മലപ്പുറത്ത് പതിനായിരം ആരോഗ്യ ക്ലാസ്സുകള്‍ക്ക് തുടക്കമായി
മലപ്പുറം: കേരളത്തില്‍ ആരോഗ്യരംഗത്ത് അശാസ്ത്രീയ പ്രചാരണങ്ങളും വ്യാജചികിത്സയും ഭീഷണിയാണെന്ന് ആസൂത്രണ കമ്മീഷനംഗം ഡോ.ബി.ഇക്ബാല്‍ അഭിപ്രായപ്പെട്ടു. മഞ്ചേരി പബ്ലിക്ക് ലൈബ്രറിയില്‍ പതിനായിരം ആരോഗ്യ ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ ചികിത്സാരംഗത്ത് ലോകത്തിന് മാതൃകയായ കേരളത്തില്‍ അശാസ്ത്രീയ ചികിത്സയും മരണങ്ങളും കൂടുന്നത് വൈരുധ്യമാണ്. അര്‍ബുദം മൂലം മരണമടയുന്നവരില്‍ 40 ശതമാനം പേരും അശാസ്ത്രീയ ചികിത്സക്ക് വിധേയമായവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിഷത്ത് പ്രവര്‍ത്തകര്‍, പബ്ലിക്ക് ലൈബ്രറി അംഗങ്ങള്‍, ഡോക്ടര്‍മാര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ കോളേജുകളിലെ മെഡിക്കല്‍ വിദ്യാത്ഥികള്‍, നേഴ്‌സിംഗ് വിദ്യാത്ഥികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി നൂറ്റമ്പതിലേറെ പേര്‍ പങ്കെടുത്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.വി.മണികണ്ഠന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.ആര്‍.പ്രമോദ്, ആരോഗ്യ വിഷയ സമിതി കണ്‍വീനര്‍ കെ. അരുണ്‍കുമാര്‍, KGMOA സംസ്ഥാന സെക്രട്ടറി ഡോ.റൗഫ്, IMA നേതാവ് ഡോ.കെ.പി.കുമാരമേനോന്‍, എന്‍.പ്രദീപ്, ഷിബു അസ്ത്ര, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നേതാവ് ഡോ.കെ.ടി. അസൈനാര്‍, എന്‍.ടി.ഫാറൂഖ്, കെ.കെ.ദിനേശ് എന്നിവര്‍ സംസാരിച്ചു. KGMOA , IMA ,KGNA,, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തു. മഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘാടക സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.