പി എസ് സി പരീക്ഷകൾ ഇനി മലയാളത്തിലും

0

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ആവശ്യം പി എസ് സി അംഗീകരിച്ചു

തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുഭാവ ഉപവാസം ആർ വി ജി മേനോൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കെ എ എസ് ഉൾപ്പെടെ പി എസ് സി നടത്തുന്ന എല്ലാ പരീക്ഷകളുടെയും ചോദ്യങ്ങൾ മലയാളത്തിലും വേണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ഇടപെടലിനെതുടർന്ന് പിഎസ്‌സി അംഗീകരിച്ചു. ഇതേതുടർന്ന് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 29 മുതൽ തിരുവനന്തപുരം പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ നടന്ന നിരാഹാരസമരം പിൻവലിച്ചു. പി എസ്‍ സി പരീക്ഷകള്‍ മലയാളത്തിലാക്കുമെന്നും സാങ്കേതിക പദങ്ങളുടെ വിജ്ഞാനകോശം തയ്യാറാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളെ സമര സമിതി സ്വാഗതം ചെയ്തു.‌
എന്‍ പി പ്രിയേഷ്, രൂപിമ, ശ്രേയ എസ് ആര്‍, സുഭാഷ് പി, അനൂപ് വളാഞ്ചേരി എന്നിവരാണ് 19 ദിവസം നീണ്ട സമരത്തിൽ നിരാഹാരമിരുന്നത്. നിരാഹാര സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തിനു പുറമേ കോഴിക്കോട് , കണ്ണൂർ, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും നിരാഹാര സമരത്തോട് മുഖം തിരിച്ച പി എസ് സി യുടെ നിലപാടിൽ പ്രതിഷേധിച്ച് തിരുവോണനാളിൽ കേരളത്തിലങ്ങോളമിങ്ങോളം നടന്ന ഉപവാസ സമരത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെ വിവിധ സംഘടനകളും സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കുചേർന്നു.
മലയാളത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയാൽ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്ന പി എസ് സി യുടെ നിലപാട് മലയാളികളെ നാണം കെടുത്തുന്നതാണ് ആർ വി ജി മേനോൻ അഭിപ്രായപ്പെട്ടു. സംയുക്ത സമരസമിതി പി എസ് സി ആസ്ഥാനത്തിന് മുന്നിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി തിരുവനന്തപുരം ജില്ലാ കമ്മറ്റി നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മലയാളത്തിൽ പരീക്ഷ നടത്താൻ സമരം ചെയ്യുന്നത് ലജ്ജാകരമാണ്. പരീക്ഷകൾ മലയാളത്തിൽ നടത്തുന്നതിന് സർക്കാർ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കവി വി മധുസൂദനൻ നായർ അധ്യക്ഷനായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ‘കാവ്യാലാപനം’ കൂട്ടായ്മയിലെ അംഗങ്ങൾ കവിതകളും പാട്ടുകളും അവതരിപ്പിച്ചു. ഹരിദാസൻ, സുബൈർ അരിക്കുളം, പി രാമഭദ്രൻ, പ്രഹ്ലാദൻ, ഡോ. സി പി അരവിന്ദാക്ഷൻ, ജില്ലാ സെക്രട്ടറി എസ് ജയകുമാർ, ബി രമേശ്, എൻ ജഗജീവൻ, പി എസ്‌ രാജശേഖരൻ, കെ കെ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. കെ രാജീവ്, മനോജ് പുളിമാത്ത്, കൃഷ്ണൻ കുറൂർ, ജയദാസ്, അബൂബക്കർ, മണിയമ്മ, സലിം അഞ്ചൽ സപ്തപുരം അപ്പുക്കുട്ടൻ തുടങ്ങിയവർ കവ്യാലാപനത്തിൽ പങ്കാളികളായി. സമരപ്പന്തലിൽ നന്ദിയോട് പച്ച സ്കൂളിലെ വിദ്യാർത്ഥികൾ കാവ്യകേളി അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *