പ്രൊഫ. സി ജെ ശിവശങ്കരനെ അനുസ്മരിച്ചു
തൃശ്ശൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന പ്രൊഫ. സി. ജെ. ശിവശങ്കരനെ അനുസ്മരിച്ചു. തൃശ്ശൂർ ജില്ലാകമ്മിറ്റിയാണ് സാഹിത്യ അക്കാദമി അങ്കണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചത്.
പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ ആർ ജനാർദ്ദനൻ സി ജെ എസിനെ അനുസ്മരിച്ച് സംസാരിച്ചു. പ്രസിദ്ധീകരണ സമിതി ചെയർമാൻ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രൊഫ. പി എൻ പ്രകാശൻ (AKGCT), കെ കെ രാജൻ (KSTA), എൻ സുരേഷ് (BEFI), ഡോ. കെ പ്രദീപ് കുമാർ (AKPCTA), കെ എസ് ജയ (ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ), ടി കെ മീരാഭായ് (എഡിറ്റർ, യുറീക്ക), പ്രൊഫ. ആർ ബിന്ദു (പ്രിൻസിപ്പാൾ, ശ്രീകേരളവർമ്മ കോളേജ്), പ്രൊഫ.എം ഹരിദാസ് (താലൂക്ക് ലൈബ്രറി കൗൺസിൽ), ഡോ. കെ രാജേഷ് (ഐ.ആർ.ടി.സി), എ പി സരസ്വതി, അഡ്വ. കെ പി രവി പ്രകാശ്, പ്രൊഫ. ഐശ്വര്യ എസ് ബാബു, വി എ മോഹനൻ (NFPE), ആനന്ദവല്ലി, ടി സത്യനാരായണൻ എന്നിവരും സി ജെ എസ്സിന്റെ മകൻ എസ് സുനിലും സംസാരിച്ചു.പ്രൊഫ. സി ജെ ശിവശങ്കരന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, എന്നീ നിലകളിൽ പ്രവർത്തിച്ചു. ഐ. ആർ. ടി. സി. രജിസ്ട്രാർ, പ്രസിദ്ധീകരണ സമിതി ചെയർമാന്‍, കണ്‍വീനര്‍, പുസ്തകക്കാഴ്ചയുടെ എഡിറ്റർ ഉൾപ്പെടെ നിരവധി സംഘടനാ ചുമതലകൾ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. എ. കെ. പി. സി. ടി. എ സംസ്ഥാന ട്രഷറർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം തലവനായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്. ഇരിങ്ങാലക്കുട ‘മഞ്ജുഷ’യിൽ ആയിരുന്നു താമസം. തൃശ്ശൂർ അയ്യന്തോൾ വിളക്കപ്പള്ളിയിൽ ഗോവിന്ദൻ നായരുടെയും കോലഴി ചങ്ങരങ്ങത്ത് ജാനകിയമ്മയുടെയും ഏഴാമത്തെ പുത്രനാണ്.
ഭാര്യ: പ്രേമ. മക്കൾ: സുനിൽ, ഡോ. സിന്ധു (അധ്യാപിക). മരുമക്കൾ: സരിത, സി. എൽ. ജോഷി (രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). ‘ആത്മാക്ഷരങ്ങൾ’ അദ്ദേഹത്തിന്റ ആത്മകഥയാണ്.