വൈവിധ്യമാർന്ന പരിപാടികളുമായി അന്തർ ജില്ലാ ബാലോത്സവം
ചേർത്തല: കാസർകോട് -ആലപ്പുഴ അന്തർ ജില്ലാ ബാലോത്സവം ചേർത്തല കരുവ ഗവ.എൽപി സ്ക്കൂളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ബി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.
വയലാർ സ്മൃതി മണ്ഡപം, വയലാർ സമരസ്മാരകം, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിൽ കുട്ടികൾ പഠനപര്യടനം നടത്തി. സ്ഥലസന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ ചരിത്രം, പരിസ്ഥിതി എന്നിവയെ ആസ്പദമാക്കി കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വിഡിയോ, പവർ പോയിന്റ്, നാടകങ്ങൾ എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. കാസർകോട് ജില്ലയ്ക്ക് പുറമെ ആലപ്പുഴ ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ നിന്നുമെത്തിയ കുട്ടികളെ ചേർത്തല മുനിസിപ്പാലിറ്റി, ചേർത്തല തെക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ കുടുംബങ്ങൾ അതിഥികളായി സ്വീകരിച്ചു. ഡിസംബർ മാസത്തിൽ കാസർകോട്ട് നടത്തിയ ബാലോത്സവത്തിന് തുടർച്ചയായാണ് ഈ മടക്ക ബാലോത്സവം സംഘടിപ്പിച്ചത്.
പി. ബാലചന്ദ്രൻ, എൻ. കെ. പ്രകാശൻ, എസ്. ജതീന്ദ്രൻ, ഡി. ബാബു, ജാഫർ ഷെറീഫ്, എം. ഷാജി, വി. കമലാകരൻ, ബി. ശ്രീകുമാർ, സോമൻ കെ. വട്ടത്തറ, മുരളി കാട്ടൂർ, ബി. ശ്രീലത എന്നിവർ സംസാരിച്ചു.