വൈവിധ്യമാർന്ന ശാസ്ത്രാനുഭവങ്ങളുമായി മേഖലാതല യുറീക്കാസംഗമം
തൃശ്ശൂര്‍ (കൊടുങ്ങല്ലുർ): പങ്കാളികളായ കുട്ടികളെയും അധ്യാപകരേയും രക്ഷിതാക്കളേയും ആവേശത്തിരയിലാഴ്‌ത്തിക്കൊണ്ട് ‘യുറീക്ക ശാസ്ത്രസംഗമം’ നടന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളായ യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ‘യുറീക്ക ശാസ്ത്രസംഗമം’ എന്ന പേരിൽ ഈ വിദ്യാഭ്യാസ കൂട്ടായ്മ നടന്നത്.
ശാസ്ത്രത്തിന്റെ രീതി, അതിന്റെ പ്രയോഗം, പഠനം നടക്കുന്നത് എങ്ങിനെ?, ഉന്നത ശാസ്ത്ര പഠനത്തിന്റെ സാധ്യതകള്‍ – സംവാദം, മോട്ടോര്‍ നിര്‍മ്മാണം, കാലിഡോസ്കോപ്പ്, ഫോള്‍ഡ്സ്‌കോപ്പ് നിര്‍മ്മാണം, ഉപയോഗം എന്നിവയുടെ പ്രായോഗിക പരിശീലനം, ബദൽ ഉൽപ്പന്നങ്ങളുടെ പ്രദർശനം, പാവനാടകം, ജല റോക്കറ്റിന്റെ നിര്‍മ്മാണം, വിക്ഷേപണം എന്നിവയെല്ലാം ശാസ്ത്രസംഗമത്തിന്റെ ഭാഗമായി നടന്നു.
ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ (ബോയ്‌സ് – ശൃംഗപുരം) ഹാളിൽ നടന്ന ശാസ്ത്രസംഗമം കൊടുങ്ങല്ലൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം വി ദിനകരൻ ഉദ്ഘാടങ്ങിൽ പി എ മുഹമ്മദ് റാഫി അധ്യക്ഷനായി. ടി എസ് സജീവൻ, വി മനോജ്, അജിതപടാരിൽ, എ.ബി.മുഹമ്മദ്‌സഗീർ, ടി.ബി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം കവി ഇ.ജിനൻ ഉദ്ഘാടനം ചെയ്‌തു. കൊടുങ്ങല്ലൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എൻ രാമദാസ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ, ജില്ലാ ബാലവേദി കൺവീനർ പ്രിയൻ ആലത്ത് എന്നിവർ ആശംസകൾ നേർന്നു. സുനിത മുരളീധരൻ നന്ദി പറഞ്ഞു.
കൊടുങ്ങല്ലൂർ ഉപജില്ലാ സയൻസ് ക്ലബ്ബ്, ഉപജില്ലാ വിജ്ഞാനോത്സവ സംഘാടക സമിതി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവർ സംയുക്തമായാണ് ഈ ശിൽപ്പശാല സംഘടിപ്പിച്ചത്. കെ എം ബേബി, സി എ നസീർ എന്നിവർ ക്ലാസ് എടുത്തു. പ്രവർത്തനങ്ങൾക്ക് ടി ബി സുരേഷ്ബാബു, എൻ വി ഉണ്ണികൃഷണൻ, എൻ വി വിപിൻനാഥ്, പി പി ജനകൻ, രാജശ്രീ, രാഹുൽ, ഐശ്വര്യ, പി ഡി അരുൺ, പി ആർ മിഥുൻ, കെ എസ് മേധ, എൻ എസ് ജയൻ, എം സി സുരേന്ദ്രൻ, മിനിഅശോകൻ, എ എസ് അനിരുദ്ധൻ, കെ കെ ഉമ്മർ, ടി ആർ രാഹുൽദാസ്, ഐ എസ് ശരത്ത്, വി എ സ് വിസ്മയ, ഏ എസ് ആരോമൽ, രതീഷ രാധാകൃഷ്ണൻ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 148 കുട്ടികളും 31 അദ്ധ്യാപകരും 38 രക്ഷിതാക്കളും, 35 ശാസ്ത്ര/വിദ്യാഭ്യാസ പ്രവർത്തകരും ശിൽപ്പശാലയിൽ പങ്കെടുത്തു.