വിജ്ഞാനോത്സവം: അധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വിജ്ഞാനോത്സവത്തിനായി അധ്യാപകര്‍ക്കുള്ള പരിശീലനം കണ്ണൂര്‍ പരിഷത് ഭവനില്‍ സംഘടിപ്പിച്ചു. മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയതിന്റെ അന്‍പതാം വര്‍ഷം, ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക് യൂണിയന്റെ നൂറാം വാര്‍ഷികം, സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന് തെളിവ് കണ്ടെത്തിയതിന്റെ നൂറാംവാര്‍ഷികം എന്നീ പ്രത്യേകതകളുള്ള വര്‍ഷമാണ് 2019. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ശാസ്ത്രപ്രചാരണത്തിന്റെ ഭാഗമായിരിക്കും ഈവര്‍ഷത്തെ വിജ്ഞാനോത്സവം. ബഹിരാകാശഗവേഷണം, ബഹിരാകാശ ചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്ത്രത്തിന്റെ വിവിധ മേഖലകള്‍, തുടങ്ങിയ വിഷയങ്ങളായിരിക്കും വിജ്ഞാനോത്സവത്തില്‍ പരിഗണിക്കുക. ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ രൂപംകൊടുക്കുക. ‘ആ വലിയകാല്‍വെപ്പിന്റെ 50 വര്‍ഷം’ എന്നതായിരിക്കും വിജ്ഞാനോത്സവത്തിന്റെ പൊതുതലക്കെട്ട്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നീ വിഭാഗങ്ങള്‍ക്ക് വെവ്വേറെ പ്രവര്‍ത്തനങ്ങളുമായിരിക്കും. പരിശീലനത്തില്‍ കെ.ആര്‍.അശോകന്‍, ഡോ.പി.എം.സിദ്ധാര്‍ഥന്‍, കെ.ടി.ജോര്‍ജ്, എ.പവിത്രന്‍, പി.വി.ദിവാകരന്‍, പി.കെ.സുധാകരന്‍, ഒ.സി.ബേബിലത, അനൂപ് ലാല്‍ എന്നിവര്‍ ക്ലാസ്സെടുത്തു.