പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കരുത്

0

പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കരുത്
_________________________________
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കുമേല്‍ സാമ്പത്തികഭീഷണി മുഴക്കി അടിച്ചേല്‍പ്പിക്കുന്ന പി എം ശ്രീ (Pradhan Mantri Schools for Rising India- PM-SHRI ) പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
അഖിലേന്ത്യാവ്യാപകമായി ബ്ലോക്കുകളിലുള്ള ഏറ്റവും മികച്ച രണ്ടു വിദ്യാലയങ്ങള്‍ കേന്ദ്രസര്‍ക്കാ രിന്റെ അക്കാദമിക നിയന്ത്രണത്തിലാക്കി ദേശീയവിദ്യാഭ്യാസനയം നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
പദ്ധതി നടപ്പിലാക്കിയാല്‍ കേരളത്തിലെ 332 സ്‌കൂളുകള്‍ക്കായി അഞ്ചുവര്‍ഷത്തെ കേന്ദ്രവിഹിതമായി 1008 കോടി രൂപ ലഭിക്കും. എന്നാല്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ 978.53 കോടി രൂപ സംസ്ഥാനത്തിന് നഷ്ടപ്പെടും. മാത്രമല്ല 2023-24 അധ്യയനവര്‍ഷം എസ്.എസ്.കെ.(സമഗ്ര ശിക്ഷാ കേരള)യ്ക്കുള്ള ഫണ്ടില്‍ 187.78 കോടി രൂപയും, സ്റ്റാര്‍സ് പദ്ധതിക്കുള്ള 165.40 കോടി രൂപയും 2024-25 അധ്യയനവര്‍ഷം എസ്.എസ്. കെ. ഫണ്ടില്‍ ലഭിക്കേണ്ട 385.35 കോടിരൂപയും കേന്ദ്രസര്‍ക്കാര്‍ നല്‍കില്ല എന്നാണ് നിലപാട്. ചരിത്രത്തി ലാദ്യമായാണ് ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നിഷേധിക്കുമെന്ന നിലപാട് കേന്ദ്രസര്‍ക്കാരില്‍നിന്നുണ്ടാകുന്നത്.
2024 മാര്‍ച്ച് 30ന് കേരളസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ കത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും 2024-25 അധ്യയനവര്‍ഷം ധാരണാപത്രം ഒപ്പിടുകയെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ഈ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി കേന്ദ്രമായിരിക്കും തീരുമാനിക്കുക. അതായത് കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളില്‍ കേരള സിലബസ് പ്രകാരം പഠിപ്പിക്കാനാവാത്ത അവസ്ഥയുണ്ടാകും. ഹിന്ദുത്വഅജണ്ടയുടെ ഭാഗമായി വിദ്യാഭ്യാസപദ്ധതിയില്‍ ഭരണഘടനാമൂല്യങ്ങള്‍ തമസ്‌കരിക്കുന്ന നയം കേന്ദ്രതലത്തില്‍ സ്വീകരിച്ച് അതിനനുസൃതമായി പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. തികച്ചും ജനാധിപത്യവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ കെണിയില്‍ കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങളെ കുരുക്കിയിടലാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പി എം ശ്രീ വിദ്യാലയങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് SQAF(School Quality Assessment Framework) പ്രകാരമായിരിക്കും. അധ്യാപകനിയമനം, യോഗ്യത, മോണിറ്ററിംഗ് ഇയെല്ലാം ദേശീയവിദ്യാഭ്യാസനയം (NEP 2020) വിഭാവനം ചെയ്തതു പ്രകാരമായിരിക്കും.
കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെട്ട കേരളത്തിലെ വിദ്യാലയങ്ങള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ ത്തിലൂടെ മികച്ച ഭൗതിക സൗകര്യങ്ങള്‍ നേടിയവയാണ്. എന്നാല്‍ ഈ പദ്ധതി നടത്തിപ്പ് അനുസരിച്ച് അത്തരം വിദ്യാലയങ്ങളിലും പി എം ശ്രീ പദ്ധതി എന്ന ബോര്‍ഡ് വയ്‌ക്കേണ്ടിവരും. സംസ്ഥാനസര്‍ക്കാരുകളുടെ പദ്ധതി നിര്‍വഹണത്തിന്റെ ആനുകൂല്യങ്ങളടക്കം കേന്ദ്രം കവരുന്ന സ്ഥിതി ഇതുമൂലമുണ്ടാകുന്നു. സമീപ വിദ്യാലയങ്ങളെ ആശയപരമായി നയിക്കാനുള്ള (മെന്റര്‍) അവകാശവും പി എം ശ്രീ വിദ്യാലയങ്ങള്‍ക്കുണ്ട്. അതായത് സംസ്ഥാനത്തെ മറ്റ് വിദ്യാലയങ്ങളെയും പരോക്ഷമായി കേന്ദ്രസര്‍ക്കാ രിന്റെ നിയന്ത്രണത്തിലാക്കാന്‍ ഇടയാകും.
ഭരണഘടനയുടെ ഫെഡറല്‍സ്വഭാവത്തെ പൂര്‍ണമായും തകിടം മറിക്കുന്ന ഒരു പദ്ധതിയാണിത്. സ്‌കൂള്‍വിദ്യാഭ്യാസ പദ്ധതി നിര്‍വഹണത്തിലൂടെ വളര്‍ത്തിയെടുക്കേണ്ട വികേന്ദ്രീകൃത ആസൂത്രണപ്രക്രിയയും, ക്ലാസ്-സ്‌കൂള്‍തല ഗുണമേന്മ വര്‍ധനവിനായി രൂപപ്പെടേണ്ട പ്രദേശിക മുന്‍കൈകളും ഇല്ലാതാ ക്കുന്നു. ഒരു രാജ്യം ഒറ്റത്തരം ക്ലാസ് റൂം എന്ന പ്രക്രിയ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇത് യാന്ത്രിമായ ഒരു സമീപനം മാത്രമായി കണക്കിലെടുക്കാനാവില്ല. അധികാരകേന്ദ്രീകരണത്തിന്റയും വര്‍ഗീയതയുടെയും പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള കുറുക്കുവഴികളുടെ പരിണതിയാണ് ഈ പദ്ധതി.
ഈ സാഹചര്യത്തില്‍ ദേശീയവിദ്യാഭ്യാസനയത്തെ പ്രത്യക്ഷീകരിക്കുന്നതിനായി ആവിഷ്‌കരിച്ചതാണ് പി എം ശ്രീ പദ്ധതിയെന്ന് തിരിച്ചറിഞ്ഞ് അതിനായുള്ള ധാരണാപത്രത്തില്‍ ഒപ്പിടരുതെന്ന് കേരളസര്‍ക്കാ രിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

ടി ക മീരാഭായി
പ്രസിഡണ്ട്
പി വി ദിവാകരൻ
ജനറൽ സെക്രട്ടറി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Leave a Reply

Your email address will not be published. Required fields are marked *