പേപ്പറും പേനയും ഇല്ലാതെ ഓണ്‍ലൈനായി ഒരു പരിസര ക്വിസ്
STEP 2018 ഉദ്ഘാടനചടങ്ങിനിടെ ധനകാര്യ വകുപ്പു മന്ത്രി ഡോ.ടി.എം.തോമസ് ഐസക് കുട്ടികള്‍ക്കൊപ്പം
ആലപ്പുഴ: ജില്ലാ പരിസരവിഷയസമിതി സംഘടിപ്പിച്ച ജില്ലാതലപരിസരദിന ക്വിസ് ജൂലൈ 1ന് ആലപ്പുഴ ഗവ.മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.കെ.ടി.മാത്യു ഉദ്ഘാടനം ചെയ്തു. പരിസരദിനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ സ്‌കൂള്‍ തലക്വിസില്‍ മികവു പുലര്‍ത്തിയ കുട്ടികളാണ് പേപ്പറും പേനയും ഇല്ലാതെ സ്മാര്‍ട്ട് ഫോണിലൂടെ ഓണ്‍ലൈനായി ജില്ലാതലപരീക്ഷയില്‍ പങ്കാളികളായത്. നടന്ന ജില്ലാതല ക്വിസില്‍ 76 സ്‌കൂളുകളില്‍ നിന്നായി 182 കുട്ടികള്‍ പങ്കെടുത്തു. ഇതില്‍ 108 കുട്ടികള്‍ (60 ശതമാനം) സ്മാര്‍ട്ട് ഫോണിലൂടെ ഓണ്‍ലൈനായാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. രജിസ്‌ട്രേഷന്‍ മുതല്‍ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പരിപാടി നടത്തപ്പെട്ടത്. ഭിത്തിയില്‍ പല സ്ഥലങ്ങളിലായി പതിപ്പിക്കപ്പെട്ട QRകോഡ് സ്‌ക്വാന്‍ ചെയ്‌തോ ടൈപ്പ് ചെയ്‌തോ കുട്ടികള്‍ക്ക് സ്വയം സ്മാര്‍ട്ട് ഫോണിലൂടെ രജിസ്‌ട്രേഷന്‍ നടത്താം. ക്വിസ് ചോദ്യപേപ്പറിനു പകരം ഗൂഗിള്‍ ഫോമില്‍ ഒരു ലിങ്ക് നല്‍കി. QRകോഡ് ഉപയോഗിച്ച് അത് തുറക്കുമ്പോള്‍ ചോദ്യാവലി ഫോണില്‍ ദൃശ്യമാകും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യാവലിയില്‍ ശരിയായ ഉത്തരം കുട്ടികള്‍ അടയാളപ്പെടുത്തണം. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുന്നതോടെ പരീക്ഷ പൂര്‍ത്തിയാകും. ഉത്തരം സബ്മിറ്റ് ചെയ്യപ്പെടുമ്പോള്‍ നേരത്തെ തയ്യാറാക്കി പ്രോഗ്രാം ചെയ്തിരുന്ന ഉത്തര താക്കോലു വഴി പരിശോധിക്കാന്‍ കൂടി കുട്ടികള്‍ക്ക് അവസരം ലഭിച്ചു.
സ്മാര്‍ട്ട് ഫോണ്‍ കൊണ്ടുവരാന്‍ കഴിയാത്ത കുട്ടികള്‍ക്കും (28%) ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാതെ പോയ കുട്ടികള്‍ക്കും (12%) പകരം സംവിധാനവും ഒരുക്കി.
കുട്ടികള്‍ക്കായി ജലം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളെ അധികരിച്ച് ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ.ഷൈലേഷ് ചന്ദ്രന്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ ഡോ.മാര്‍ട്ടിന്‍, ഡോ.ജയചന്ദ്രന്‍, ഡോ.മനീഷ് മൈക്കിള്‍, എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. പി. ജയരാജ്, ജി.ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കായുള്ള ക്ലാസും നടന്നു.
ഉദ്ഘാടന സമ്മേളനത്തില്‍ എന്‍.ആര്‍.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി.വി. ജോസഫ്, ജില്ലാ സെക്രട്ടറി സി. പ്രവീണ്‍ ലാല്‍, ജില്ലാ പരിസര വിഷയ സമിതി ചെയര്‍മാന്‍ ദീപക് ദയാനന്ദന്‍, കണ്‍വീനര്‍ ജയന്‍ ചമ്പക്കുളം എന്നിവര്‍ സംസാരിച്ചു. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്വിസിനും രോഹിത് ജോസഫ്, പി.എസ്.സ്വരാജ്, ജിബിന്‍ ലൂയിസ്, നിതിന്‍ ബെഞ്ചമിന്‍, അമ്പാടി, എം.രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് ശാസ്ത്ര പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും പേപ്പര്‍ പേനയും നല്‍കി.
STEP 2018: ജില്ലാതല പരിസരദിന ക്വിസില്‍ മികവു പുലര്‍ത്തിയ 100 കുട്ടികളെ തെരഞ്ഞെടുത്ത് പങ്കെടുപ്പിക്കുന്ന STEP 2018 (Scientific Temper Enhancement Programme) ശാസ്ത്രാഭിമുഖ്യ പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പു മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍വഹിച്ചു. ഒരു വര്‍ഷം നീണ്ടു നില്കുന്ന ഗവേഷണ പഠന പരിപാടിയായ STEP ല്‍ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ജില്ലയിലെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടേയും അക്കാദമിക് വിദഗ്ധരുടെയും സഹായത്തോടെ പരിസരപ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും അവസരം ഒരുക്കും. കുട്ടികള്‍ തയ്യാറാക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ ഡിസംബറില്‍ നടക്കുന്ന ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിക്കും.