സമരമുഖത്തെ കർഷകർക്ക് തൃശ്ശൂരിന്റെ ഐക്യദാർഢ്യം

0
തൃശ്ശൂര്‍ വടക്കേച്ചിറ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം

ദില്ലിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജില്ലയിൽ 16 മേഖലാകേന്ദ്രങ്ങളിൽ ഐക്യദാർഢ്യ ജനസദസ്സ് സംഘടിപ്പിച്ചു. പുതിയ കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ജനസദസ്സിൽ ഉന്നയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
വടക്കേച്ചിറ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷൻ ഓഫീസ് പരിസരത്ത് സമാപിച്ചു. ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ മേഖലാ പ്രസിഡണ്ട് സി വിമല, ശശികുമാർ പള്ളിയിൽ, പി എച്ച് വിനീത, ഈ ഡി ഡേവീസ്, സന്തോഷ് മങ്കുഴി എന്നിവർ സംസാരിച്ചു.

കൊടുങ്ങല്ലൂർ വടക്കേനടയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ്

കൊടുങ്ങല്ലൂർ: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ രാജ്യത്തെ കര്‍ഷകർ നടത്തുന്ന ഐതിഹാസിക സമരത്തിന് കൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റി ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. കർഷക പ്രക്ഷോഭത്തിന് സഹായം നൽകുന്നതിന്റെ ഭാഗമായി ഏഴ് യൂണിറ്റുകളുടെ പേരില്‍ സാമാശ്വാസ സംഭാവന 100 രൂപ വീതവും മേഖലാ കമ്മറ്റിയുടെ വിഹിതം 300 രൂപയും ചേർത്ത് 1000 രൂപ സമരസമിതിക്ക് അയച്ചു കൊടുത്തു.
കൊടുങ്ങല്ലൂർ വടക്കേനടയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് കെ.എസ്.ഇ. ബി. വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) കൊടുങ്ങല്ലൂർ ഡിവിഷണൽ സെക്രട്ടറി ടി കെ സജ്ജയൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി പി ജനകൻ അധ്യക്ഷനായി. എ ബി മുഹമ്മദ് സഗീർ, എൻ വി വിപിൻനാഥ് എന്നിവർ സംസാരിച്ചു. വി മനോജ് സ്വാഗതവും അജിത പാടാറിൽ നന്ദിയും പറഞ്ഞു.

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുത്തൻചിറ മേഖല സംഘടിപ്പിച്ച ജന സദസ്സ്

പുത്തൻചിറ: കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുത്തൻചിറ മേഖല “ജന സദസ്സ്” സംഘടിപ്പിച്ചു. പുത്തൻചിറ മങ്കിടിയിൽ നിന്ന് ആരംഭിച്ച റാലിയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം രമ രാഘവൻ സ്വാഗതം ആശംസിച്ചു. പുത്തൻചിറ ഗ്രാമപഞ്ചായത്ത് അംഗം വി എസ് അരുൺ രാജ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
പ്ലക്കാർഡുകൾ, കൊടികൾ, കർഷക അനുകൂല മുദ്രാവാക്യങ്ങൾ എന്നിവയുമായി പരിഷത്ത് അംഗങ്ങൾ നടത്തിയ മാർച്ചിന് ജില്ലാ ട്രഷറർ ടി എ ഷിഹാബുദ്ദീൻ നേതൃത്വം നൽകി.
മാണിയങ്കാവിൽ നടന്ന ജന സദസ്സിൽ മേഖലാ പ്രസിഡന്റ് എ പി പോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ടി ​എ ഷിഹാബുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. ടി കെ ഉണ്ണികൃഷ്ണൻ, അഷ്ടമിച്ചിറ സഹകരണ ബാങ്ക് പ്രസിഡന്റ് ഡേവീസ് മാസ്റ്റർ, പി എൻ ലക്ഷമണൻ എന്നിവർ കേന്ദ്ര ഗവൺമെന്റ് നടത്തിയ കർഷക ദോഹ നിയമങ്ങളെ തുറന്നു കാട്ടി. കർഷക സമരം ഉടൻ ഒത്തു തീർക്കണമെന്നും ജന സദസ്സ് ആവശ്യപ്പെട്ടു. പ്രസാദ് പര്യാടത്ത് സ്വാഗതവും ശിവദാസ് നന്ദിയും പറഞ്ഞു.

