ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം പ്രകാശനം ചെയ്തു
തൃശ്ശൂർ: ഡോ.ആർ.വി.ജി മേനോൻ രചിച്ച ‘ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം’ എന്ന ബൃഹദ് ഗ്രന്ഥം കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനമായ സീ- മെറ്റിലെ ശാസ്ത്രജ്ഞൻ ഡോ.വി.കുമാർ പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി ഹാളിൽ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ശ്രീകേരളവർമ്മ കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ.കെ.കെ.ഷീനജ പുസ്തകം ഏറ്റുവാങ്ങി. ശാസ്ത്രം സമൂഹത്തിലും സമൂഹം ശാസ്ത്രത്തിലും ഉണ്ടാക്കിയ ചലനങ്ങൾ ഒപ്പിയെടുത്ത ഗ്രന്ഥമാണ് പ്രകാശനം ചെയ്യപ്പെട്ടതെന്ന് ഡോ.വി.കുമാർ പറഞ്ഞു. എൻജിനീയറിങ്ങ് വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം പുനസ്ഥാപിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തത്വശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും സാമൂഹികാവശ്യങ്ങളുമെല്ലാം ശാസ്ത്രത്തോടൊപ്പം വിദ്യാർത്ഥികൾ പഠിക്കണം. ഇവ ഒന്നിച്ചു പോയാൽ മാത്രമെ ശാസ്ത്രം വേണ്ടവിധം പ്രയോജനപ്പെടുകയുള്ളു – അദ്ദേഹം ചൂണ്ടിക്കാട്ടി.
കാർഷിക സർവ്വകലാശാല അസോസിയേറ്റ് ഡീൻ ഡോ.ജോർജ് സി.തോമസ് പുസ്തകം പരിചയപ്പെടുത്തി. ഇന്ന് നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങളുടെ പിന്നിൽ ശാസ്ത്രകുതുകികളായ നിരവധി പേരുടെ അവിശ്രമമായ അധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാടിപ്പുകഴ്‌ത്തപ്പെടുന്നവരുടെ നിരയിൽ അവരിൽ പലരുമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് എം.എ.മണി അധ്യക്ഷത വഹിച്ചു.