മിയോവാകി കാടുകൾ: പരിഷത്ത് പദ്ധതിയ്ക്ക് തുടക്കമായി
തൃശ്ശൂർ: ജില്ലയിൽ 100 ‘മിയോവാകി കാടുകൾ’ എങ്കിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയ്ക്ക് പരിസരദിനത്തിൽ തുടക്കം കുറിച്ചു.
അരണാട്ടുകരയിലെ 18 ഏക്കർ വിസ്തൃതിയുള്ള ജോൺ മത്തായി സെന്ററിന്റെ കാമ്പസിലാണ് വൃക്ഷത്തൈ നട്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പരിഷത്തിന്റെയും ഫോറസ്ട്രി കോളേജിന്റെയും ജോൺ മത്തായി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
തൃശ്ശൂർ കോർപ്പറേഷൻ മേയർ അജിത ജയരാജൻ ഞാവൽ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ജോൺ മത്തായി സെന്റർ ഡയറക്ടർ ഡോ. ഡി ഷൈജൻ അധ്യക്ഷത വഹിച്ചു. ഫോറസ്ട്രി കോളേജ് പ്രൊഫസർ ഡോ. ജമാലുദീൻ ‘മിയോവാകി’ വനത്തെപ്പറ്റി വിശദീകരിച്ചു. ജില്ലാസെക്രട്ടറി ടി സത്യനാരായണൻ, കോർപറേഷൻ കൗൺസിലർമാരായ ഫ്രാൻസിസ് ചാലിശ്ശേരി, രാമചന്ദ്രൻ, സ്ക്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ശ്രീജിത്ത് രമണൻ, ജില്ലാ പരിസര വിഷയ സമിതി കൺവീനർ ടി വി വിശ്വംഭരൻ, കെ കെ അനീഷ് കുമാർ, അബ്ദുൾ ഗഫൂർ, ടി കെ സത്യൻ, വി ഡി നിയാഷ് എന്നിവർ പങ്കെടുത്തു. വനവൽക്കരണ പ്രവർത്തനത്തിന് ജോൺ മത്തായി സെന്ററിലേയും സ്ക്കൂൾ ഓഫ് ഡ്രാമയിലെയും വിദ്യാർത്ഥികൾ ശ്രമദാനം ചെയ്തു. മാവ്, പ്ലാവ്, പുളി, പേര, കണിക്കൊന്ന, അരയാൽ, അത്തി, മട്ടി, ഞാവൽ, മഹാഗണി, തേക്ക് തുടങ്ങി 52 ഇനങ്ങളിലുള്ള 159 വൃക്ഷത്തൈകളാണ് ഇന്ന് നട്ടത്.
കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫോറസ്ട്രി കോളേജിന്റെ സാങ്കേതിക സഹായവും വിദ്യാർത്ഥികളുടെ സേവനവും വിട്ടു നൽകാൻ തയ്യാറാണെന്ന് ഫോറസ്ട്രി കോളേജ് പ്രൊഫസർ ഡോ. ജമാലുദീൻ പറഞ്ഞു.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മിയോവാകി കാടുണ്ടാക്കാനുള്ള ആവശ്യങ്ങളുയരുന്നുണ്ടെന്നും അതിനാവശ്യമായ സഹായം നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ജില്ലാസെക്രട്ടറി ടി സത്യനാരായണനും പരിസര വിഷയസമിതി ജില്ലാ കൺവീനർ ടി വി വിശ്വംഭരനും പറഞ്ഞു.