യൂണിറ്റ് വാർഷികങ്ങളിൽ വായിച്ച് ചർച്ച ചെയ്യാൻ

0

പ്രിയ സുഹൃത്തുക്കളേ,
കഴിഞ്ഞ നാല് ദശാബ്ദക്കാലമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്ന കേരള ശാസ്തസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളാണ് യുറീക്കയും ശാസ്ത്രകേരളവും ശാസ്ത്രഗതിയും. കുട്ടികളെ അറിവിന്റെയും സർഗാത്മകതയുടെയും വിപുലമായ മേഖലകളിലേക്ക് നയിക്കാൻ യുറീക്ക നിരന്തരമായി ശ്രമിച്ചു പോരുന്നു. ശാസ്ത്രകേരളം വിജ്ഞാനത്തിന്റെ പുത്തൻ മേഖലകളിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുന്നു. ശാസ്ത്രഗതിയാകട്ടെ വ്യത്യസ്ത മേഖലകളിലെ ശാസ്ത്രത്തിന്റെ പ്രയോഗത്തെ ജനപക്ഷത്ത് നിന്നുകൊണ്ട് വിലയിരുത്താൻ ശ്രദ്ധിക്കുന്നു.
ശാസ്ത്ര ബോധമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക വഴി അനീതിക്കും അസമത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെയുള്ള കർമപദ്ധതികൾ ആവിഷ്കരിക്കുകയാണ്; നവലിബറൽ നയങ്ങളെ ചെറുക്കുകയാണ് നമ്മുടെ ആനുകാലികങ്ങൾ ചെയ്യുന്നത്.അറിയാനും സൂക്ഷിച്ചു വെക്കാനും ഉതകുന്ന ചങ്ങാതിമാരാണ് ഈ മൂന്ന് പ്രസിദ്ധീകരണങ്ങളും.കേരളത്തിലെ സ്കൂളുകളിൽ പഠിച്ച് പ്രശസ്തരും പ്രഗൽഭരുമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ കുട്ടിക്കാലത്ത് യുറീക്കയും ശാസ്ത്രകേരളവും അവരിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ആവേശപൂർവം സ്മരിക്കാറുണ്ട്.
അതായത് അപൂർവ്വങ്ങളിൽ അപൂർവ്വമായ പ്രസിദ്ധീകരണങ്ങളാണ് യുറീക്കയും ശാസ്ത്രകേരളവും ശാസ്ത്രഗതിയും. പക്ഷെ ഇത്തരം പ്രസിദ്ധീകരണങ്ങൾ ഇന്നത്തെ കമ്പോള സാഹചര്യങ്ങളിൽ നിലനിൽക്കില്ല.സന്നദ്ധതയുടെയും കഷ്ടപ്പാടുകളുടെയും വലിയ ഇച്ഛാശക്തിയുടെയും ലക്ഷ്യബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും ചെറിയ കൂട്ടായ്മ മാത്രമാണിതിനെ ഇത്രയുംകാലം നിലനിർത്തിയത്. കമ്പോള വാണിജ്യശക്തികളുടെയും തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന മധ്യവർഗ സംസ്കാരത്തിന്റെ വ്യാമോഹങ്ങളുടെയും സമ്മർദ്ദത്തിൽ ഇവ അടിപതറാതെ നിൽക്കുന്നതൊരൽഭുതമാണ്. എന്നാൽ ഇത് സുസ്ഥിരമല്ല.കമ്പോള വാണിജ്യ സംസ്കാരങ്ങളെ ചെറുത്തുകൊണ്ടേ ഇന്ന് ഏതൊരു ശാസ്ത്ര സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനവും പുരോഗമനാത്മകമായി നിലനിൽക്കൂ.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തിൽ വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന ജാതീയതയും തീവ്രമതബോധവും പടർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പുതുതലമുറയിലേക്ക് യുക്തിബോധത്തിന്റെയും ശാസ്ത്ര ചിന്തയുടേയും ജനാധിപത്യബോധത്തിന്റെയും ആശയങ്ങൾ എത്തിക്കുക എത്രമാത്രം പ്രാധാന്യമർഹിക്കുന്ന ഒരു പ്രവർത്തനമാണെന്ന് നിങ്ങളോരോരുത്തരോടും പ്രത്യേകം പറയേണ്ടതില്ലല്ലോ?
കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ പ്രസിദ്ധീകരണങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ പരിഷത്ത് പ്രവർത്തകരായ നാമോരോരുത്തർക്കും നമ്മുടെ യൂണിറ്റുകൾക്കും കഴിയാതെ പോയിട്ടുണ്ട്. അതു കൊണ്ട് തന്നെ അവ നിലനിൽപ്പിനായി പോരാടുന്ന അവസ്ഥയിലാണിന്ന്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സർക്കുലേഷനുമായി മുന്നോട്ട് പോകാൻ പ്രയാസപ്പെടുന്ന ഈ പ്രസിദ്ധീകരണങ്ങളെ സഹായിക്കാനുള്ള ഉളളിൽ തട്ടിയ ഒരു തീരുമാനം ഈ യൂണിറ്റ് വാർഷികത്തിൽ നിന്നുണ്ടാവണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. വരാൻ പോകുന്ന അംഗത്വ പ്രവർത്തിനൊപ്പം വരുമാനമുള്ള മുഴുവൻ അംഗങ്ങളെയും ശാസ്ത്രഗതി വരിക്കാരനാക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. യൂണിറ്റ് സമ്മേളനത്തിൽ അല്പസമയമെടുത്ത് ഇക്കാര്യം ചർച്ച ചെയ്യുമല്ലോ? ഇരുട്ടിന്റെ ശക്തിക്കെതിരായ അടിസ്ഥാന പ്രവർത്തനമാണ് ഇവയുടെ പ്രചരണമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.
മാസിക രശീതുകൾ യൂണിറ്റ് സമ്മേളനത്തിൽ എത്തിക്കണം.
ചുരുങ്ങിയത് 10 മാസികക്കെങ്കിലും വരിക്കാരെ കണ്ടെത്തണം.
വരിസംഖ്യ മേഖലാസമ്മേളനത്തില്‍ ഏല്‍പ്പിക്കണം.
മെമ്പർഷിപ്പ് പ്രവർത്തനം മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. വരുമാനമുള്ള എല്ലാ പുതിയ അംഗങ്ങളും ശാസ്ത്രഗതി വരിക്കാരാവണം.
പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ചുരുങ്ങിയത് 10 മാസികകളുള്ള ടീച്ചർ ഏജൻസി രൂപീകരിക്കണം. ഇതിനുള്ള സ്കൂള്‍ സന്ദര്‍ശനം ഏപ്രിൽ മാസത്തിൽ തന്നെ പൂര്‍ത്തീകരിക്കണം. മാസിക ജൂൺ മാസം മുതല്‍ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *