വരുന്നൂ യുറീക്കോത്സവങ്ങള്‍..!
യുറീക്ക, ശാസ്ത്രകേരളം മാസികകളുടെ പ്രസിദ്ധീകരണത്തിന്റെ അൻപതാം വാർഷികാഘോഷത്തിലെ പ്രധാന ഇനമായി തീരുമാനിച്ചതാണ് യുറീക്കോത്സവങ്ങൾ. ശാസ്ത്രബോധം, മാനവികത, ലിംഗനീതി, ജനാധിപത്യം, മതനിരപേക്ഷത എന്നീ മൂല്യങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമകാലീന സാമൂഹ്യാവസ്ഥയിൽ ബോധപൂർവമായ ശ്രമങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. നമ്മുടെ മാസികകളും ബാലവേദിയുമാണ് ഇതിനായുള്ള പ്രധാന സാധ്യതകളാണ്. മുൻപ് നാം ഇവ ഉപയോഗിച്ചിരുന്ന അളവിൽ ഇപ്പോൾ ഇല്ല എന്നതും പഴയ അളവിന്റെ പതിൻമടങ്ങ് ഉണ്ടെങ്കിലേ എന്തെങ്കിലും സ്ഥായിയായ മാറ്റം ഇപ്പോൾ സാധ്യമാകൂ എന്നതും നമുക്കറിയാം. യുറീക്കയും ശാസ്ത്രകേരളവും ബാലവേദിയും വിജ്ഞാനോത്സവവും മറ്റു വിദ്യാഭ്യാസ പ്രവർത്തനങ്ങളുമെല്ലാം കേരളത്തിലെ പുതിയ പാഠ്യപദ്ധതിയുടെ ഈറ്റില്ലങ്ങളാണ്. 20 വർഷം മുൻപ് നടപ്പിലാക്കിയ പാഠ്യപദ്ധതിയെ ഇപ്പോഴും പുതിയ പാഠ്യപദ്ധതി എന്നുതന്നെ വിളിക്കേണ്ടിവരുന്നത് ഈ മേഖലയുടെ ഗതിനിരോധത്തിന്റെ സൂചനയാണ്; ഇതിൽ രണ്ടിലും നമ്മുടെ പങ്ക് ചെറുതല്ല.
ബാലവേദികളിൽ, നമ്മുടെ ബാലശാസ്ത്രമാസികകളിൽ വലിയ പരിവർത്തനങ്ങളും വ്യാപനവും അനിവാര്യമാണ്. ഉപഭോഗാസക്തിയും മത – സാമുദായിക സങ്കുചിതത്വവും പരിസ്ഥിതി വിരുദ്ധ മനോഭാവവും ആണ് ഔപചാരിക വിദ്യാഭ്യാസം സൃഷ്ടിക്കുന്നതെങ്കിൽ ഇതിനെല്ലാമുള്ള തിരുത്ത് ഒട്ടും വൈകിക്കൂടാ. ബാലവേദികളുടെയും മാസികകളുടെയും ഉള്ളടക്കത്തിലും വ്യാപനത്തിലും ഉള്ള മുന്നേറ്റത്തിനായി യുറീക്കോത്സവങ്ങളേയും ഡിസംബർ 26 നു നടക്കുന്ന വലയ സൂര്യഗ്രഹണത്തേ യും ഉപയോഗിക്കാൻ നമുക്കാകണം. ഡിസംബർ മാസം വലിയ തോതിലുള്ള ബാലവേദി പ്രവർത്തനങ്ങള്‍ക്കായി മാറ്റിവെക്കണം, മുന്നൊരുക്കങ്ങൾ ഇപ്പോഴേ തുടങ്ങണം.
ജില്ല, പഞ്ചായത്ത്, സംസ്ഥാനം എന്നിങ്ങനെ 3 തലങ്ങളിലായാണ് ഇത് നടക്കുക. ജില്ലാതല യുറീക്കോത്സവങ്ങൾ ഡിസംബർ 7, 8 തീയതികളിൽ പൂര്‍ത്തീകരിക്കും വിധമാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഓരോ ജില്ലയിലും അഞ്ചു മുതല്‍ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന അഞ്ഞൂറോളം കുട്ടികള്‍ അതിഥി – ആതിഥേയ രീതിയിൽ സംഘടിപ്പിക്കുന്ന യുറീക്കോത്സവങ്ങളില് ഭാഗമാകും. ബാലവേദി കുട്ടികൾക്കാണ് മുൻഗണന, പഞ്ചായത്തുതലത്തിൽ നിന്ന് വിജ്ഞാനോത്സവത്തിൽ മേഖലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും താല്പര്യമുള്ള മറ്റു കുട്ടികൾക്കും രജിസ്റ്റർ ചെയ്യാനുള്ള അവസരം നൽകണം.
ജില്ലാതലത്തിൽ പങ്കെടുക്കുന്ന കുട്ടികളും അധ്യാപകരും ചേർന്നാണ് പഞ്ചായത്തുതലം നടത്തേണ്ടത്. ബാലവേദിയുടെ രൂപീകരണത്തിനും ശാക്തീകരണത്തിനും ഉള്ള സാധ്യത കൂടി പരിഗണിച്ചു വേണം കുട്ടികളുടെ തിരഞ്ഞെടുപ്പ്. ആകാശം, ജീവൻ, സമൂഹം – സംസ്കാരം, ശാസ്ത്രത്തിന്റെ രീതിയും വികാസവും എന്നീ നാല് വിഷയമേഖലകളിൽ ഉള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് യുറീക്കോത്സവങ്ങളുടെ ഉള്ളടക്കം. എല്ലാ കുട്ടികൾക്കും എല്ലാ വിഷയമേഖലകളിലൂടെയും കടന്നു പോകാൻ സാധിക്കും വിധം ശരാശരി രണ്ടര മണിക്കൂർ സമയം ഓരോ വിഷയത്തിനും ലഭിക്കും. പരമാവധി അധ്യാപകരെ ബാലവേദി, മാസിക, പരിഷത്ത് എന്നിവയുമായി കണ്ണി ചേർക്കാനുള്ള അവസരമായി ഇതുപയോഗിക്കണം. വിജ്ഞാനോത്സവ സംഘാടനത്തിൽ സഹായിച്ച അധ്യാപകരേയും വിഷയ വിദഗ്ധരേയും ഉള്‍പ്പെടുത്തി ഉത്സവാന്തരീക്ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.