‘മേരിക്യൂറി’ പ്രയാണമാരംഭിച്ചു
”ജീവിതത്തില്‍ ഭയപ്പെടാനായി ഒന്നുമില്ല, മനസ്സിലാക്കാനേയുള്ളു” എന്ന് പറഞ്ഞ മേരിക്യൂറിയുടെ ജീവിതം ശാസ്ത്രത്തില്‍നിന്ന് വേറിട്ടതല്ല. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന പിയെറും മേരിയും തമ്മിലുള്ള ആത്മബന്ധത്തെ ശക്തമാക്കിയ കണ്ണി ശാസ്ത്രം തന്നെയായിരുന്നു. പൊളോണിയവും റേഡിയവും വേര്‍തിരിച്ചെടുക്കുന്നതിനായി നടത്തിയ ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശരീരത്തിലേറ്റ റേഡിയേഷന്റെ ഫലമായി കാന്‍സര്‍ ബാധിച്ച് മരിക്കുന്നതുവരെയുള്ള അവരുടെ ജീവിതം മുഴുവന്‍ ശാസ്ത്രത്തിനായി സമര്‍പ്പിക്കപ്പെട്ടതാണ്. റേഡിയം കണ്ടെത്തുന്ന കഥ അവരുടെ ജീവിതകഥ തന്നെയാണ്. സ്ത്രീകളെ രണ്ടാംകിട പൗരരായിക്കണ്ടിരുന്ന സാമൂഹികാവസ്ഥയില്‍ മേരിയെപ്പോലൊരു ശാസ്ത്രകാരി ശാസ്ത്രത്തിന്റെ ആയുധമണിഞ്ഞ് നടത്തിയ പോരാട്ടത്തിന്റെ കൂടി കഥയാണിത്; വൈദേശികാധിപത്യത്തിലുണ്ടായിരുന്ന ഒരു രാജ്യത്തിലെ ദരിദ്രബാലിക സ്വന്തം പ്രതിഭയൊന്നുകൊണ്ടുമാത്രം ശാസ്ത്രലോകത്തിന്റെ അനുഗ്രഹമായിത്തീര്‍ന്ന ഉജ്വലമായ കഥ.
ശാസ്ത്രവിരുദ്ധതയും കപടശാസ്ത്രങ്ങളും അരങ്ങടക്കിവാഴുന്ന വര്‍ത്തമാനകാല അവസ്ഥയില്‍ ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ രീതിയും പ്രചരിപ്പിക്കുന്നതിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് മേരി ക്യൂറിയുടെ കഥ ഊര്‍ജം പകരുമെന്ന പ്രതീക്ഷയോടെ ഈ നാടകം കേരള സമൂഹത്തിനുമുമ്പാകെ സമര്‍പ്പിക്കുന്നു.
മേരിക്യൂറിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധപരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മേരിക്യൂറി കാമ്പസ് കലായാത്ര. മേരി ക്യൂറിയുടെ ജീവിതം ചിത്രീകരിക്കുന്ന ഒരു പൂര്‍ണ നാടകമാണ് കലായാത്രയില്‍ അവതരിപ്പിക്കുന്നത്. മേരി ക്യൂറിയുടെ മകള്‍ ഈവ് ക്യൂറി എഴുതിയ ‘മദാം ക്യൂറി’ എന്ന ജീവചരിത്രമാണ് ഈ നാടകത്തിന് ആധാരമായി സ്വീകരിച്ചിട്ടുള്ളത്. ജനുവരി 28 മുതല്‍ ഫെബ്രുവരി 22 വരെ 62 കേന്ദ്രങ്ങളില്‍ “മേരിക്യൂറി” നമ്മളെ കാണാനെത്തും.
രചന : എന്‍.വേണുഗോപാലന്‍
സംവിധാനം : അലിയാര്‍, സജാസ്