കർഷക സമരത്തിന് ഐക്യദാർഢ്യം – കെ.പി .രവി പ്രകാശ് സംസാരിക്കുന്നു.

മതിലകം: കർഷകരെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ പിൻവലിക്കുക എന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി മതിലകം മേഖലയിൽ രണ്ടിടത്ത് പൊതുയോഗവും പ്രകടനവും സംഘടിപ്പിച്ചു. എസ്.എൻ പുരം യൂണിറ്റിൽ സംഘടിപ്പിച്ച പരിപാടി മേഖലാകമ്മറ്റി അംഗം പി ബി സജീവ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മേഖലാ പ്രസിഡണ്ട് കെ കെ ഹരീഷ് കുമാർ അധ്യക്ഷനായി.
താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എം എസ് മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ജയൻ സ്മാരക വായനശാല സെക്രട്ടറി ഷാബിമോൻ സ്വാഗതവും, യൂണിറ്റ് സെക്രട്ടറി സൂരജ് നന്ദിയും പറഞ്ഞു. പെരിഞ്ഞനം യൂണിറ്റിൽ നടന്ന പൊതുയോഗം നിർവാഹക സമിതി അംഗം കെ പി രവി പ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി കെ കെ കസീമ, ജിസി രഘുനാഥ് എന്നിവർ സംസാരിച്ചു.

മതിലകം മേഖലയിലെ എസ്.എൻ. പുരം യൂണിറ്റും സി.യു. ജയൻ സ്മാരക വായനശാലയും സംയുക്തമായി സംഘടിപ്പിച്ച ഐക്യദാർഢ്യസദസ്സ്

മതിലകം: ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദേശീയ കർഷക ദിനത്തിൽ മതിലകം മേഖലയിലെ എസ്.എൻ. പുരം യൂണിറ്റും സി.യു. ജയൻ സ്മാരക വായനശാലയും സംയുക്തമായി ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.
മതിലകം മേഖലാപ്രസിഡന്റ് കെ കെ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതിനായികേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ള നിയമങ്ങളുടെ ഭീകരതയെ തുറന്നു കാട്ടിക്കൊണ്ട് മുൻ സംസ്ഥാന സെക്രട്ടറി പി രാധാകൃഷ്ണൻ സംസാരിച്ചു. ഇന്ത്യയിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ രൂക്ഷമാക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ സമരങ്ങൾ ഉയർന്നു വരുമ്പോൾ, വർഗീയതയും വിഭാഗീയതയും ഉയർത്തി അതിർത്തിയിൽ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ വഴി തിരിച്ച് വിടുന്ന ഫാസിസ്റ്റ് നയങ്ങളെ ചൂണ്ടിക്കാട്ടി കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എം എസ് മോഹൻദാസും സംസാരിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
എസ്.എൻ. പുരം യൂണിറ്റ് പ്രസിഡണ്ട് മോനിഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി എൻ എസ് സൂരജ് സ്വാഗതവും വായനശാല സെക്രട്ടറി കെ ആർ ഷാബി നന്ദിയും പറഞ്ഞു.
ദേശീയ കർഷക ദിനത്തിൽ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച പൊതുയോഗം മതിലകം മേഖലാപ്രസിഡണ്ട് കെ കെ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ മേഖലയിലെ അഴീക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ ജ്വാല പടർത്തിയപ്പോള്‍

