മേഖലാ വിജ്ഞനോത്സവം സമാപിച്ചു
ആകാശത്തു വ്യാഴ ഗ്രഹത്തെ കണ്ടു പിടിക്കാൻ എപ്പോൾ എവിടെ നോക്കണം? വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് അത് പ്രവർത്തനത്തിലൂടെ പഠിക്കാനായി. നക്ഷത്രങ്ങളുടെ ഇടയിലൂടെ ചന്ദ്രനും ഗ്രഹങ്ങളും നീങ്ങുന്നതിന്റെ രീതി ശാസ്ത്രവും മൈതാനത്തു അവർ തന്നെ തീർത്ത പ്രവർത്തന മാതൃകയിലൂടെ അവർക്ക് പഠിക്കാനായി. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്രസാഹിത്യ പരിഷത് കൽപ്പറ്റ മേഖല കമ്മിറ്റി എസ് കെ എം ജെ ഹൈസ്‌കൂളിൽ സംഘടിപ്പിച്ച മേഖലാ വിജ്ഞാനോത്സവത്തിലായിരുന്നു കുട്ടികൾക്ക് ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകാൻ കഴിഞ്ഞത്. കലണ്ടറും വാച്ചും ഒന്നും ഇല്ലാത്ത പ്രാചീന കാലഘട്ടത്തിൽ മനുഷ്യർ പ്രായം കണ്ടു പിടിച്ചിരുന്നത് ഗ്രഹങ്ങളെ നിരീക്ഷിച്ചായിരുന്നു. ഭൂമിയിൽ ഒരു കുഞ്ഞു ജനിക്കുമ്പോൾ ഓരോ ഗ്രഹങ്ങളും ഏതേതു രാശിയിൽ ആണുള്ളത് എന്ന് രേഖപ്പെടുത്തി വച്ച ശേഷം പിന്നീട് ഓരോ ഗ്രഹങ്ങളും അതെ സ്ഥാനത്തു തിരിച്ചെത്താൻ എത്ര കാലം വേണമെന്ന് അവർ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തിയിരുന്നു. ജ്യോതി ശാസ്ത്രത്തിന്റെ വളർച്ച അവിടെ നിന്നായിരുന്നു. ഇന്ന് ശാസ്ത്രം എത്തി പിടിച്ച ദൂരങ്ങളും ഉയരങ്ങളും അവിശ്വസനീയമാണ്. പക്ഷെ ഇപ്പോഴും വിശ്വാസങ്ങളെ മുറുകെ പിടിച്ചു പല ഗ്രഹങ്ങളെയും ഭയന്നാണ് മനുഷ്യർ ഭൂമിയിൽ ജീവിക്കുന്നത് എന്ന സത്യം ലജ്ജാകരമാണ്. കുട്ടികളിലെ ബഹുമുഖ ബുദ്ധി മൂല്യ നിർണ്ണയം ചെയ്യുന്ന രീതിയിൽ ആണ് വിജ്ഞാനോത്സവം ചിട്ടപ്പെടുത്തിയിരുന്നത്. നിർമ്മാണം, നിരീക്ഷണം, പരീക്ഷണം, വര, എഴുത്ത്, അഭിനയം തുടങ്ങിയ കഴിവുകൾ മൂല്യ നിർണ്ണയം ചെയ്യപ്പെട്ടു. ഹൈസ്‌കൂൾ ഹെഡ്മാസ്റർ പി അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി സി നൗഷാദ്, വൈസ് പ്രസിഡന്റ് കെ സി ഷാജു കുമാർ, കൗൺസിലർ ടി മണി, എം കെ ദേവസ്യ, യുവസമിതി സെക്രട്ടറി അജ്മൽ ബാസിൽ എന്നിവർ സംസാരിച്ചു. പി വി നിതിൻ, ജോസഫ് ജോൺ, പി ഡി അനീഷ്, കെ ടി ശ്രീവത്സൻ തുടങ്ങിയവർ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.