‘മഴക്കാലരോഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും’ – ബോധവല്‍ക്കരണ ക്ലാസ്സുകള്‍
ചാവക്കാട് : മഴക്കാലം പകര്‍ച്ച വ്യാധികളുടെ കൂടി കാലമായി മാറിയിരിക്കുന്നു. സാമൂഹ്യശുചിത്വമില്ലായ്മ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. ഈ മഴക്കാലത്ത് കുരഞ്ഞിയൂരില്‍ നിന്ന് ഒരു ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുക കൂടി ചെയ്തപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളിലൂടെ ഇടപെടാനും ചാവക്കാട് മേഖലയിലെ കുരഞ്ഞിയൂര്‍ യൂണിറ്റ് തീരുമാനിക്കുകയായിരുന്നു. ജൂലൈ 29 ശനിയാഴ്ച്ച 2 മണിക്ക് ഒരേ സമയം ആറ് വ്യത്യസ്ത കേന്ദ്രങ്ങളിലായി ‘മഴക്കാല രോഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ ക്ലാസ്സുകള്‍ നയിച്ചു.
കൊരഞ്ഞിയൂരിലെ തച്ചിനിട വഴിതോട് പരിസരം, മില്ല്പറമ്പ്, പാന്തറ, ലക്ഷം വീട്, മച്ചിങ്ങല്‍, കുരഞ്ഞിയൂര്‍ വടക്ക് തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന ക്ലാസ്സുകള്‍ മേഖലാ ജോയിന്റ് സെക്രട്ടറി സുവര്‍ണ മുരളി, കെ.വി വിപീഷ് കെ.കെ മജീദ്, ഐ പി രാജേന്ദ്രന്‍, മുനാഷ് മച്ചിങ്ങല്‍ എന്നിവര്‍ യഥാക്രമം ഉദ്ഘാടനം ചെയ്തു. പൂക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സെബി വര്‍ഗ്ഗീസ്, യൂനുസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രജിത്ത്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കിഷോര്‍, ഡോ. നിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി മാധവന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
ക്ലാസ്സുകളുടെ സംഘാടനത്തിന് യൂണിറ്റ് സെക്രട്ടറി മഹേഷ് കെ എം, പ്രസിഡണ്ട് ഗീതാദേവി, വി എസ് മോഹന്‍ദാസ്, സബിത പ്രേമന്‍ എന്നിവര്‍ ചുക്കാന്‍ പിടിച്ചു. ഒരു ജനകീയാരോഗ്യ പ്രസ്ഥാനമെന്ന നിലയില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ കുരഞ്ഞിയൂര്‍ യൂണിറ്റിന് കഴിഞ്ഞു.