കൊടുങ്ങല്ലൂർ: മേഖലയിലെ അഴീക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ ജ്വാല പടർത്തി. എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വി ബി പ്രവീൺ ഉദ്ഘാടനം ചെയ്തു.
തൃശൂർ ജില്ലാ പഞ്ചായത്ത് അംഗവും പരിഷത്ത് തൃശ്ശൂർ ജില്ലാ പ്രസിഡന്റുമായ കെ എസ് ജയ മുഖ്യപ്രഭാഷണം നടത്തി. എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നജ്മൽ ഷക്കീർ ഐക്യദാർഢ്യ ദീപം കൊളുത്തി. യുണിറ്റ് പ്രസിഡന്റ് സി വി സുമിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
മേഖലാ സെക്രട്ടറി വി.മനോജ് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് നിർവാഹ സമിതി അംഗമായ ഫെമിന സി എൻ സ്വാഗതവും, യൂണിറ്റ് സെക്രട്ടറി തബ്സീർ നന്ദിയും പറഞ്ഞു. കലാകുടുംബമായ ഹീര ജോസഫും ജാൻസി ജോസഫും ചേർന്ന് ചിത്രം വരച്ച് കർഷക സമരത്തിന് ഐക്യം പ്രഖ്യാപിച്ചു. കലാകാരനായ ബിജുമോനും പങ്കെടുത്തു.
കൊടുങ്ങല്ലൂർ മേഖല ജോയിന്‍ സെക്രട്ടറി കെ എസ് സുനിൽകുമാർ സുബീഷ് കെ ജി എന്നിവർ മുദ്രാഗീതം ആലപിച്ചു. എ ബി മുഹമ്മദ് സഗീർ, പി എ മുഹമ്മദ് റാഫി അജിത പടാരിൽ എന്നിവർ പങ്കെടുത്തു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ അന്നം തരുന്ന കർഷകരുടെ പോരാട്ടത്തിനുള്ള ഐക്യദാർഢ്യ സദസ്സിൽ പരിഷത് പ്രവർത്തകരും നാട്ടുകാരുമടക്കം നിരവധി പേർ പങ്കെടുത്തു.

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി തൃശ്ശൂർ കോലഴിയിൽ നടന്ന പ്രതിഷേധജ്വാല

കോലഴി : കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോലഴി യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ജനകീയക്കൂട്ടായ്മ പ്രതിഷേധജ്വാല തെളിയിച്ച് പ്രകടനം നടത്തി.
വിവിധ പ്രദേശങ്ങളിൽ നിന്ന് ചെറിയ ജാഥകളായെത്തി കോലഴി സെന്ററിൽ സംഗമിച്ചു. തീപ്പന്തവും പ്ലക്കാഡുകളും ഉയർത്തി മുദ്രാവാക്യം മുഴക്കി നീങ്ങിയ പ്രകടനത്തിൽ പങ്കെടുത്തവർ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 200 ഓളം പേർ പങ്കെടുത്തു.
കോലഴി പഞ്ചായത്ത് വാർഡംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട പരിഷത്ത് പ്രവർത്തകരായ ലക്ഷ്മി വിശ്വംഭരൻ, സുനിത വിജയഭാരത്, അഭിരാമി സുരേഷ്, കെ ടി ശ്രീജിത്ത്, ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ, മേഖലാ സെക്രട്ടറി എം എൻ ലീലാമ്മ, യൂണിറ്റ് പ്രസിഡണ്ട് കെ കെ കൃഷ്ണൻ, സെക്രട്ടറി രജിത് മോഹൻ, വായനശാല പ്രസിഡണ്ട് കൂടിയായ എ പി ശങ്കരനാരായണൻ, സി ബാലചന്ദ്രൻ, കെ വി ആന്റണി, സഹകരണ സംഘം പ്രസിഡണ്ട് കൂടിയായ എം ടി സെബാസ്റ്റ്യൻ, പി അജിതൻ, ശാന്ത മോഹൻ, മേരി ഹെർബർട്ട്, കവിത പി വേണുഗോപാൽ, ടി മിനി സരോജ, ടി സൂര്യ, ടി നരേന്ദ്രൻ, ടി നിരഞ്ജൻ, കെ കെ അരുൺ, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *