സാംസ്കാരിക സമരങ്ങൾക്ക് ദിശാബോധം നൽകുന്ന ഡോക്യുമെന്ററികൾ നിർമ്മിക്കണം- ജി പി രാമചന്ദ്രൻ
തിരുവനന്തപുരം: സൂക്ഷ്മമായ സാംസ്കാരിക സമരങ്ങൾക്ക് ദിശാബോധം നൽകുന്ന ഡോക്യുമെന്ററികൾ നിർമ്മിക്കണമെന്നും പരിഷത്തിൽ നിന്നുയർന്നു വരുന്ന ചലച്ചിത്ര പ്രതിഭകൾ ഈ ദൗത്യം ഏറ്റെടുക്കണമെന്നും പ്രശ്തസിനിമാനിരൂപകൻ ജി പി രാമചന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കല സംസ്കാരം ഉപസമിതി പരിഷത്ത് ഭവനിൽ സംഘടിപ്പിച്ച സെമിനാറില്‍ ‘സിനിമയും സാംസ്കാരിക പ്രതിരോധവും’ എന്ന വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. മുതലാളിത്ത ലാഭത്തിന്റ പ്രത്യയശാസ്ത്രം സിനിമയോടൊപ്പം തുടക്കം മുതലുണ്ട്. അത്തരം സിനിമകളെ അവഗണിച്ചു കൊണ്ട് നമുക്ക് സിനിമയെ കുറിച്ച് സംസാരിക്കാനാവില്ല.എന്നാൽ മനുഷ്യചരിത്രത്തെ മാറ്റി മറിച്ച സംഘടിതമായ ഇടപെടലുകൾ, കൂട്ടായ്മകൾ, വിപ്ലവങ്ങൾ തുടങ്ങിയവയൊക്കെ സിനിമയുടെ ചരിത്രത്തിൽ എന്തു പങ്കാണ് വഹിച്ചതെന്നും അന്വേഷിക്കേണ്ടി വരും.
ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിനു ശേഷം സോവിയറ്റ് യൂണിയന്റെ ആവിർഭാവത്തോടെയാണ് ബദലായൊരു സിനിമാ വീക്ഷണം ശക്തമാകുന്നത്. ബദല്‍ സിനിമാ വീക്ഷണത്തെ ശക്തിപ്പെടുത്താന്‍ പരിഷത്തിന് ഏറെ ചെയ്യാന്‍ കഴിയും. നവ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഡോക്യുമെന്ററി ഡെപ്പോസിറ്ററികള്‍ നിര്‍മ്മിക്കാന്‍ പരിഷത്ത് തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൂക്ഷ്മമായ സാംസ്കാരിക സമരങ്ങൾ, തൊഴിലിടങ്ങള്‍, ജാതി, സ്ത്രീപുരുഷ ബന്ധങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഡോക്യുമെന്ററി സിനിമകളെടുക്കണം. നമ്മുടെ സാംസ്കാരിക പ്രതിരോധങ്ങൾക്ക് ദിശാബോധം നൽകാൻ അത്തരം സിനിമകൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലസംസ്കാരം ഉപസമിതി ചെയർമാൻ പി എസ് രാജശേഖരൻ അധ്യക്ഷനായ സെമിനാറിന് കൺവീനർ എ ആർ മുഹമ്മദ് സ്വാഗതം പറഞ്ഞു.