മാതൃഭാഷയ്ക്കായി തിരുവോണത്തിന് കൂട്ടഉപവാസം നടത്തി
തൃശൂർ: കോർപ്പറേഷൻ കാര്യാലയത്തിന് മുന്നിൽ തിരുവോണനാളിൽ നടന്ന ഉപവാസ സമരത്തില്‍ ശാസ്ത്ര- സാംസ്കാരിക- സാമൂഹിക- സാഹിത്യ രംഗങ്ങളിലെ പ്രവർത്തകർ പങ്കെടുത്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മലയാള ഐക്യവേദി, പുരോഗമന കലാസാഹിത്യ സംഘം, യുവകലാസാഹിതി, എ.കെ.പി.സി.ടി.എ, സെക്കുലർ ഫോറം, പെൻഷനേഴ്സ് യൂണിയൻ, നാടക്, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി തുടങ്ങിയ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സാംസ്കാരിക കൂട്ടായ്മയാണ് ഉപവാസ സമരം സംഘടിപ്പിച്ചത്.
കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ ഉപവാസം ഉദ്ഘാ ടനം ചെയ്തു. കേരള പി.എസ്.സി യോട്, അവർ നടത്തുന്ന പരീക്ഷകൾ മാതൃഭാഷയിൽ കൂടിയാക്കാൻ ഒരു മുഖ്യമന്ത്രിയ്ക്ക് ചർച്ച നടത്തേണ്ടി വരുന്ന സാഹചര്യം വളരെ ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. നേരെ തിരിച്ചാണ് സംഭവിക്കേണ്ടിയിരുന്നത്. മനുഷ്യാവകാശ ധ്വംസനത്തിനെതി രെയാണ് ഈ സമരം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. സി രാവുണ്ണി അധ്യക്ഷത വഹിച്ചു. നിർവാഹകസമിതി അംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നമ്മൾ നമ്മളോട് തന്നെ ചെയ്യുന്ന സമരം ആണിതെന്ന് അദ്ദേഹം പറഞ്ഞു. അനുരഞ്ജനത്തിനും സമാധാനത്തിനും വികസനത്തിനും വേണ്ടി തദ്ദേശഭാഷകളുടെ വർഷമായി 2019നെ യുനെസ്കോ പ്രഖ്യാപിച്ച അവസരത്തിൽ തന്നെ മാതൃഭാഷയ്ക്കു വേണ്ടി സമരം ചെയ്യേണ്ടി വന്ന ഗതികേടിലാണ് നാം എന്ന് അദ്ദേഹം പറഞ്ഞു.
ടി കെ മീരാഭായ്, ഡോ. എം എൻ വിനയകുമാർ, ഇ എം സതീശൻ, ഹേമ ജോസഫ്, കെ പി രാമനുണ്ണി, ഐ ഷൺമുഖദാസ്, പ്രഭാകരൻ, രേണു രാമനാഥ്, സി ആർ ദാസ്, ഡോ. പി കെ കുശലകുമാരി, കെ കെ പി സംഗീത, ഇ ഡി ഡേവിസ്, അഡ്വ. ആശ ഉണ്ണിത്താൻ, ഡോ. പി രൺജിത്ത്, അഗസ്റ്റിൻ കുട്ടനെല്ലൂർ, അമൽ സി രാജ്, ഇ ദിനേശൻ, ടി സത്യനാരായണൻ, ടി എ ഷിഹാബുദീൻ എന്നിവർ സംസാരിച്ചു. എസ് കെ വന്തൻ, കെ സഹദേവൻ, വി ജി ഗോപാലകൃഷ്ണൻ, സി വിമല, വി യു സുരേന്ദ്രൻ, ഗ്രേസി, ഹരിമിഴി എന്നിവർ പങ്കെടുത്തു.