നിൽ നടന്ന ഡോ. കമറുദ്ദീൻ കുഞ്ഞ് എം (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പെരിങ്ങമല ജൈവ വൈവിധ്യ രജിസ്റ്ററിന്റെ ഉപജ്ഞാതാവും കേരളാ സർവ്വകലാശാലാ കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗം റീഡറുമായിരുന്നു. പെരിങ്ങമലയിൽ നിർദ്ദേശിക്കപ്പെട്ട ഐ എം എ മാലിന്യപ്ലാന്റ്, ജില്ലാ കൃഷിതോട്ടത്തിനുള്ളിൽ നിർദ്ദേശിക്കപ്പെട്ട കേന്ദ്രീകൃത മാലിന്യപ്ലാന്റ് എന്നിവയ്ക്കെതിരെ തദ്ദേശവാസികൾക്ക് കൃത്യമായ നിലപാടെടുക്കാനും പ്രതിരോധിക്കാനും കഴിഞ്ഞത് അദ്ദേഹത്തിന്റെ വൈജ്ഞാനിക നേതൃത്വത്തിന്റെ കരുത്തുകൊണ്ട് കൂടിയായിരു ന്നു. സൂക്ഷ്മ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള അദ്ദേഹത്തിന്റെ വാദങ്ങളാണ് ഉദ്യോഗസ്ഥ തല ചർച്ചകളിൽ സമരസമിതിക്ക് മേൽക്കൈ നൽകിയത്.
പരിഷത്തിന്റെ പെരിങ്ങമല പഠനറിപ്പോർട്ടിലും അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. സംഘടനയ്ക്ക് എപ്പോഴും ആശ്രയിക്കാവുന്ന പരിസ്ഥിതി വിജ്ഞാന സ്രോതസുമായിരുന്നു ഡോ. കമറുദ്ദീൻ.