യൂറീക്ക ബാലവേദികൾ പോസ്റ്റർ പ്രകാശനം
യൂറീക്ക ബാലവേദികളുടെ ഉൽഘാടനത്തിൻ്റെ പ്രചാരണ പോസ്റ്റർ ഓൺലൈനിൽ പ്രകാശിപ്പിച്ചു കൊണ്ട് പ്രശ്സത എഴുത്തുകാരി കെ.ആർ . മീര ഫെയ്സ് ബുക്കിൽ പങ്കുവെച്ച കുറിപ്പ് .
യുറീക്ക എന്നാൽ ഞാനതു കണ്ടെത്തി എന്നാണ് അർത്ഥം. ക്രിസ്തുവിന് രണ്ടു നൂറ്റാണ്ടു മുമ്പു ജീവിച്ചിരുന്ന ആർക്കിമിഡീസ് എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടാണ് ഈ വാക്കു ചരിത്രത്തിൽ സ്ഥാനം പിടിച്ചത്. തന്റെ ഉത്തരവനുസരിച്ചു പണിതു കിട്ടിയ സ്വർണക്കിരീടത്തിൽ താൻ കൊടുത്ത സ്വർണം മുഴുവൻ ഉപയോഗിച്ചിട്ടുണ്ടോ എന്നു കിരീടത്തിനു കേടുവരുത്താതെ കണ്ടെത്താൻ രാജാവ് ആർക്കിമിഡീസിനെ ഏൽപ്പിച്ചെന്നും രാവും പകലും അതെക്കുറിച്ചു തല പുകച്ച ആർക്കിമിഡീസ് കുളിക്കാൻ കുളിത്തൊട്ടിയിൽ കയറിയപ്പോൾ ജലം കവിഞ്ഞൊഴുകുന്നതു ശ്രദ്ധിച്ചെന്നും അദ്ദേഹത്തിന്റെ ബുദ്ധി ഉണർന്ന്, ഒരു വസ്തു വെള്ളത്തിൽ മുങ്ങുമ്പോൾ അതിന്റെ വ്യാപ്തവും കവിഞ്ഞൊഴുകുന്ന ജലത്തിന്റെ വ്യാപ്തവും തുല്യമായിരിക്കുമെന്നു തിരിച്ചറിഞ്ഞെന്നും യുറീക്ക, യുറീക്ക എന്ന് ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞ് കുളിമുറിയിൽനിന്നു നഗ്നനായി എഴുന്നേറ്റ് ഓടിയെന്നുമാണ് ആ കഥ.
ഞാനിതു വായിച്ചതു പണ്ടു യുറീക്ക ശാസ്ത്ര മാസികയിൽനിന്നു തന്നെയാണ്. എന്റെ കുട്ടിക്കാലത്ത് നിർബന്ധമായും വായിച്ചിരിക്കേണ്ട മാസികകളിലൊന്നായിരുന്നു യുറീക്ക. അതിലെ ശാസ്ത്ര ലേഖനങ്ങളും മറ്റു വിജ്ഞാന ശകലങ്ങളും എന്റെ വായനയെയും വിദ്യാഭ്യാസത്തെയും ശാസ്ത്രാവബോധത്തെയും ചില്ലറയല്ല, പരിപോഷിപ്പിച്ചിട്ടുള്ളത്.
ഇന്നു ഞാൻ യുറീക്കയുടെ പുതിയൊരു ചുവടു വയ്പ് അറിയിക്കുന്ന പോസ്റ്റർ പ്രകാശിപ്പിക്കുകയാണ്.
ആയിരം കേന്ദ്രങ്ങളിൽ യുറീക്ക ബാലവേദിയുടെ പ്രവർത്തനം തുടങ്ങുന്നു.
എല്ലാ വിദ്യാർത്ഥികളുടെയും സ്കൂൾ അധികൃതരുടെയും ശ്രദ്ധ ഈ വലിയ ദൌത്യത്തിലേക്കു ക്ഷണിക്കുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിനും യുറീക്ക ബാലവേദികൾക്കും വിജയാശംസകൾ നേരുന്നു.