പാട്ടും കളിയുമായി ബാലവേദി പ്രവർത്തക ക്യാമ്പ്
തൃശൂർ : ജില്ലാ ബാലവേദി പ്രവർത്തകക്യാമ്പ് ഇരിങ്ങാലക്കുട മേഖലയിലെ ആനന്ദപുരം ഗവ: യുപി സ്കൂളിൽ ജൂലൈ 7, 8 തീയതികളിൽ നടന്നു. ജില്ലയിലെ ബാലവേദി പ്രവർത്തകർക്ക് ആത്മവിശ്വാസവും ആവേശവും പകരാൻ ദ്വിദിന ക്യാമ്പിന് കഴിഞ്ഞു.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാലവേദി ചെയർമാൻ വി.വി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കൺവീനർ പ്രിയൻ ആലത്ത് ക്യാമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് വാർഡ് അംഗങ്ങളായ കെ.എം. ജോൺസൺ, ടി.ആർ.വത്സൻ, സംഘാടകസമിതി കൺവീനർ എ.ടി. നിരൂപ് എന്നിവർ സംസാരിച്ചു.
“ബാലവേദി എന്ത്?എന്തിന്?” എന്ന് വിശദീകരിച്ചുകൊണ്ട് എം.കെ. ചന്ദ്രൻ മാസ്റ്റർ ക്ലാസെടുത്തു. ബാലവേദികളെ ഊർജ്ജസ്വലമാക്കാൻ വിവിധ കളികൾക്കുള്ള പങ്കിനെക്കുറിച്ചും അതിന്റെ രീതിശാസ്ത്രത്തെക്കുറിച്ചും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിലെ അധ്യാപകൻ ഡോ.ബി.പി. അരവിന്ദ് ക്ലാസെടുത്തു. അദ്ദേഹം വിവിധ കളികൾ പരിശീലനാർത്ഥികൾക്ക് പരിചയപ്പെടുത്തി. രാജൻ നെല്ലായി, ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ പാട്ടുകളും വിപിൻ നാഥ് കളികളും പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു. ചാന്ദ്രദിന പരിശീലനത്തിന് വി.വി. സുബ്രഹ്മണ്യൻ നേതൃത്വം നൽകി.
ക്യാമ്പിൽ, ജില്ലയിലെ വിവിധ മേഖലകളിൽനിന്ന് 43 പ്രവർത്തകരും 30 കുട്ടികളും സജീവമായി പങ്കെടുത്തു.
ജില്ലാ പ്രസിഡണ്ട് കെ.എസ്.ജയ, സെക്രട്ടറി ടി. സത്യനാരായണൻ, ജോയിന്റ് സെക്രട്ടറിമാരായ അംബിക സോമൻ, എ.ബി. മുഹമ്മദ് സഗീർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.