സമൂഹത്തിന് പ്രയോജനകരമായ ഗവേഷണം ഇന്ത്യയിൽ നടക്കുന്നില്ല : ഡോ. പി ജി ശങ്കരൻ

0
യുറീക്ക, ശാസ്ത്രകേരളം എന്നിവയുടെ സുവർണജൂബിലി ആഘോഷം തൃശൂരിൽ ഡോ. പി ജി ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു.

യുറീക്ക ശാസ്ത്രകേരളം സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

തൃശ്ശൂർ: ഇന്ത്യയിലെ സർവ്വകലാശാലകൾ നൽകുന്ന ഗവേഷണ ബിരുദങ്ങളിൽ ഭൂരിഭാഗവും സമൂഹത്തിന് ഒട്ടും പ്രയോജനം ചെയ്യുന്നവയല്ലെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല പ്രോ. വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആനുകാലികങ്ങളായ യുറീക്ക, ശാസ്ത്രകേരളം എന്നിവയുടെ സുവർണജൂബിലി ആഘോഷം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധം, ശാസ്ത്രീയവീക്ഷണം എന്നിവയില്ലാത്ത ഒരു തലമുറ ഇന്ത്യയിൽ വളർന്നുവരുന്നത് ആശങ്കാജനകമാണ്. ജപ്പാനിൽ ഹൈഡ്രജൻ ഉപയോഗിച്ച് കാർ ഓടിക്കാനും സിംഗപ്പൂരിൽ ഡ്രൈവറില്ലാതെ ബസ് ഓടിക്കാനും ശാസ്ത്രസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമ്പോൾ ഇന്ത്യയിൽ ഹനുമാന്റെ ജാതി ഏതെന്ന് അന്വേഷിക്കുകയാണ് ചില ഗവേഷകർ എന്ന് അദ്ദേഹം പരിഹസിച്ചു. വിദ്യാർത്ഥി കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായം ഇപ്പോഴും ഇന്ത്യയിൽ പൂർണതോതിൽ നടപ്പായിട്ടില്ല. വിദ്യാഭ്യാസ രംഗത്ത് പരിഷത്ത് നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പരിഷത്ത് മുൻ പ്രസിഡണ്ടു മാരായ കെ ടി രാധാകൃഷ്ണൻ, പ്രൊഫ. കെ ആർ ജനാർദ്ദനൻ, ബാല ശാസ്ത്രസാഹിത്യകാരൻ പ്രൊഫ. എസ് ശിവദാസ്, പരിഷത്ത് ജനറൽ സെക്രട്ടറി കെ രാധൻ, മാനേജിങ് എഡിറ്റർ എം ദിവാകരൻ, ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ എന്നിവർ സംസാരിച്ചു.
നേരത്തെ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി സമാന്തര സെഷനുകൾ നടന്നു. രക്തഗ്രൂപ്പ് നിർണയ പരിശീലനം, ശാസ്ത്രപരീക്ഷണങ്ങൾ, കഥവരമ്പ്, കൂട്ടപ്പാട്ട് എന്നിവ കുട്ടികൾക്കായി നടന്നു. ശാസ്ത്ര വിദ്യാഭ്യാസവും സമൂഹ നിർമ്മിതിയും എന്ന വിഷയത്തിൽ മുതിർന്നവർക്കായി സെമിനാർ നടന്നു. പ്രൊഫ. കെ പാപ്പൂട്ടി, ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ഡോ. പി. എം. സിദ്ധാർത്ഥൻ, ടി കെ മീരാഭായ്, പ്രിയൻ ആലത്ത്, ടി.എ.ഷിഹാബുദീൻ, രാജൻ നെല്ലായി, മനു ജോസ്, സീമ ശ്രീലയം, ഒ.എം.ശങ്കരൻ, കെ.എസ്. സുധീർ, എം.വി. മധു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *