ഭാവി പ്രവർത്തന സമീപനം
നഷ്ടമായിക്കൊണ്ടിരിക്കുന്ന ശാ സ്ത്രാവബോധത്തെ തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ജില്ലാ സംസ്ഥാന സംഘടനാ രേഖകളിൽ നാം പ്രധാനമായും ഊന്നിയത്. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം കൂടുതൽ പ്രസക്തമാകുകയും പ്രയോഗക്ഷമമാവുകയും ചെയ്യുന്നത് അപ്പോഴാണെന്നും അമ്പത്താറാം വാർഷികം വിലയിരുത്തി. കേരളം നേടിയ സാമൂഹ്യ പുരോഗതിയിൽ ശാസ്ത്രവിജ്ഞാനവും ശാസ്ത്രാഭിമുഖ്യവും വഹിച്ച പങ്ക് വളരെ വലുതാണ്. ആറു പതിറ്റാണ്ടിനിടയിൽ വിദ്യാഭ്യാസരംഗത്ത് നാം വലിയ പുരോഗതി കൈവരിച്ചു. ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ കൈവന്ന ശാസ്ത്രജ്ഞാനമാണ് ജീവിതഗുണതയിൽ വിശേഷിച്ച് ആരോഗ്യരംഗത്തുണ്ടായ പുരോഗതിയുടെ അടിത്തറ. വിധിവിശ്വാസത്തിൽനിന്നും അനാചാരങ്ങളിൽ നിന്നും മുക്തമായി ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച സാമൂഹ്യപ്രവർത്തകരെ സൃഷ്ടിച്ചത് കേരളത്തിൽ പടർന്ന ശാസ്ത്രാഭിമുഖ്യമാണ്. അവരാണ് കേരളസമൂഹത്തെ സാമൂഹ്യനീതിയിലും തുല്യതയിലും ഊന്നി മുന്നോട്ട് നയിക്കുന്നതിൽ മുൻനിന്ന് പ്രവർത്തിച്ചത്.
ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസം നേടുന്നതിൽ കേരളീയർ ഏറെ മുന്നിലാണ്. രാജ്യത്തിനകത്തെയും പുറത്തെയും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലെ മലയാളി സാന്നിധ്യം ശക്തമാണ്. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ വൈപുല്യവും കേരളത്തിന്റെ കരുത്താണ്. ശാസ്ത്രീയമായി ജീവിതത്തെ അഭിമുഖീകരിക്കാനും സാമൂഹ്യ വികസന പ്രശ്നങ്ങളിൽ ശാസ്ത്രത്തിന്റെ രീതി പ്രയോജനപ്പെടുത്താനും ഈ വളർച്ച സഹായകരമാകേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ കേരളത്തിലെ സാമൂഹ്യജീവിതം പരിശോധിച്ചാൽ ശാസ്ത്രത്തിന്റെ വഴികളിൽനിന്ന് നാം പിന്തിരിഞ്ഞു നടക്കുന്നതായി കാണാം. വിധിവിശ്വാസത്തിലേക്കും അന്ധ വിശ്വാസത്തിലേക്കുമുള്ള തിരിച്ചുപോക്ക്, ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ജാതിമത സ്വത്വത്തിനും നൽകുന്ന പ്രാധാന്യം, വ്യാജപരസ്യങ്ങളുടെയും കേട്ടുകേൾവികളുടെയും പിന്നാലെയുള്ള പോക്ക്, ശരീരവും വീട്ടുപരിസരവും പരിപാലിക്കുന്നതിലെ അശാസ്ത്രീയത, അശാസ്ത്രീയ വികസന മാതൃകകൾ… ഈ വിധം വ്യക്തിജീവിതത്തിലും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനത്തിലും അശാസ്ത്രീയത വെച്ചു പുലർത്തുന്ന നിരവധി കാര്യങ്ങൾ കാണാം.
കഴിഞ്ഞ വർഷമുണ്ടായ രണ്ടത്യാപത്തുകളായ നിപയെ പ്രതിരോധിച്ചതും മഹാപ്രളയത്തെ അതിജീവിച്ചതും ജാതിമതഭേദമെന്യേയുള്ള സാമൂഹ്യകൂട്ടായ്മയുടെയും ശാസ്ത്രവിനിയോഗത്തിന്റെയും വഴികളിലൂടെയാണ് എന്നത് നാം കടന്നുവന്ന മാർഗങ്ങളുടെ കരുത്താണ്. എന്നാൽ കേരളം പാരിസ്ഥിതികമായും സാമൂഹ്യമായും എത്രത്തോളം ദുർബലമായികൊണ്ടിരിക്കുന്നു എന്ന് പ്രളയത്തിലേക്ക് നയിച്ച കാര്യങ്ങളും ശബരിമല കോടതി വിധിയോടുള്ള പ്രതികരണങ്ങളും വിളിച്ചു പറയുന്നു. ആഗോളതാപനം കേരളത്തെ ഏതെല്ലാം തരത്തിൽ ബാധിക്കുമെന്നതിന്റെ സൂചനകളാണ് അതിവൃഷ്ടിയും സമീപകാലത്ത് അനുഭവപ്പെട്ട അത്യുഷ്ണവും. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേതകളും പരസ്പരബന്ധങ്ങളും പരിഗണിക്കാതെ നടത്തിയ വികസന പ്രക്രിയയാണ് അതിവൃഷ്ടിയെ മഹാപ്രളയമാക്കി മാറ്റിയത്. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രബോധം സമൂഹത്തിൽ വ്യാപരിക്കുന്നില്ല എന്നതിന് തെളിവാണ് ആചാരങ്ങളുടെ പേരിലും സ്ത്രീപുരുഷ തുല്യതയെ നിഷേധിച്ചും അഭ്യസ്തവിദ്യരായ സ്ത്രീകളെതന്നെ സംഘടിപ്പിച്ച് നടത്തിയ ശബരിമല പ്രതിഷേധങ്ങൾ.
പ്രകൃതിയെയും സമൂഹത്തെയും ശാസ്ത്രീയമായി സമീപിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്ന ഒരു മഹായജ്ഞമാണ് കേരളത്തിൽ രൂപപ്പെടേണ്ടത്. ദേശീയതലത്തിൽ ഉയരുന്ന ശാസ്ത്രനിഷേധത്തിന്റെ വൻവെല്ലുവിളിയെ നേരിടാനും അതാവശ്യമാണ്. സർക്കാരിനെയും ജനകീയ പ്രസ്ഥാനങ്ങളെയും മാധ്യമങ്ങളെയുമെല്ലാം ഈ മഹായജ്ഞത്തിൽ പങ്കാളികളാക്കണം. ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമെന്നനിലയിൽ ഈ ഒരു യജ്ഞത്തിന് മുൻകൈയെടുക്കാനും നേതൃത്വം കൊടുക്കാനുമാണ് വരും വർഷം നാം ലക്ഷ്യമിടുന്നത്.
യുക്തിരാഹിത്യത്തിനും അശാസ്ത്രീ യതകൾക്കുമെതിരെ കേവലമായ പ്രചരണത്തിനു പകരം ശാസ്ത്രവിജ്ഞാനവും ശാസ്ത്രീയമായ പ്രപഞ്ചവീക്ഷണവും പ്രചരിപ്പിച്ചുകൊണ്ടും വിമർശനബുദ്ധി ഉണർത്തിക്കൊണ്ടും ശാസ്ത്രീയ ചിന്തയിലേക്കെത്താൻ പ്രേരിപ്പിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കുകയോ പങ്കാളിയാവുകയോ അല്ല, വികസനത്തെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും ലഭ്യമായ വിവരങ്ങൾ സമാഹരിച്ച് ജനങ്ങളെ കൂടുതൽ ശരിയായ നിലപാടിലെത്തിച്ചേരാൻ സഹായിക്കുകയുമാണ് ചെയ്യേണ്ടത്.
ഇതിനായി ഇനിപ്പറയുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുക.
പഠനക്രമത്തിൽ ഇടപെട്ടും ബാലവേദി പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൽ ശാസ്ത്രബോധവും സാമൂഹ്യപ്രതിബദ്ധതയും സൃഷ്ടിക്കൽ.
ജ്യോതിശാസ്ത്ര സംഭവങ്ങളെയും ശാസ്ത്ര വാർഷികങ്ങളെയും ശാസ്ത്രത്തിന്റെ രീതിയും വളർച്ചയും ചർച്ച ചെയ്യാനുള്ള അവസരമാക്കൽ. അവയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അബദ്ധ വിശ്വാസങ്ങൾ എങ്ങിനെ തിരുത്തപ്പെട്ടു എന്ന് ബോധ്യപ്പെടുത്തൽ.
പ്രപഞ്ചം, പദാർത്ഥം, പരിണാമം എന്നീ വിഷയങ്ങളിലെ ശാസ്ത്രധാരണകൾ സമഗ്രവും എന്നാൽ ലളിതവുമായി പരിചയപ്പെടുത്തി ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണം വളർത്തൽ.
മാനവ പുരോഗതിയുടെ വിവിധ മേഖലകളിൽ ശാസ്ത്രം വഹിച്ച പങ്കിനെ ബോധ്യപ്പെടുത്തൽ.
ശാസ്ത്രത്തിന്റെ രീതിയും സവിശേഷതകളും ബോധ്യപ്പെടുത്തി കപടശാസ്ത്രങ്ങളെയും അബദ്ധ വിശ്വാസങ്ങളെയും തിരിച്ചറിയാൻ സഹായിക്കൽ.
ശാസ്ത്രത്തിന്റെ വളർച്ചയും അതിൽ ഭാരതത്തിന്റെ സംഭാവനകളും പരിചയപ്പെടുത്തി ഇക്കാര്യങ്ങളിലുള്ള കപട വാദങ്ങളെ പ്രതിരോധിക്കൽ.
ഓരോ വികസനമേഖലകളിലും ശാസ്ത്രവിജ്ഞാനത്തിന്റെയും ആവശ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ അവിടുത്തെ അശാസ്ത്രീയ ധാരണകളെ തിരുത്തൽ, ജനപക്ഷവും ശാസ്ത്രീയവുമായ ബദലുകൾ നിർദേശിക്കൽ. ആവശ്യമായ പഠന പ്രവർത്തനങ്ങൾ ഏറ്റെടുക്കൽ.
ഭൗമ പ്രതിഭാസങ്ങളെപ്പറ്റിയും ആഗോളതാപനത്തെപ്പറ്റിയും പൊതു സമൂഹത്തിൽ അവബോധം സൃഷ്ടിക്കൽ.
ശാസ്ത്രീയമായ മാലിന്യ സംസ്കരണവും സ്ഥലജല മാനേജുമെന്റും എങ്ങിനെയാവണം എന്ന ചർച്ചകൾ ഉയർത്തൽ
വികസനത്തിന്റെ ഭിന്ന സമീപനങ്ങൾ ചർച്ചചെയ്തും വികസനാജണ്ടകളെ ജനപക്ഷത്തു നിന്നു വിലയിരുത്തിയും വികസനവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ബോധ്യപ്പെടുത്തൽ. ജനപക്ഷ രാഷ്ട്രീയത്തിനായി നിലകൊള്ളൽ.
ഈ പ്രവർത്തനങ്ങളെല്ലാം ഏറ്റെടുക്കാനാവുംവിധം സംഘടനയുടെ അംഗത്വചേരുവയിലും അക്കാദമിക ശേഷിയിലും മികവ് വരുത്തൽ.